News - 2024

വിമാനം തകർന്നു വീണപ്പോൾ ബൈബിൾ വായിച്ചുകൊണ്ടിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകന്‍ 11-12-2016 - Sunday

സാന്താക്രൂസ്: ദൈവവചനത്തിന്റെ അത്ഭുതശക്തി വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബൊളീവിയയിലെ സാന്താക്രൂസിൽ നിന്നും കൊളംബിയയിലെ മെഡല്ലിനിലേക്കുള്ള യാത്രമദ്ധ്യേ സെറോ ഗോർഡോ പർവതനിരകളിൽ ഉണ്ടായ വിമാനാപകടത്തില്‍ നിന്ന്‍ അത്ഭുതകരമായ രക്ഷപ്പെട്ട ഹീലിയോ നെറ്റോയുടെ ജീവിതാനുഭവമാണ് ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

തികഞ്ഞ ദൈവവിശ്വാസിയായ ഹീലിയോ നെറ്റോ അപകടസമയത്ത് ബൈബിളിലെ "അവിടുന്ന് എന്റെ സഹായമാണ്, അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും. അങ്ങയുടെവലത്തുകൈ എന്നെ താങ്ങിനിര്‍ത്തുന്നു" എന്ന സങ്കീര്‍ത്തന ഭാഗമായിരുന്നു വായിച്ചിരുന്നതെന്നും, ഈ ദൈവവചനത്തിന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് ഇദ്ദേഹം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്നുമുള്ള വാര്‍ത്ത ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

അപകടസ്ഥലത്ത് നിന്നും ഇദ്ദേഹം വായിച്ച് കൊണ്ടിരുന്ന ബൈബിൾ കണ്ടെടുത്തിട്ടുണ്ട്. ഹീലിയോ ആഴമുള്ള ക്രൈസ്തവ വിശ്വാസിയാണെന്നും എവിടെ പോകുമ്പോഴും ബൈബിൾ കൈയിൽ കരുതാറുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ ഇതിനോടകം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഈ ബൈബിൾ കണ്ടെത്തിയത് ജേർണലിസ്റ്റായ റോബർട്ടോ കാബ്രിനിയാണ്. ഈ ബൈബിളിന് മേൽ നെറ്റോയുടെ പേരെഴുതിയിട്ടുണ്ടായിരുന്നുവെന്ന്‍ റോബർട്ടോ കാബ്രിനി വെളിപ്പെടുത്തി.

നെറ്റോ വായിച്ച് കൊണ്ടിരുന്ന ഭാഗം മനസിലാക്കിയപ്പോൾ താൻ അത്ഭുതപ്പെട്ടു പോയെന്നാണ് കാബ്രിനി മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം പരിക്കേറ്റ നെറ്റോ പൂർണ ആരോഗ്യവാനായി തിരിച്ച് വരുമെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രത്യാശിക്കുന്നത്. ബ്രിട്ടീഷ് നിർമ്മിത വിമാനമായ അവ് റോ ആർജെ 85 തകർന്ന് വീണതിനെ തുടർന്ന് വൻ ദുരന്തമാണുണ്ടായത്. ചാപെകോൻസ് ഫുട്‌ബോൾ ടീം കോപ സുഡ്അമേരിക്കാന ഫൈനിൽ കളിക്കാൻ വേണ്ടിയുള്ള യാത്രക്കിടെയാണ് വിമാനം അപകടത്തിൽ പെട്ടത്.