India

ആബേലച്ചനെ അനുസ്മരിച്ച് കത്തോലിക്ക കോൺഗ്രസ്

സ്വന്തം ലേഖകന്‍ 15-12-2016 - Thursday

പാലാ: കലാകേരളത്തിന് അവിസ്മരണീയ സംഭാവനകൾ സമ്മാനിച്ച കലാഭവൻ സ്‌ഥാപകൻ ഫാ. ആബേൽ സിഎംഐയെ അദ്ദേഹത്തിന്റെ ജന്മനാടായ പിറവം മുളക്കുളത്ത് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാനം ചെയ്തു. ആയിരത്തിലധികം ക്രിസ്തീയ ഭക്‌തിഗാനങ്ങളും കത്തോലിക്കാസഭയിലെ ആരാധനാക്രമത്തിലെ ഗാനങ്ങളും രചിച്ച ആബേലച്ചൻ ഒരു തലമുറയെ പ്രാർഥിക്കാൻ പഠിപ്പിച്ച വ്യക്‌തിയായിരുന്നുവെന്ന് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആയിരക്കണക്കിനു കലാകാരന്മാരെ മലയാളികൾക്കു സമ്മാനിച്ച ആബേലച്ചനെയും കലാഭവനെയും സാംസ്കാരിക കേരളത്തിനു വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റ് മേരീസ് പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ വികാരി ഫാ. മാത്യു തടത്തിൽ അധ്യക്ഷത വഹിച്ചു. ആബേലച്ചനെക്കുറിച്ചു പുസ്തകം രചിച്ച കെ.കെ. വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. കലാഭവൻ ഡയറക്ടർ ആന്റോ നെറ്റിക്കാടൻ ആബേലച്ചന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് ഗായകൻ പിറവം വിൽസനു സമ്മാനിച്ചു. ആബേലച്ചന്റെ ഛായാചിത്രം അനൂപ് ജേക്കബ് എംഎൽഎ അനാച്ഛാദനം ചെയ്തു. എകെസിസി പാലാ രൂപത പ്രസിഡന്റ് സാജു അലക്സ്, മേഖലാ പ്രസിഡന്റ് ബേബി ആലുങ്കൽ, ഫാ. ജോബ് വള്ളിപ്പാലം സിഎംഐ, ജയിംസ് കുറ്റിക്കോട്ട്, ജോസ് മാക്കീൽ, ബിനോയി വലിയകട്ടയിൽ എന്നിവർ പ്രസംഗിച്ചു.