News - 2025
അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ കരോള്‍ ഗാനങ്ങളുമായി അവര്‍ ഒത്തുകൂടി: പാപത്തെ തിരിച്ചറിഞ്ഞ ദമ്പതികള്‍ ഗര്‍ഭഛിദ്രം ചെയ്യാതെ മടങ്ങി
സ്വന്തം ലേഖകന്‍ 05-01-2017 - Thursday
കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രം നടത്തപ്പെടുന്ന ക്ലിനിക്കുകളുടെ മുന്നില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ പാടിയ കരോള്‍ ഗാനങ്ങള്‍ നിരവധി ദമ്പതികളെ മാനസാന്തരത്തിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട്. യുഎസിലെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് ഗര്‍ഭഛിദ്രം നടത്തുന്ന വിവിധ ക്ലിനിക്കുകളുടെ മുന്നില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍, കരോള്‍ സംഘങ്ങളായി എത്തി ഗാനങ്ങള്‍ ആലപിച്ചത്. കന്യകാമറിയത്തെയും ഉണ്ണിയേശുവിനേയും കുറിച്ചുള്ള പാട്ടുകള്‍ മാരകമായ പാപം ചെയ്യുവാന്‍ വന്ന നിരവധി ദമ്പതികളുടെ മനസിനെയാണ് മാറ്റി ചിന്തിപ്പിച്ചത്.
പ്രോലൈഫ് ആക്ഷന്‍ ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് ഷിഡ്‌ലറാണ് ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ 'കാത്തലിക് രജിസ്റ്റര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമവുമായി പങ്കുവെച്ചത്. ഫ്‌ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ക്ലിനിക്കുകളുടെ മുന്നില്‍ തങ്ങള്‍ കരോള്‍ ഗാനങ്ങളുമായി എത്തിയതായി എറിക് ഷിഡ്‌ലര്‍ പറഞ്ഞു. മാരകപാപമായ ഗര്‍ഭഛിദ്രം ചെയ്യുവാന്‍ എത്തിയ നിരവധി പേരുടെ മാനസാന്തരത്തിന് കരോള്‍ ഗാനങ്ങള്‍ ഇടയാക്കിയതായും അദ്ദേഹം വിശദീകരിച്ചു.
"ഗാനങ്ങള്‍ കേട്ട് നിരവധി ദമ്പതിമാര്‍ ക്ലിനിക്കുകളുടെ അകത്തു നിന്നും പുറത്തേക്ക് വന്നു. പാട്ടുകള്‍ തങ്ങളുടെ മനസിനെ തൊട്ടതായി, അവര്‍ ഞങ്ങളുടെ അരികില്‍ എത്തിയ ശേഷം പറഞ്ഞു. ഗാനങ്ങളുടെ സ്വാധീനം മൂലം ഗര്‍ഭഛിദ്രം ഉപേക്ഷിക്കുകയാണെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. ചിലര്‍ പൊട്ടികരഞ്ഞുകൊണ്ടാണ് ക്ലിനിക്കുകളില്‍ നിന്നും പോയത്. ആറു പേര്‍ തങ്ങളുടെ തീരുമാനം പറയുവാന്‍ ഞങ്ങളുടെ അരികിലേക്ക് എത്തി". എറിക് ഷിഡ്‌ലര്‍ പറഞ്ഞു.
യുഎസിലെ 28 സംസ്ഥാനങ്ങളിലെ 60-ല്‍ പരം നഗരങ്ങളിലുള്ള ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ കരോള്‍ ഗാനങ്ങളുമായി എത്തി. പ്രോലൈഫ് ആക്ഷന്‍ മിനിസ്ട്രീസിന്റെ ഡയറക്ടര്‍ ആയ മൈക്കിള്‍ ഹെര്‍സോഗാണ് ഒര്‍ളാന്‍ഡോയില്‍ കരോള്‍ ഗാനങ്ങള്‍ പാടുന്നതിന് നേതൃത്വം നല്‍കിയത്. തങ്ങളുടെ കരോള്‍ ഗാനങ്ങള്‍ രണ്ട് ഇരട്ടകുട്ടികളായ ഗര്‍ഭസ്ഥശിശുക്കളെയും രണ്ട് ഗര്‍ഭസ്ഥ ശിശുക്കളെയും ജീവനിലേക്ക് വഴിതെളിയിക്കുന്നതിന് കാരണമായെന്ന് മൈക്കിള്‍ ഹെര്‍സോഗ് പറഞ്ഞു.
"ക്ലിനിക്കുകളുടെ മുന്നില്‍ എത്തിയ ശേഷം ഞങ്ങള്‍ പാട്ടുകള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഗാനങ്ങളും പ്രാര്‍ത്ഥനയും പല ദമ്പതിമാരെയും ജീവന്റെ വഴി തെരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചു. ഇവയെല്ലാം ഞങ്ങള്‍ ചെയ്തതല്ല. ദൈവമാണ് ദമ്പതിമാരുടെ മനസുമായി ആശയവിനിമയം നടത്തി തെറ്റായ തീരുമാനത്തില്‍ നിന്നും അവരെ പിന്‍തിരിപ്പിച്ചത്".മൈക്കിള്‍ ഹെര്‍സോഗ് വിശദീകരിച്ചു.
കഴിഞ്ഞ 13 വര്‍ഷമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ കരോള്‍ ഗാനങ്ങളുമായി എത്താറുണ്ട്. 'ഗര്‍ഭാശയത്തില്‍ സമാധാനം' എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ചിന്താവിഷയം. ക്രിസ്തുമസിനോടനുബന്ധിച്ച് നിരവധി ഗര്‍ഭസ്ഥ ശിശുക്കളെ നാശത്തിന്റെ വക്കില്‍ നിന്നും ജീവനിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് യുഎസിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍.