News - 2024

വാഷിംഗ്‌ടൺ ബസിലിക്കയിൽ അബോര്‍ഷന്‍ അനുകൂല സന്ദേശങ്ങള്‍: രൂക്ഷ വിമർശനവുമായി മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 24-01-2022 - Monday

വാഷിംഗ്‌ടണ്‍ ഡി.സി: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വാഷിംഗ്‌ടണില്‍ നടന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയുടെ തലേന്ന് രാത്രിയില്‍ ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്ക’യുടെ ഭിത്തിയില്‍ ‘കാത്തലിക് ഫോര്‍ ചോയ്സ്’ എന്ന സംഘടന അബോര്‍ഷന്‍ അനുകൂല സന്ദേശം പ്രദര്‍ശിപ്പിച്ചതിനെതിരെ കടുത്ത പ്രതികരണവുമായി വാഷിംഗ്‌ടണ്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി. പള്ളിക്ക് പുറത്ത് നടത്തിയ ഈ അപഹാസ്യമായ പ്രവര്‍ത്തി ചെയ്തവര്‍ തങ്ങള്‍ സഭക്ക് പുറത്താണെന്ന് ഈ കോമാളിത്തരത്തിലൂടെ തെളിയിച്ചുവെന്നു കര്‍ദ്ദിനാള്‍ ഗ്രിഗറി ജനുവരി 21ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. “ആ അപ്പകഷണം സ്വീകരിച്ചയുടനെ അവന്‍ എഴുന്നേറ്റ് പോയി; അപ്പോള്‍ രാത്രിയായിരുന്നു” (യോഹന്നാന്‍ 13:30) എന്ന യൂദാസിനെ ചൂണ്ടിക്കാട്ടിയുള്ള ബൈബിള്‍ വാക്യത്തെ ഉദ്ധരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

ഭ്രൂണഹത്യയുടെ അന്ത്യത്തിന് വേണ്ടിയുള്ള ജാഗരണ പ്രാര്‍ത്ഥന ദേവാലയത്തിനുള്ളില്‍ നടക്കുമ്പോഴാണ് സമീപത്തുള്ള റോഡില്‍ നിന്നും ദേവാലയത്തിന്റെ 329 അടി ഉയരമുള്ള മണിമാളികയുടെ ഭിത്തിയില്‍ ഏതാണ്ട് 90 മിനിറ്റോളം അബോര്‍ഷന്‍ അനുകൂല സന്ദേശം പ്രദര്‍ശിപ്പിച്ചത്. “അബോര്‍ഷനെ അനുകൂലിക്കുന്ന കത്തോലിക്കരെ നിങ്ങള്‍ ഒറ്റക്കല്ല”, “അബോര്‍ഷനു വിധേയമാകുന്ന 4 പേരില്‍ ഒരാള്‍ കത്തോലിക്കയാണ്”, “അബോര്‍ഷനെ അനുകൂലിക്കുന്ന കത്തോലിക്കര്‍” തുടങ്ങിയ സന്ദേശങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ സഭയുടെ യഥാര്‍ത്ഥ ശബ്ദം റാലിയുടെ തലേന്ന്‍ രാത്രിയില്‍ ബസിലിക്കയുടെ ഉള്ളില്‍ കാണുവാന്‍ കഴിഞ്ഞുവെന്ന് ജാഗരണ പ്രാര്‍ത്ഥനയെ ചൂണ്ടിക്കാണിച്ചുക്കൊണ്ട് കര്‍ദ്ദിനാള്‍ പറഞ്ഞു.

നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമായികൊണ്ടിരിക്കുകയാണ്. ‘അതിരുകടന്നതും, പൈശാചികവും’ എന്നാണ് സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത ഇതിനെ വിശേഷിപ്പിച്ചത്. കാത്തലിക് ഫോര്‍ ചോയ്സിന് ഇതിലും കൂടുതല്‍ തരംതാഴുവാന്‍ കഴിയില്ലെന്നു എത്തിക്സ് ആന്‍ഡ്‌ പബ്ലിക് പോളിസി സെന്റര്‍ പ്രസിഡന്റ് റയാന്‍ ടി ആന്റേഴ്സന്റെ ട്വീറ്റില്‍ പറയുന്നു. “കൊല്ലരുത്” എന്ന ദൈവകല്‍പ്പനയെ വെറുക്കുന്നത് കൂടാതെ ദൈവത്തിന്റെ പ്രാര്‍ത്ഥനാലയത്തേയും അവര്‍ വെറുക്കുന്നുവെന്ന് അമേരിക്കന്‍ ലൈഫ് ലീഗ് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ഭ്രൂണഹത്യ നിയമപരമാക്കിയ 1973-ലെ ‘റോയ് വി വേഡ്’ വിധി റദ്ദാക്കപ്പെടുവാനുള്ള സാധ്യത കൂടിയതാണ് പൈശാചികമായ ഈ പ്രവര്‍ത്തിയുടെ കാരണമെന്നു നിരീക്ഷിക്കപ്പെടുന്നു.


Related Articles »