News - 2024

വാഷിംഗ്ടണ്‍ പ്രോലൈഫ് മാര്‍ച്ചില്‍ ജീവന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ച് മലയാളികളും

സ്വന്തം ലേഖകന്‍ 01-02-2017 - Wednesday

വാഷിംഗ്ടണ്‍: ജനുവരി 27 ന് ജീവന്റെ മഹത്വത്തെ ഉയര്‍ത്തി കാണിച്ചു വാഷിംഗ്ടണ്‍ കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന 44ാമത് വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചില്‍ നൂറുകണക്കിനു മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി.

ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും, യുവജനങ്ങളും, അധ്യാപകരും, മരിയന്‍ മദേഴ്‌സും ഉള്‍പ്പെടെ 50 ലധികം പ്രോലൈഫ് വോളന്റിയേഴ്‌സ് മാര്‍ച്ചില്‍ ആവേശപൂര്‍വം പങ്കെടുത്തു.

വിവിധ ദേവാലയങ്ങളില്‍നിന്നും, കാത്തലിക് സ്‌കൂളുകളില്‍നിന്നും, മതബോധന സ്‌കൂളുകളില്‍നിന്നും, വൈദിക സെമിനാരികളില്‍ നിന്നുമായി ധാരാളം ആളുകള്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് ജാഥയില്‍ പങ്കുചേര്‍ന്നു.

ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴിലുള്ള സെന്‍റ് ചാള്‍സ് ബൊറോമിയോ സെമിനാരി, വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, സന്യസ്ഥ ഭവനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിന് വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ജീവന്‍ രക്ഷാമാര്‍ച്ചില്‍ പങ്കെടുത്തു.

ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ അഭിവന്ദ്യ തിമോത്തി ഡോളന്‍, ബിഷപ് വിന്‍സന്റ് മാത്യൂസ് ജൂനിയര്‍, ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ 'മാര്‍ച്ച് ഫോര്‍ ലൈഫിന്' നേതൃത്വം നല്‍കി.

ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സഹായിക്കുകയോ, അതിനുള്ള ഉപദേശം നല്‍കുകയോ ചെയ്യുന്ന വിദേശ നോണ്‍ പ്രോഫിറ്റ് ഏജന്‍സികള്‍ക്ക് നല്‍കിക്കൊണ്ടിക്കുന്ന ഫെഡറല്‍ ധനസഹായത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രമ്പ്-പെന്‍സ് ഭരണകൂടം ജനുവരി 22 ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.


Related Articles »