News - 2025

ഉഗാണ്ടയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ 15 ക്രൈസ്തവ വനിതകളെ മാനഭംഗപ്പെടുത്തി

സ്വന്തം ലേഖകന്‍ 02-02-2017 - Thursday

കംപാല: ഉഗാണ്ടയിലെ കത്തീര എന്ന പ്രദേശത്തു ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് അക്രമാസക്തരായ മുസ്ലീങ്ങള്‍ 15 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. കഴിഞ്ഞ മാസം 15-ാം തീയതി നടന്ന സംഭവം ഇക്കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കത്തീരായിലെ പ്രാദേശിക സഭയില്‍ സുവിശേഷകനായി പ്രവര്‍ത്തിച്ചിരുന്ന റവ: മോസസ് മുട്ടാസായെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്.

50-ല്‍ അധികം പുരുഷന്‍മാരും 30-ല്‍ പരം സ്ത്രീകളും ആരാധനയ്ക്കായി ഒത്തുകൂടിയ സമയത്താണ് അക്രമ സംഭവം നടന്നത്. ആരാധന നടത്തിയ ഹാളിലേക്ക് അക്രമാസക്തരായ ഇസ്ലാം മത വിശ്വാസികള്‍ അതിക്രമിച്ച് കയറുകയും കെട്ടിടത്തിന്റെ വാതില്‍ പുറത്തു നിന്നും താഴിട്ട് പൂട്ടുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പുരുഷന്‍മാരെ ശാരീരികമായി മര്‍ദിച്ച് അവശരാക്കിയ അക്രമികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയായിരിന്നു. ഹാളിനു പുറത്തേക്ക് ഓടി രക്ഷപെടുവാന്‍ ശ്രമിച്ച സ്ത്രീ-പുരുഷന്മാരെ ക്രൂരമായി മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

റവ:മോസസ് മുട്ടാസായെ കൂടാതെ എട്ടു ക്രൈസ്തവരെ കൂടി അക്രമികള്‍ തട്ടിക്കൊണ്ടു പോയി. ഇവരെ സംബന്ധിക്കുന്ന ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അക്രമികള്‍ സുവിശേഷകനെ കൊലപ്പെടുത്തിയിരിക്കാം എന്നാണ് വിശ്വാസികള്‍ പറയുന്നത്.

അക്രമസംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ ദേവാലയത്തിന് അകത്തും പുറത്തുമായി ചിതറികിടക്കുന്ന നിലയിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തില്‍ പരിക്കേറ്റ എല്ലാവരേയും കത്തീരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തട്ടികൊണ്ടു പോയവര്‍ തടവിലാണോ, അതോ അക്രമികള്‍ അവരെ കൊലപ്പെടുത്തിയോ തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തതയാണ് തുടരുന്നതെന്നു മേഖലയുടെ ചുമതല വഹിക്കുന്ന മുതിര്‍ന്ന സുവിശേഷകന്‍ റവ: മൂസ മുകെന്നി പറഞ്ഞു. ഉഗാണ്ട ജനസംഖ്യയുടെ 85 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. 11 ശതമാനം മാത്രമാണ് ഇസ്ലാം മതവിശ്വാസികള്‍. എന്നാല്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മുസ്ലീം വിശ്വാസികള്‍ക്കാണ് ഭൂരിപക്ഷം. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്കു നേരെ അക്രമ സംഭവങ്ങള്‍ പതിവായിരിക്കുകയാണ്.


Related Articles »