News - 2025

ദക്ഷിണ ചൈനയിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ തീം പാര്‍ക്ക്‌ ജൂണ്‍ മാസത്തില്‍ തുറക്കും

സ്വന്തം ലേഖകന്‍ 10-02-2017 - Friday

ചാങ്‌ഷാ: ദക്ഷിണ ചൈനയിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ തീം പാര്‍ക്ക് ജൂണ്‍ മാസം ഉദ്ഘാടനം ചെയ്യുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ചാങ്‌ഷായിലെ സിങ്‌ഷാ ഇക്കോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനമാണ് അടുത്ത് തന്നെ നടക്കുക. 1.5 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള ബൃഹത്തായ പാര്‍ക്കില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാനും ചുറ്റിനടക്കാനും വിവാഹ ഫോട്ടോകള്‍ എടുക്കാനും സൗകര്യമുണ്ട്. 80 മീറ്റര്‍ ഉയരമുള്ള സിങ്‌ഷാ ദേവാലയം പാര്‍ക്കിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

സിങ്‌ഷാ ദേവാലയവും ഹുനാന്‍ ബൈബിള്‍ ഇന്‍സ്‌റ്റിറ്റൂട്ടും 26,666 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയില്‍ പാര്‍ക്കില്‍ വ്യാപിച്ചു കിടക്കുന്നതായി ഹുനാന്‍ സിസിസി പ്രസിഡന്റ്‌ പാസ്റ്റര്‍ ചെന്‍ ഷി പറഞ്ഞു. സിങ്‌ഷാ ദൈവാലയം 2017 ജൂണില്‍ ഉപയോഗിക്കാന്‍ തുടങ്ങും. നോഹയുടെ പേടകത്തെ ഓര്‍മ്മിപ്പിക്കുന്നതു പോലെയാണ്‌ സിങ്‌ഷാ പള്ളിയുടെ പ്രധാന നിര്‍മ്മിതി.

പേടകത്തെ തിരകള്‍ ഉയര്‍ത്തുന്ന പോലെ കാഴ്‌ചക്കാര്‍ക്കു തോന്നും വിധമാണ്‌ ജലധാര ഒരുക്കിയിരിക്കുന്നത്‌. ദേവാലയത്തിന്റെ പ്രകാശ ഗോപുരത്തിന്‌ 80 മീറ്റര്‍ ഉയരമുണ്ട്‌. രാത്രിയില്‍ ചില്ലു കൂടിന്‌ പുറത്ത്‌ കൂടി പ്രകാശം പരത്തുന്നത്‌ അതിമനോഹരമായ കാഴ്‌ചയ്ക്കു വിരുന്നൊരുക്കും. മാത്രമല്ല, പ്രകാശ ഗോപുരത്തിനു മുകളിലേക്കുള്ള ലിഫ്‌റ്റ്‌ യാത്ര ചുറ്റുപ്രദേശങ്ങളുടെ ആകാശകാഴ്‌ചക്കും വഴിയൊരുക്കുന്നു.

അതേ സമയം മാവോ സെതുങിന്റെ ജന്മ പ്രവശ്യയില്‍ ക്രിസ്‌ത്യന്‍ തീം പാര്‍ക്കിന്‌ നിര്‍മ്മാണ അനുമതി നല്‍കിയതിനെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ക്രൈസ്തവ വിശ്വാസം രാജ്യത്തുടനീളം വ്യാപിക്കുന്നതില്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. കമ്മ്യൂണിസ്റ്റ്‌ ചൈന അടുത്ത നൂറ്റാണ്ടില്‍ ക്രിസ്‌ത്യന്‍ ചൈനയാകുമെന്ന മുന്നറിപ്പുകള്‍ ഇതിനകം തന്നെ പാര്‍ട്ടിവൃത്തങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്.


Related Articles »