News - 2024

യേശുവിന്റെ തിരുഹൃദയത്തിനു വീണ്ടും സമര്‍പ്പിക്കുവാന്‍ ഘാന ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 24-02-2017 - Friday

അക്കാറ: ഘാനയെ യേശുവിന്റെ തിരുഹൃദയത്തിനു പുനര്‍പ്രതിഷ്‌ഠ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. അറുപതു വര്‍ഷത്തിനു ശേഷം ഇത്‌ രണ്ടാം തവണയാണ്‌ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കുന്നത്. 1957 മാര്‍ച്ച്‌ മൂന്നിനായിരുന്നു ആദ്യമായി ഈശോയുടെ തിരുഹൃദയപ്രതിഷ്‌ഠ അക്കാറയിലെ ഹോളി സ്‌പിരിറ്റ്‌ കത്തീഡ്രലില്‍ വെച്ചു നടന്നത്‌.

അടുത്തമാസം നാലിനാണ്‌ അക്കാറയില്‍ പുനര്‍പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടക്കുക. ചടങ്ങിനോട് അനുബന്ധിച്ചു സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കും. ഘാനയിലെ അപ്പസ്‌തോലിക്ക്‌ ന്യൂൺഷോ ആര്‍ച്ച്‌ ബിഷപ്പ്‌ ജീന്‍ മാരി സ്‌പെയ്‌ച്ച്‌, ഘാന കാത്തലിക്‌ കോണ്‍ഫറന്‍സ്‌ പ്രസിഡന്റ്‌ ബിഷപ്പ് ഫിലിപ്പ്‌ നാമേഹ്‌ തുടങ്ങിയവരും മറ്റു മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കും.

കത്തോലിക്ക സഭയുടെ ആത്മീയ രംഗത്തെ സംഭാവനകളുടെ സ്മരണ പുതുക്കലായി ചടങ്ങ് മാറപ്പെടും. അതേസമയം ഘാനയുടെ അറുപതാം സ്വാതന്ത്ര്യദിനത്തോടും വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ടു വത്തിക്കാന്റെ പ്രത്യേക പ്രതിനിധിയായി ഗ്യുസെപ്പിയിലെ കര്‍ദ്ദിനാള്‍ ബര്‍ട്ടെല്ലോയെ മാർപാപ്പ നിയോഗിച്ചിട്ടുണ്ട്‌.


Related Articles »