Tuesday Mirror

വിശുദ്ധ കുർബ്ബാന മധ്യേ തിരുവോസ്തിയും വീഞ്ഞും, മാംസവും രക്തവുമായി മാറിയപ്പോൾ...

ജേക്കബ് സാമുവേൽ 01-01-1970 - Thursday

“ഇത് എന്റെ ശരീരമാകുന്നു- ഇത് എന്റെ രക്തമാകുന്നു”- തിരുവത്താഴ വേളയിൽ യേശു ഉച്ചരിച്ച പ്രസിദ്ധമായ ഈ വാക്കുകൾ സുവിശേഷങ്ങളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണല്ലോ?. വളരെ ശക്തിമത്തായ വാക്കുകളണിവ, കാരണം, ആ അവസാന അത്താഴം കഴിഞ്ഞ ശേഷം രണ്ടായിരം വർഷങ്ങൾ കടന്നു പോയിട്ടും, ഇന്നും നമ്മുടെ ഇടയിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാനുള്ള അവസരമാണ്‌ അവ നമുക്ക് പ്രദാനം ചെയ്യുന്നത്. എന്നാൽ, ഈ വാക്കുകൾ നമുക്ക് നൽകുന്ന ബലവും സ്നേഹവും നാം ശരിക്കും ആസ്വദിക്കുന്നുണ്ടോ എന്നു നാം ചിന്തിക്കേണ്ടിടിരിക്കുന്നു.

എ.ഡി 700-കളിൽ ഒരു ഒക്ടോബർ മാസാവസാനത്തിൽ ഒരു ദിവസം, തെക്കൻ ഇറ്റലിയിലെ ലാൻസിയാനോ പട്ടണത്തിൽ സ്ഥിതി ചെയ്തിരുന്ന വി. ലെഗോൻഷിയനും വി. ഡൊമീഷ്യനും പ്രതിഷ്ഠിക്കപ്പെട്ട ഒരു ദേവാലയത്തിൽ, ഒരു ബസീലിയൻ സന്യാസപുരോഹിതൻ വിശുദ്ധകർബാന അർപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുർബ്ബാനവസ്തുക്കൾ വാഴ്ത്തിക്കൊണ്ടിരുന്ന നിമിഷങ്ങളിൽ, ഒരു ശരിയായ സംശയം പുരോഹിതന്റെ മനസ്സിനെ മദിക്കാൻ തുടങ്ങി-അതായത്, തന്റെ മുമ്പിലുള്ള വീഞ്ഞും, പുളിപ്പില്ലാത്ത അപ്പവും യഥാർത്ഥമായും പദാർത്ഥമായും ക്രിസ്തുവിന്റെ ശരീരവും രക്തവും തന്നെയാണോ?

“ഇത് എന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു-എന്നീ അഭിഷേക പ്രാർത്ഥനകൾ ചൊല്ലിക്കഴിഞ്ഞ ശേഷം, താൻ മുന്നിൽ കണ്ട കാഴ്ച പുരോഹിതനെ ഞെട്ടിപ്പിച്ചു- അപ്പം ഒരു യഥാർത്ഥ മാംസക്കഷണമായും, വീഞ്ഞ് യഥാർത്ഥ രക്തമായും മാറി. പേടിച്ച് വിവശനായി, ആശയക്കുഴപ്പത്തിലായ സാധുപുരോഹിതൻ, കണ്ടത് ശരിയാണോ എന്ന് പരിശോധിക്കാൻ സന്നിഹിതരായിരുന്നവരെ അൾത്താരയിലേക്ക് വിളിച്ച് കൂട്ടി. പറയേണ്ടതില്ലല്ലോ, കണ്ടവരെല്ലാം അന്ധാളിച്ചു പോയി; ആനന്ദ കണ്ണീർ പ്രവാഹം തന്നെ ഉണ്ടായി. വാർത്ത പട്ടണത്തിലെല്ലാം പെട്ടന്ന് പടർന്നു; ക്രമേണ ഇറ്റലി മുഴുവനും വ്യാപിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, നോക്കിയപ്പോൾ, കട്ടപിടിച്ചരക്തം, പല നിയതമില്ലാത്ത വ്യത്യസ്ത ആകൃതിയിലും മാതൃകയിലുമുള്ള അഞ്ച് തുള്ളികളായി പിളർന്നിരിക്കുന്നതായി കാണപ്പെട്ടു. എന്ത് കൊണ്ടാണ്‌ ഇത് അഞ്ച് കഷണങ്ങളായി പിളർന്നത്? എന്താണ്‌ ഈ അഞ്ചിന്റെ അർത്ഥം?. കണ്ടവർ കണ്ടവർ ആലോചിക്കാൻ തുടങ്ങി. കുരിശിൽ ക്രിസ്തു ഏറ്റ അഞ്ച് മുറിവുകളെയാണ്‌ അഞ്ച് സൂചിപ്പിക്കുന്നതെന്നതാണ്‌ ശ്രദ്ധേയമായ അർത്ഥം! ഒരോ കൈകളിലും അടിക്കപ്പെട്ട ആണികളുടെ മുറിവുകൾ, ഓരോ കാലുകളിലേയും മുറിവുകൾ, അവസാനമായി, വിലാപ്പുറത്ത് ശതാധിപൻ കുന്തം കൊണ്ട് കുത്തിയ മുറിവ്!

‘ലാൻസിയാനോ അത്ഭുതം’ എന്നറിയപ്പെടുന്ന ഈ സംഭവം ഒരു “കുർബ്ബാന അത്ഭുതം”-എന്ന ഗണത്തിലാണ്‌ റോമൻ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. കുർബ്ബാന ഓസ്തി മാംസമായും വീഞ്ഞ് രക്തമായും തീർന്ന സക്രാരി ഇന്നും അവിടെ പോയി കാണാവുന്നതും വണങ്ങാവുന്നതുമാണ്‌, കാരണം, അത് അതേ പള്ളിയിലെ അരളികയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്.

കാലങ്ങളോളം, ധാരാളം പരിശോധനകൾക്കും ഗവേഷണങ്ങൾക്കും ഈ രണ്ട് വിശുദ്ധ ജൈവപദാർത്ഥങ്ങളും വിധേയമായിട്ടുണ്ട്. ഇന്നും നിലവിലുള്ള ഏറ്റവും പുരാതനമായ പരിശോധനാരേഖ 1574-ൽ നടത്തിയതിന്റേതാണ്‌.

ഈ രേഖയിൽ കണ്ടെത്തിയതും, റിപ്പോർട്ട് ചെയ്തിട്ടുള്ളതും വിശദീകരണത്തിനും അതീതമായ ഒരു പ്രതിഭാസത്തെപ്പറ്റിയാണ്‌- കട്ടപിടിച്ച രക്തത്തിന്റെ അഞ്ച് ഭാഗങ്ങളും വ്യത്യസ്ത അളവിലും ആകൃതിയിലുമുള്ളതാണ്‌. ആകെയുള്ള അഞ്ചിൽ, ഒന്നിന്റെ തൂക്കം, കൂടെ ചേർത്ത് തൂക്കുന്നതിന്‌ തുല്ല്യമായിരിക്കും-അതായത്, ഒരെണ്ണത്തിന്റെ തൂക്കം, രണ്ടണ്ണത്തിന്റെ തൂക്കം തന്നെയായിരിക്കും, രണ്ടണ്ണത്തിന്റെ തൂക്കം മൂന്നണ്ണത്തിന്റെ തൂക്കം തന്നെ, മൂന്നെണ്ണത്തിന്റെ തൂക്കം അഞ്ചണ്ണത്തിന്റെ തൂക്കം തന്നെ-

ഏറ്റവും അടുത്ത കാലത്തായും ഏറ്റവും ബോദ്ധ്യപ്പെടുത്തുന്നതുമായ പരീക്ഷണം നടത്തിയത് ശാസ്ത്ര സമൂഹമാണ്‌- അത് നടത്തിയത് 1970-ലും 1971-ലുമാണ്‌.

പതിനഞ്ച് മാസക്കാലത്തെ പഠനമാണ്‌ ഈ സംഘം നടത്തിരുയത്. ഇതിൽ, മൊത്തം 500 വിവിധ പരിശോഡനകളാണ്‌ ഉൾപ്പെടുത്തിയിന്നത്. ഇതിന്റെ ഫലം പ്രസിദ്ധീകരിക്കുന്നത് 1971-ലാണ്‌.

ഗവേഷണ ഫലം ചുരുക്കത്തിൽ

1) മനുഷ്യമാംസം കേടുകൂടാതെ സൂക്ഷിക്കുവാനായി സാധാരണ ഉപയോഗിക്കുന്ന മറ്റു ചേരുവകളൊന്നും പരിശോധനാ വസ്തുവിൽ ഉപയോഗിച്ചിട്ടില്ല.

2) മാംസം യഥാർത്ഥ മാംസവും രക്തം യഥാർത്ഥ രക്തവുമാണ്‌.

3) മാംസവും രക്തവും മനുഷ്യ ജീവിയുടേതാണ്‌

4) മാംസത്തിൽ മനുഷ്യ ഹൃദയത്തിന്റെ പേശീകലകൾ അടങ്ങിയിരുന്നു.

5) മദ്ധ്യകിഴക്കൻ പ്രദേശങ്ങളിൽ ജനിച്ച് ജീവിച്ച ഒരു പുരുഷനിൽ പൊതുവായി ഉള്ള “AB Positive” Type ആയിരുന്നു ഈ രക്തം.

6) കട്ടരക്തം അഞ്ച് വിഭിന്ന ആകൃതിയിലും അളവിലുമായിരുന്നെങ്കിലും, ഒരോ തുള്ളിയുടേയും തൂക്കം ഒന്ന് തന്നെയായിരുന്നു.

7) സാധാരണ പുതുരക്തത്തിൽ കണ്ടുവരുന്ന അതേ അനുപാതത്തിലുള്ള (ശതമാനക്കണക്കിൽ) രക്തരസ-മാംസ്യ നിർമ്മാണക്രമത്തിലെ മാംസ്യത്തിന്റെ അളവ്‌ തന്നെയാണ്‌ ഈ രക്തത്തിലും കണ്ടെത്തിയത്.

8) ക്ലോറൈഡുകൾ, ഫോസ്ഫറസ്, മഗ്നീഷ്യം , പൊട്ടാസ്യം , സോഡിയം, കാൽസ്യം എന്നീ ലവണങ്ങളുടെ സാന്നിദ്ധ്യം രക്തത്തിൽ ഉണ്ടായിരുന്നു.

9) മാംസവും രക്തവും അവകളുടെ സ്വാഭാവിക അവസ്ഥയിൽ തന്നെ പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് മേൽ നിലനിൽക്കാനും, അന്തരീക്ഷ-ജൈവ-പ്രതിപ്രവർത്തനങ്ങളാൽ നശിക്കപ്പെടാതെ അവശേഷിക്കുന്നതും അസാമാന്യമായ ഒരു പ്രതിഭാസമാണ്‌.

ആ പരിശോധനാവിവരണത്തിൽ പ്രസ്താവിച്ചിരിക്കുന്ന ഒരു പരമാർത്ഥം ഊന്നി പറയുവാൻ ആഗ്രഹിക്കുന്നു. മനുഷ്യരക്തം ശീതീകരിക്കാതെ സൂക്ഷിച്ചാൽ, അതിലെ സ്വാഭാവിക ഭൗതിക-രാസഘടകങ്ങൾ വിഘടിച്ച് ശീഘ്രം അഴുകിപ്പോകും. എന്നാൽ, ഈ ‘ലാൻസിയാനോ അത്ഭുത’ത്തിലെ രക്തത്തിന്‌ 1250-വർഷങ്ങളിലേറെ പഴക്കമുണ്ട്; എന്നിട്ടും അതിൽ ഇപ്പോൾ ചൊരിഞ്ഞ രക്തത്തിലുള്ളത് പോലെ പോഷകരസവും, രാസവസ്തുക്കളും, ഭൗതികഘടകങ്ങളും അടങ്ങിയിട്ടുള്ളതായി ഇപ്പോഴും ഇരിക്കുന്നു. എന്നിട്ടും പരിശോധനയിൽ, കേടുകൂടാതെ ഇരിക്കുന്ന ഒരു പദാർത്ഥവും അതിൽ ചേർത്തിരിക്കുന്നതായി കാണാൻ സാധിച്ചില്ല.

‘ലാൻസിയാനോ അത്ഭുതം’ പോലെ ധാരാളം ‘കുർബ്ബാനാത്ഭുതങ്ങൾ’ റോമൻ കത്തോലിക്കാ സഭ രേഖകളിലാക്കുകയും ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് നടന്ന മറ്റൊരു ദിവ്യകാരുണ്യ അത്ഭുതം വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ‘ലാൻസിയനോ അത്ഭുത’മായി ഇതിനുള്ള സാമ്യം അമ്പരപ്പിക്കുന്നതും അതോടൊപ്പം പ്രചോദിപ്പിക്കുന്നതുമാണ്‌.

1996 ആഗസ്റ്റ് 15-ന്, അർജന്റീനായിലെ ബ്യൂണോസ് അയേർസിലെ സാന്റാ മറിയ പള്ളിയിൽ ഒരു വയോധികനായ ശുശ്രൂഷകൻ കുർബാന സമയത്ത് വിശുദ്ധ കുർബ്ബാന വിതരണം ചെതുകൊണ്ടിരിക്കുകയായിരുന്നു. അബദ്ധത്തിൽ ഒരു ഓസ്തി അദ്ദേഹത്തിന്റെ കയ്യിൽ നിന്നും താഴെവീണു. എന്ത് ചെയ്യണമെന്നറിയാതെ, അദ്ദേഹം അടുത്ത്നിന്നിരുന്ന പുരോഹിതന്റെ സഹായം ചോദിച്ചു. പുരോഹിതൻ ഭയഭക്തിയോടെ ആ തിരുഓസ്തിയെടുത്ത്, ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ബലിപീഠത്തിന്‌ അരികെ വച്ചിട്ടുള്ള വെള്ളം നിറച്ച ഒരു ചെറിയ പാത്രത്തിൽ അത് നിക്ഷേപിച്ചു. കുറേ സമയം കഴിയുമ്പോൾ, ഓസ്തി വെള്ളത്തിൽ ലയിച്ച് ഇല്ലാതാകുമ്പോൾ, അത് എടുത്ത് വേണ്ട വിധം കളയാമല്ലോ എന്നാണ്‌ അദ്ദേഹം കരുതിയത്. ഇപ്പോഴേക്കും ഓസ്തി അലിഞ്ഞു കഴിയുമെന്ന് കരുതി, ആറ്‌ ദിവസത്തിന്‌ ശേഷമാണ്‌ പാത്രം പരിശോധിച്ചത്. അപ്പോൾ കണ്ട് കാഴ്ച അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി-ഓസ്തിയുടെ വലുപ്പം വർദ്ധിച്ചിരിക്കുന്നു; ചുവന്ന് പാടുകൾ കൊണ്ടോ, ചുവന്ന കറകൾ കൊണ്ടോ അത് പൊതിയപ്പെട്ടിരിക്കുന്നു. ക്രമേണ താനേ അലിഞ്ഞു കൊള്ളും എന്ന് വിചാരിച്ച്, അദ്ദേഹം അത് അവിടത്തന്നെ സൂക്ഷിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഓസ്തിയുടെ നിറം മാറി കട്ടിയായ രക്തം പൊലെയായി, അവസാനം, ഒരു കഷണം മാംസം പോലെ ആയിത്തീർന്നു.

ഉടൻ തന്നെ, ഈ മാസകോശത്തിന്റെ ഒരംശം ബ്യൂണോസ് അയേർസിലുള്ള ഒരു പരിശോധനാശാലയിലേക്കയച്ചു. ചുവന്നതും വെളുത്തതുമായ മനുഷ്യരക്ത കോശങ്ങളും മനുഷ്യഹൃദയത്തിന്റെ പേശികളുമാണ്‌ പരിശോധനയിൽ തിരിച്ചറിഞ്ഞത്. കോശാംശങ്ങൾക്ക് ജീവനുള്ളതായി കാണപ്പെട്ടു, കാരണം , അവ ചലിക്കുകയും ഒരു ജീവനുള്ള മനുഷ്യഹൃദയം പോലെ തുടിക്കുകയും ചെയ്യുന്നതായിട്ടാണ്‌ തുടർന്നുള്ള പരിശോധനയിൽ കണ്ടെത്തിയത്.

മൂന്ന് വർഷങ്ങൾക്ക് ശേഷം, 1999-ൽ, ഇനിയും കുറേകൂടി അധിക പരിശോധനകൾ നടത്താൻ ഡോ.റിക്കാർഡോ കാസ്റ്റനൽ ഗോമസിനെ ചുമതലപ്പെടുത്തി. ന്യൂയോർക്ക് സിറ്റിയിലുള്ള ഒരു ലാബിലേക്ക് ഡോ. ഗോമസ് സാമ്പിൾ അയച്ചു കൊടുത്തു. ന്യായവും മുൻവിധിയില്ലാത്തതുമായ ഫലം ലഭിക്കാനായി, സാമ്പിൾ എന്തിന്റേതാണെന്നോ, എവിടെനിന്നും കിട്ടിയതാണെന്നോ, ലാബിലെ ശാസ്ത്രജ്ഞരെ അറിയിച്ചിരുന്നില്ല. ഫലം വന്നത്- “ലഭിച്ച സാമ്പിൾ ഒരു മനുഷ്യഹൃദയത്തിന്റെ ജീവൻ തുടിക്കുന്ന മാംസപേശി”-എന്നായിരുന്നു.

അഞ്ച് വർഷങ്ങൾക്ക് ശേഷം, 2004-ൽ, ഒരു സാമ്പിൾ കൂടി എടുത്ത് പരിശോധിക്കാൻ, ഡോ ഗോമസ്, ഒരു രോഗ നിർണയവിദഗ്ദനും നിയമവൈദ്യ ശാസ്ത്രജ്ഞനുമായ ഡോ. ഫെഡറിക് സജീബിയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തോടും, സാമ്പിൾ എന്തിന്റേതാണെന്നോ, എവിടെ നിന്നുള്ളതാണെന്നോ പറഞ്ഞില്ല. മനുഷ്യഹൃദയത്തിന്റെ ജീവനുള്ള പേശിയുടെ അംശമാണ്‌ സാമ്പിൾ എന്നാണ്‌ ഡോ. സജീബിയും അറിയിച്ചത്. ഒരു പടി കൂടിക്കിടന്ന്, ഏതോ ഒരു വ്യക്തിയുടെ അതികഠിനമായി മുറിവേൽക്കപ്പെടുകയോ, മർദ്ദിക്കപ്പെടുകയോ ചെയ്യപ്പെട്ട ഒരു ഹൃദയത്തിന്റെ പേശികളുടെ സാമ്പിളാണതെന്ന് ഡോക്ടർ അഭിപ്രായപ്പെടുകയും ചെയ്തു.

ഡോക്ടർ പ്രസ്തുത റിപ്പോർട്ട് പുറത്ത് വിട്ടതിന്‌ ശേഷമാണ്‌ പരിശോധിച്ച സാമ്പിൾ 1996-ൽ ശേഖരിച്ചതാണെന്ന് ദ്ദേഹത്തെ അറിയിച്ചത്. അപ്പോൾ, ഡോ. ഗോമസ് ഇപ്രകാരമാണ്‌ മറുപടിയായി ചോദിച്ചത്: “അങ്ങനെയെങ്കിൽ, ഒരു കാര്യം നിങ്ങൾ വിശദീകരിക്കണം. മരണമടഞ്ഞ ഒരാളിന്റെ ശരീരഭാഗമാണ്‌ എനിക്ക് തന്നതെങ്കിൽ, ആ കോശങ്ങൾ ചലിക്കുന്നതായും തുടിക്കുന്നതായും ഞാൻ കണ്ടെത്തിയത് എങ്ങനെ? 1996-ൽ മരിച്ച ഒരാളിന്റെ ഹൃദയമാണെങ്കിൽ, അതെങ്ങനെ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു? കഥ മുഴുവനും പറഞ്ഞ് കേൾപ്പിച്ചപ്പോൾ, സംശയലേശമില്ല, ഡോക്ടർ സ്തംഭിച്ചു പോയി.

അടുത്തതായി, ഡോ. ഗോമസ്, ലാൻസിയാനോയിലേയും ബ്യൂണോസ് അയേർസിലേയും രക്തസാമ്പിളുകളുടെ താരതമ്യ പഠനത്തിനായി ഏർപ്പാട് ചെയ്തു. രണ്ട് സാമ്പിളുകളും ഏടുത്തിട്ടുള്ളത് ഒരേ വ്യക്തിയിൽ നിന്നാണെന്ന നിഗമനത്തിലാണ്‌ താരതമ്യപരിശോധന ചെയ്ത വിദഗ്ദർ എത്തിച്ചേർന്നത്. രണ്ട് സാമ്പിളുകളും ‘AB' Positive Blood Type-ൽ പെട്ടതായിരുന്നു; രണ്ടിന്റേയും DNA Reports-വും ഒന്നു തന്നെയായിരുന്നു. ആയതിനാൽ രണ്ടു സാമ്പിളുകളും ഒരേ ആളിൽ നിന്നും എടുത്തിട്ടുള്ളതാണെന്ന് സ്ഥിതീകരിക്കപ്പെട്ടു.

പ്രധാനപ്പെട്ട ഒരു വസ്തുത- ലാൻസിയാനോയിലേയും ബ്യൂണോസ് അയേർസിലേയും രക്തസാമ്പിളുകളുടെ ശാസ്ത്രീയ കണ്ടെത്തലുകൾ, The shroud of Turin-ലേയും The sundarium of Oviedo-യിലേയും ശാസ്ത്ര സംഘത്തിന്റെ സാമ്പിൾ വിശകലനവുമായി താരതമ്യം ചെയ്തപ്പോൾ, രണ്ടും നൂറുശതമാനവും ഒരേ പോലെയായിരുന്നു. എല്ലാം തന്നെ "AB" Positive Blood Type-വും ആയിരുന്നു. എല്ലാം, മദ്ധ്യകിഴക്കൻ പ്രദേശത്ത് ജനിച്ച് വളർന്ന ഒരാളിന്റെ ഭൗതിക സ്വഭാവങ്ങൾക് ഒത്ത് ചേരുന്ന ലക്ഷണമൊത്തവയായിരുന്നു.

'വിശുദ്ധ കുർബ്ബാന മധ്യേ മനുഷ്യനിർമ്മിതമായ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നു' എന്ന ക്രിസ്തീയ വിശ്വാസം ഒരു അവിശ്വാസിക്ക് തെളിയിച്ചു കാണിക്കാൻ നമുക്ക് ഒരിക്കിലും സാദ്ധ്യമല്ല. ക്രിസ്തീയ വിശ്വാസം അന്ധവിശ്വാസം മാത്രമല്ല പ്രാകൃതവുമാണെന്നുള്ള ദേവാരാധകരുടെ ആരോപണങ്ങളോട് നാലാം നൂറ്റാണ്ടിൽ ശക്തമായി പ്രതികരിച്ചിട്ടുള്ള വിശ്വാസ ശ്രേഷ്ഠനായിരുന്നു വിശുദ്ധ അഗ്സ്റ്റിൻ. ഈ ക്രിസ്തീയ വിശ്വാസം വിശദീകരിക്കുവാനും പ്രശോഭിപ്പിക്കുവാനും ശാസ്ത്രത്തിന്‌ കഴിയും, കഴിയണം എന്നാണ്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

അൾത്താരയിൽ നാം ദർശിക്കുന്ന കുർബ്ബാനയുടെ കൗദാശിക സാന്നിദ്ധ്യം, കേവലം ഒരു കഷണം പുളിക്കാത്ത അപ്പത്തിനും ഒരു കപ്പ് വീഞ്ഞിനും എത്രയോ അപ്പുറത്താണെന്ന സത്യം നമ്മെ ഓർമ്മപ്പെടുത്തുന്നതായിരിക്കണം മേൽവിവരിച്ച ഉദാഹരണങ്ങൾ! ഇത്, വാസ്തവത്തിൽ, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവിന്റെ “ശരീരവും, രക്തവും, ആത്മാവും, ദിവ്യത്വവും” ആകുന്നു. പരമ പ്രധാനമായി, മുകളിൽ ഉദ്ധരിച്ച ഉദാഹരണങ്ങൾ ഒരിക്കൽ, ഒരിടത്ത് മാത്രം, ഒറ്റപ്പെട്ടതായി സംഭവിക്കുന്ന അപൂർവ്വ അത്ഭുതങ്ങളല്ലന്ന് നമുക്ക് ഓർമ്മിക്കാം. ഈ അത്ഭുതം ഓരോ ദിവസവും , ഓരോ വിശുദ്ധ കുർബ്ബാനയിലും ലോകവ്യാപകമായി സംഭവിച്ചുകോണ്ടിരിക്കുന്നു. ഇത് പൂർണ്ണമായും ഗ്രഹിച്ചു കൊണ്ട് വിശുദ്ധ കുർബ്ബാനയോട് അതർഹിക്കുന്ന ആദരവോടെ എന്നന്നേക്കും നമുക്ക് പെരുമാറാം!


Related Articles »