News - 2025
മെല്‍ബണിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന് അനുമതി
സ്വന്തം ലേഖകന്‍ 03-03-2017 - Friday
മെല്‍ബണ്‍: മെല്‍ബണില്‍ ആദ്യമായി സീറോ മലബാര്‍ ദേവാലയം പണിയുവാന്‍ അനുമതി ലഭിച്ചു. ഡാൻഡിനോംഗ് ഫ്രാങ്ക്സ്റ്റൺ റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഏഴ് ഏക്കറിലാണ് ഇടവക ദേവാലയം പണിയുക. 2015-ല്‍ മെൽബൺ രൂപതയുടെ സൗത്ത് ഈസ്റ്റിൽ വിശ്വാസികളുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് ഇവിടെ സ്ഥലം മേടിച്ചത്.
ഈ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന സ്ഥലത്താണ് പുതിയ ദേവാലയം ഉയരുക. ദേവാലയം പണിയുവാന്‍ അനുമതി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് വിശ്വാസികളുടെ വിജയമാണെന്നും സീറോ- മലബാർ സഭാ മെൽബൺ ബിഷപ്പ് മാർ ബോസ്ക്കോ പുത്തൂർ പറഞ്ഞു.
സൗത്ത് ഈസ്റ്റിലെ എഴുന്നൂറോളം കുടുംബങ്ങളുടെ ദീർഘനാളത്തെ പ്രാർത്ഥനക്കാണ് ഫലപ്രാപ്തി ഉണ്ടായിരിക്കുന്നത്. അതേ സമയം പള്ളി സമുച്ചയം യഥാർത്ഥ്യമാകണമെങ്കിൽ കൗൺസിൽ അനുശാസിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഉപറോഡുകളുടെ നിർമ്മാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർത്തിയാകേണ്ടതുണ്ട്. അതിനുള്ള നടപടികൾ തുടങ്ങിയതായി കമ്മറ്റി അറിയിച്ചു.