Wednesday Mirror - 2025
വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...!
തങ്കച്ചന്‍ തുണ്ടിയില്‍ 29-12-2024 - Sunday
"വിശ്വാസത്തിന്‍റെ ഈ രഹസ്യത്തില്‍ വിശ്വാസികള്‍ ഭാഗഭാക്കുകളാകുമ്പോള്‍ അപരിചിതരെപ്പോലെയോ നിശബ്ദ പ്രേക്ഷകരെപ്പോലെയോ ആകരുതെന്നാണ് തിരുസഭാ മാതാവിന്‍റെ അഭിലാഷം. മറിച്ച് തിരുക്കര്‍മ്മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥം ഗ്രഹിച്ച് തങ്ങള്‍ ചെയ്യുന്നതെന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടി വേണം ഇതില്‍ പങ്കെടുക്കാന്‍. അവര്‍ ദൈവവചനത്താല്‍ പ്രബോധിതരും വി.കുര്‍ബ്ബാന വഴി നവോന്മേഷവാന്മാരും ആകണം. പുരോഹിതന്മാര്‍ വഴി എന്നു മാത്രമല്ല. അദ്ദേഹത്തോടു കൂടി വി. ബലിവസ്തു അര്‍പ്പിക്കുന്നതോടൊപ്പം സ്വയം സമര്‍പ്പിക്കാനും അവര്‍ പഠിച്ചിരിക്കേണ്ടതാണ്." (ആരാധനാക്രമം 48).
വി.കുര്‍ബ്ബാന പലര്‍ക്കും അനുഭവമായി മാറാത്തതിന്‍റെ ചില കാരണങ്ങളാണ് മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. നമ്മില്‍ പലരും അപരിചിതരെപ്പോലെയോ അല്ലെങ്കില്‍ നിശബ്ദരായ പ്രേക്ഷകരെപ്പോലെയോ ആകുമ്പോള്‍ നമുക്ക് ബലിയര്‍പ്പണം അനുഭവമാകാതെ പോകുന്നു. ഇനി ബലിയര്‍പ്പണത്തില്‍ നിശബ്ദരായി നില്‍ക്കാതെ പ്രാര്‍ത്ഥനകള്‍ ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടിയല്ലാതെ യാന്ത്രികമായി ഉച്ചത്തില്‍ ചൊല്ലുന്നവരും ഉണ്ട്. ഒരു സംഭവത്തിലൂടെ അത് വ്യക്തമാക്കാം.
സാധാരണ പള്ളിയില്‍ മുന്‍പിലാണ് നില്‍ക്കാറുള്ളത്. പ്രാര്‍ത്ഥനകളെല്ലാം ഉച്ചത്തില്‍ ചൊല്ലുകയും ചെയ്യും. ഒരിക്കല്‍ കുര്‍ബ്ബാനയ്ക്കായി നിന്നപ്പോള്‍ മനസ്സില്‍ പല വിചാരങ്ങള്‍ കടന്നു വന്നു. അതായത് കുര്‍ബ്ബാനയില്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കുന്നില്ലെങ്കിലും പ്രാര്‍ത്ഥനകളെല്ലാം ഉച്ചത്തില്‍ ചൊല്ലുന്നുണ്ട്. അന്നൊരു വചന പ്രഘോഷണത്തിനു പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതും പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍. ദേവാലയത്തിലെ തിരുക്കര്‍മ്മ പ്രാര്‍ത്ഥനകളിലൊക്കെ ഞാന്‍ ഇപ്രകാരമാണ് ചിന്തിച്ചിരുന്നത്.
ഞാന്‍ ക്ലാസ്സെടുക്കുമ്പോള്‍ പറയേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍. വി. കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം തന്നെ ഞാന്‍ ഉച്ചത്തില്‍ ചൊല്ലുന്നുമുണ്ട്. പ്രാര്‍ത്ഥനയിലെ ഈ ഭാഗം ഞാന്‍ ഉച്ചത്തില്‍ ചൊല്ലി, ന്യായവുമാണതു യുക്തവുമാം, ന്യായവുമാണതു യുക്തവുമാം. ഉടന്‍ എന്‍റെ ഉള്ളില്‍ നിന്നൊരു സ്വരം. നീ എന്തു കാര്യത്തിനാണ് ന്യായവും യുക്തവുമാണെന്ന് പറഞ്ഞത്? പെട്ടെന്ന്‍ എന്‍റെ ചിന്തകള്‍ കുര്‍ബ്ബാനയിലേക്ക് തിരിഞ്ഞു. എന്‍റെ കൈയില്‍ കുര്‍ബ്ബാന പുസ്തകം ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന്‍ പേജുകള്‍ മറിച്ചു നോക്കി.
അതില്‍ പുരോഹിതന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. - അഖിലചരാചര കര്‍ത്താവാം ദൈവത്തിനു ബലിയര്‍പ്പിച്ചു. ഇതിന് മറുപടിയായി ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ ഭാഗമാണ് ന്യായവുമാണത് യുക്തവുമാണെന്നുള്ളത്. ഇവിടെയാണ് തിര്‍ക്കര്‍മ്മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥം ഗ്രഹിച്ച് തങ്ങള്‍ ചെയ്യുന്നതെന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടും (ആരാധന ക്രമം 48) കൂടി ചെയ്യുന്നതിന്‍റെ പ്രസക്തി. വി. ബലിയില്‍ പല പ്രാവശ്യം നാം "ആമ്മേന്‍" പറയാറുണ്ട്. ഈ "ആമ്മേന്‍" യാന്ത്രികമായി പറഞ്ഞാല്‍ പോരാ. യാന്ത്രികമായി പറയുമ്പോള്‍ നമ്മള്‍ പൂര്‍ണ്ണതയിലേക്ക് കടക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പണം ഒരു സ്വര്‍ഗ്ഗീയ അനുഭവമായി മാറണം.
സ്വര്‍ഗ്ഗവാസികളോട് ചേര്‍ന്ന്‍ ഭൂവാസികളായ നാം ദൈവത്തെ സ്തുതിക്കുന്നത് ഒന്നു ഭാവനയില്‍ കണ്ടു നോക്കുക. ദിവ്യബലിയിലെ ഓരോ പ്രാര്‍ത്ഥനയും അര്‍ത്ഥം ഗ്രഹിച്ചു ചൊല്ലിയാല്‍ നാം സ്വര്‍ഗ്ഗീയാനുഭവത്തില്‍ നിറയും. ബലിയര്‍പ്പണത്തിലെ ഒരു പ്രാര്‍ത്ഥനയിലേക്ക് ശ്രദ്ധ തിരിക്കാം. "സ്വര്‍ഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അഗ്നിമയന്മാരും അരൂപികളുമായ സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേന്മാരോടും ചേര്‍ന്ന്‍ നാഥനായ അങ്ങേക്ക് അവര്‍ ആരാധന സമര്‍പ്പിക്കുന്നു. (സ്വര്‍ഗ്ഗവാസികളോട് ചേര്‍ന്ന്‍ ഭൂവാസികളായ നാം) തുടര്‍ന്ന്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥന തുടരുന്നു. "ഒന്നായ് ഉച്ച സ്വരത്തിലവര്‍...."
ഇവിടെയൊക്കെ നാം മൗനം ഭജിച്ചാല്‍ അല്ലെങ്കില്‍ വെറും കാഴ്ചക്കാരായി മാത്രം മാറുമ്പോള്‍ അല്ലെങ്കില്‍ യാന്ത്രികമായി അര്‍ത്ഥം ഗ്രഹിക്കാതെ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവാനുഭവത്തില്‍ വളരാന്‍ നമുക്ക് തടസ്സമായി മാറുന്നു.
വി. കുര്‍ബ്ബാനയില്‍ നാം പല പ്രാവശ്യം "ആമ്മേന്‍" പറയുന്നു. ആമ്മേന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ "അപ്രകാരം ആയിരിക്കട്ടെ" എന്നാണ്. കാര്‍മ്മികന്‍റെ പ്രാര്‍ത്ഥനയെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വാക്കാണ് ആമ്മേന്‍. ബോധപൂര്‍വ്വകവും സജീവവുമായ ഭാഗഭാഗിത്വത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വി.ആഗസ്തീനോസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാം. "നിങ്ങള്‍ ഉച്ചരിക്കുന്ന ആമ്മേന്‍ നിങ്ങളുടെ ഒപ്പു വയ്ക്കലും അംഗീകാരവും സമ്മതവുമാണ്." കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകള്‍ കാര്‍മ്മികനും ശുശ്രൂഷിയും സമൂഹവും ഒരുമിച്ച് ചൊല്ലുമ്പോഴാണല്ലോ പൂര്‍ണ്ണമാകുന്നത്. അവരവരുടേതായ പ്രാര്‍ത്ഥനകള്‍ അവരവര്‍ തന്നെ ബോധപൂര്‍വ്വം ചൊല്ലുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. പരിശുദ്ധ കുര്‍ബ്ബാനയില്‍ നമ്മുടെ ശ്രദ്ധ പൂര്‍ണ്ണമായും ബലിയോട് ചേര്‍ന്നു തന്നെയാവണം.
വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു സംഭവം ഓര്‍മ്മയിലെത്തുന്നു. ഞായറാഴ്ച ബലിയര്‍പ്പണ സമയം. വി. കുര്‍ബ്ബാനയില്‍ "കര്‍ത്താവില്‍ ഞാന്‍ ദൃഢമായി ശരണപ്പെട്ടു" എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന സമയം. അന്നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പലരും എന്നെ ചവിട്ടിത്തെറിപ്പിച്ചു കൊണ്ട് ഓടുന്നു. പുരോഹിതന്‍ ബലിയര്‍പ്പണം തുടരുന്നു. പള്ളിയില്‍ കുറച്ചു പേര്‍ അവശേഷിച്ചു. ഇവിടെ ആരേയും ചെറുതാക്കാന്‍ കുറിച്ചതല്ല. നിമിഷങ്ങള്‍ക്കകം ഭൂചലനം സമാപിച്ചു. പുരോഹിതന്‍ ബലിയര്‍പ്പണം തുടര്‍ന്നു. ഭൂചലനം പെട്ടെന്ന്‍ മനസ്സിലാക്കിയവര്‍ ഓടിയെന്നു മാത്രം. ഞങ്ങള്‍ പള്ളിയില്‍ അവശേഷിച്ചവര്‍ ഓടാന്‍ തുടങ്ങുന്നതിനു മുന്‍പ് ഭൂചലനം തീര്‍ന്നതിനാല്‍ ഞങ്ങള്‍ ഓടിയില്ലെന്നു കരുതുന്നതിലും തെറ്റില്ല. നമ്മുടെ ശ്രദ്ധ ബലിയര്‍പ്പണത്തില്‍ തന്നെയായിരിക്കണമെന്നു സൂചിപ്പിക്കാന്‍ കുറിച്ചുവെന്നു മാത്രം.
അര്‍ത്ഥം അറിയാതെ "ആമ്മേന്‍" പറയുന്നവരും നമ്മില്‍ ഇല്ലേയെന്ന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു കൊച്ചു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. സാധാരണ കുര്‍ബ്ബാന സ്വീകരണം കഴിഞ്ഞ് അല്‍പസമയം മൗനമായിരുന്നു ഈശോയോട് പ്രാര്‍ത്ഥിക്കും. ഈ സമയം മിക്ക പള്ളികളിലും ഗാനാലാപമാണ്. ഒരിക്കല്‍ കുര്‍ബ്ബാന സ്വീകരണം കഴിഞ്ഞ് പ്രാര്‍ത്ഥിച്ചിരിക്കുന്ന സമയം. ഗാനം ആലപിക്കുന്നവര്‍ ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ എന്ന ഗാനം ആലപിക്കുന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം ഇപ്രകാരം പാടിയ കൂട്ടത്തില്‍ ഞാനും പങ്കുചേര്‍ന്നു.
മന്നില്‍ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാല്‍ "ഭയ"മെവിടെ
പാടിയ കൂട്ടത്തില്‍ വാക്കുകള്‍ മാറിയത് പലരും ശ്രദ്ധിച്ചില്ലായെന്നത് കുര്‍ബ്ബാനയ്ക്കു ശേഷം സംസാരിച്ചപ്പോഴാണ് മനസ്സിലായത്. രക്ഷാകവചം നീ മാറാതെന്നാളും അങ്ങെന്‍ മുന്‍പേ പോയാല്‍ "ഭയ"മെവിടെ. ഇപ്രകാരം പാടേണ്ട വരി മാറിപ്പാടിയപ്പോള്‍ അര്‍ത്ഥം മാറിപ്പോയി. ആത്മം നഷ്ടമായാല്‍ ഫലമെവിടെ എന്നാണല്ലോ പാടേണ്ടത്. കുര്‍ബ്ബാനയ്ക്കു ശേഷം സിസ്റ്റര്‍മാരോട് ഈ കാര്യം പറഞ്ഞപ്പോള്‍ അവര്‍ അത് അറിയാതെ പാടിയതാണെന്നാണ് പറഞ്ഞത്. ഇപ്രകാരം പലരും അറിയാതെ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറില്ലേ?
ആരെങ്കിലും എന്തെങ്കിലും പാടിയാലും പ്രാര്‍ത്ഥിച്ചാലും നാം ആമ്മേന്‍ പറയേണ്ടതില്ല. പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം ഗ്രഹിച്ച് ബോധത്തോടു കൂടി പ്രാര്‍ത്ഥിക്കണമെന്നതിന്‍റെ (ആരാധനാക്രമം 48) പ്രസക്തിയാണ് നാം മനസ്സിലാക്കേണ്ടത്.
(തുടരും...)
വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക