News - 2025
ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ അവസാനിക്കുവാന്‍ പ്രാര്‍ത്ഥനയുമായി കാശ്മീരിലെ വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 16-03-2017 - Thursday
ശ്രീനഗര്‍: സംഘര്‍ഷഭരിത സംസ്ഥാനമായ ജമ്മു കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും മത പീഡനങ്ങള്‍ അവസാനിക്കുന്നതിനും വേണ്ടി ക്രൈസ്തവ വിശ്വാസികള്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മ ശ്രദ്ധേയമായി. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഫ്രാന്‍സിസ് പാപ്പായുടെ ഈ മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തിനുള്ള തങ്ങളുടെ പിന്തുണ എന്ന നിലയിലാണ് ശ്രീനഗറിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടന്നത്.
മാര്‍ച്ച് 12-ന് നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ മുന്നൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. നേരത്തെ മതപീഡനങ്ങള്‍ക്കിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരിന്നു. പാപ്പായുടെ ഈ പ്രഖ്യാപനത്തോടുള്ള പിന്തുണ എന്ന നിലയിലാണ് തലസ്ഥാനത്ത് പ്രാര്‍ത്ഥനാശുശ്രൂഷ നടത്തിയത്. സംസ്ഥാനത്തെ ക്രിസ്ത്യാനികള്‍ വര്‍ദ്ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതകളില്‍ വളരെയേറെ അസ്വസ്ഥരാണെന്ന് പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമല്ല തങ്ങളുടെ വിശ്വാസ പ്രതി ആക്രമിക്കപ്പെടുന്ന സകല മതസ്ഥര്‍ക്കും വേണ്ടിയാണ് ഈ പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിച്ചതെന്ന് ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലെ ഇടവക വികാരിയായ ഫാദര്‍ റോയി മാത്യു പറഞ്ഞു. തങ്ങളുടെ വിശ്വാസത്തെ പ്രതി അനേകര്‍ ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും, മാനഭംഗത്തിന് ഇരയാകുകയും ചെയ്യുന്നത് അസഹനീയമാണ്. മാനുഷികതയാണ് ആദ്യം ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശാന്തിയുടെ വേദിയായ ജമ്മു കാശ്മീരില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ സാധാരണ പൗരന്‍മാരും, സൈനികരും, ഭീകരവാദികളും ഉള്‍പ്പെടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2016 ജൂലൈയില്‍ ആരംഭിച്ച കലാപത്തില്‍ തന്നെ ഏതാണ്ട് നൂറില്‍ പരം ആളുകള്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകാശ്മീരിലെ ജനസംഖ്യയില്‍ 35,000 ത്തോളം പേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍.
‘ഓപ്പണ്‍ ഡോര്‍സ്’ എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്താകമാനമായി ഏതാണ്ട് 90,000 ത്തിലധികം ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം പേര്‍ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും പറയപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നത് ക്രൈസ്തവര്‍ക്ക് നേരെയാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.