News - 2025

ആഗോള ക്രൈസ്തവ പീഡനം ചര്‍ച്ചയാക്കിയുള്ള ഐ‌ഡി‌സി സമ്മിറ്റിന് ഇന്ന് സമാപനമാകും

പ്രവാചകശബ്ദം 22-09-2021 - Wednesday

വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വാഷിംഗ്ടണില്‍ നടക്കുന്ന ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ (ഐ.ഡി.സി) സമ്മിറ്റിന് ഇന്ന് സമാപനമാകും. ഇന്നലെ ആരംഭിച്ച സമ്മിറ്റില്‍ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽനിന്നുള്ള നിരവധി പ്രമുഖർ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിയമനിർമ്മാണ നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതായി ഐഡിസി പ്രസിഡന്റ് ടൗഫിക് ബാക്ലിനി പറഞ്ഞു.

ഓൺലൈനായാണ് പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നതെങ്കിലും സമാപന ദിനമായ ഇന്നു വാഷിംഗ്ടൺ ഡി.സിയിലെ സമ്മേളനവേദിയിൽ ‘സോളിഡാരിറ്റി ഡിന്നറി’നായി നിരവധി പേർ പങ്കെടുക്കും. പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കാനുള്ള നയ പരിപാടികളെ കുറിച്ച് കോൺഗ്രസ് അംഗങ്ങൾ, മത നേതാക്കൾ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പൊതുവായും വ്യക്തിപരമായും സംവദിക്കാനുള്ള സെഷനും ‘സോളിഡാരിറ്റി ഡിന്നറി’ന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന് വേണ്ടി ഇടപെടല്‍ നടത്തുന്ന ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ മുന്നേറ്റത്തിന് യു‌എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ നേരത്തെ ആശംസ നേര്‍ന്നിരിന്നു. 2014ല്‍ ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ പ്രഥമ സമ്മിറ്റ് നടന്നത്. മധ്യപൂർവേഷ്യയിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ സമ്മര്‍ദ്ധവുമായി നടത്തിയ ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ പ്രഥമ സമ്മിറ്റ് ഏറെ ശ്രദ്ധ നേടിയിരിന്നു.


Related Articles »