News

ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന മുസ്ലീംങ്ങളുടെ എണ്ണം വർദ്ധിക്കുന്നു; യൂറോപ്പില്‍ ക്രിസ്തുമതം തിരിച്ചുവരവിന്റെ പാതയില്‍

സ്വന്തം ലേഖകന്‍ 22-03-2017 - Wednesday

യൂറോപ്പില്‍ ക്രിസ്തുമതം തങ്ങളുടെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം അഭയാര്‍ത്ഥികളാണ് ഇതിന്റെ മുഖ്യ കാരണക്കാര്‍. വിവിധ ക്രിസ്തീയ വിഭാഗങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഇസ്ലാം മത വിശ്വാസികളുടെ എണ്ണം അനുദിനം വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഒരുകാലത്ത് നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന യൂറോപ്പിലെ ക്രിസ്തീയ ദേവാലയങ്ങള്‍ കഴിഞ്ഞ വർഷങ്ങളിൽ കുറേയൊക്കെ ശൂന്യമായിരുന്നുവെങ്കിലും ഇപ്പോള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന മുസ്ലീമുകളാല്‍ ദേവാലയങ്ങൾ വീണ്ടും സജ്ജീവമാകുന്നു. സമ്പത്തിന്റെയും ആധുനിക ജീവിതസാഹചര്യങ്ങളുടെയും സ്വാധീനത്തിൽപെട്ട് യൂറോപ്പിലെ പുത്തന്‍ തലമുറ വിശ്വാസത്തിൽ നിന്നും അകന്നുകൊണ്ടിരിക്കുകയായിരുന്നു. “എന്നാല്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് ക്രിസ്തുമത സന്ദേശങ്ങള്‍ക്ക് നേരെ തുറന്ന മനസ്സാണ് ഉള്ളത്” എന്ന് ഫുള്ളര്‍ തിയോളജിക്കല്‍ സെമിനാരിയിലെ പ്രൊഫസ്സറായ മാത്യു കീമിംക് അഭിപ്രായപ്പെടുന്നു. മുസ്ലീം രാജ്യങ്ങളില്‍ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് കുറ്റകരമാണ്. എന്നാല്‍ യൂറോപ്പില്‍ ഏതു മതവിശ്വാസവും സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്.

സാമ്പത്തികം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ മികച്ച ജീവിതസാഹചര്യമാണ് യൂറോപ്പിൽ നിലനിൽക്കുന്നത്. 'അതിനാല്‍ തങ്ങള്‍ക്ക് ദൈവത്തിന്റെ ആവശ്യമില്ല എന്ന് യൂറോപ്യൻ ജനത ചിന്തിക്കുന്നു' എന്ന് മാത്യു കീമിംക് പറഞ്ഞു. എന്നാല്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ ഇക്കാര്യത്തിൽ നേരെ വിപരീതമാണ്. അവര്‍ നല്ല ആത്മീയത പുലര്‍ത്തുന്നവരാണ്. നിരവധി കാരണങ്ങള്‍ കൊണ്ടാണ് അവര്‍ തങ്ങൾ പാരമ്പര്യമായി തുടർന്നുപോന്ന മതവിശ്വാസത്തെ ഉപേക്ഷിക്കുന്നത്; അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുമതം സ്വീകരിക്കുകയാണെങ്കില്‍ തങ്ങളുടെ പുതിയ രാജ്യവുമായി ഒത്തുപോകുന്നതിനു അത് സഹായകമാകും എന്ന് ചിലർ കരുതുന്നു.

അക്രമത്തിൽ അധിഷ്ഠിതമായ മതവിശ്വാസം കണ്ടുമടുത്ത മറ്റ് ചിലര്‍ക്ക് ക്രിസ്തുവിന്റെ സന്ദേശത്തിൽ ആകൃഷ്ടരായി ക്രിസ്തുമതം സ്വീകരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ രാജ്യങ്ങളില്‍ അത് സാധ്യമല്ലാതിരുന്നതിനാലും, തങ്ങളും തങ്ങളുടെ കുടുംബവും ജിഹാദി ഗ്രൂപ്പുകളുടേയും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടേയും നോട്ടപ്പുള്ളികള്‍ ആയി മാറും എന്ന ഭയത്താലും അപ്രകാരം ചെയ്യാതെ ഇരിക്കുകയായിരുന്നു. അതിനാൽ മതസ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തെത്തിയപ്പോൾ ധൈര്യപൂർവ്വം ക്രിസ്തുവിനെ രക്ഷകനായി ഇക്കൂട്ടർ സ്വീകരിക്കുന്നു.

“യൂറോപ്പിലെത്തുന്ന മുസ്ലീം അഭയാര്‍ത്ഥിക്ക് നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരുന്നു. വംശീയത, ദാരിദ്ര്യം, പുറന്തള്ളപ്പെടല്‍, വിവേചനം, ഭാഷ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അവര്‍ക്ക് മുന്‍പില്‍ ഉണ്ട്. ഭൂമിശാസ്ത്രപരമായ അരക്ഷിതാവസ്ഥക്ക് പുറമേ ആത്മീയമായ അരക്ഷിതാവസ്ഥയും അവര്‍ നേരിടുന്നു. എന്നാല്‍ ക്രിസ്തീയ ദേവാലയങ്ങള്‍ അവര്‍ക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകിക്കൊണ്ട് യഥാര്‍ത്ഥ ആതിഥ്യമാണ് നല്‍കുന്നത്" എന്ന് മാത്യു കീമിംക് പറയുന്നു. ക്രിസ്തുവിന്റെ സന്ദേശം പ്രവർത്തികളിലൂടെ പ്രഘോഷിച്ചുകൊണ്ടാണ് സഭ ഇത് സാധ്യമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2016-ലെ കണക്കുകള്‍ പ്രകാരം 9,00,000-ത്തോളം അഭയാര്‍ത്ഥികളെയാണ് ജെര്‍മ്മനി സ്വീകരിച്ചത്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഭൂരിഭാഗം പേരും. ബെര്‍ലിനിലേയും ഹാംബര്‍ഗിലേയും ദേവാലയങ്ങളിലേക്ക് മാമ്മോദീസ സ്വീകരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് നിരവധി പേരാണ് ദിവസംതോറും എത്തിച്ചേരുന്നത്. ഈ വര്‍ദ്ധനവ് കണക്കിലെടുത്ത് ജെര്‍മ്മനിയിലെ ഇവാഞ്ചലിക്കല്‍ സഭ അഭയാർത്ഥികളെ ജ്ഞാനസ്നാനപ്പെടുത്തുന്നതിനെ കുറിച്ച് ഒരു ലഘുപുസ്തകം തന്നെ പുറത്തിറക്കിയതായി ‘ദി ഇന്‍ഡിപെന്‍ഡന്റ്’ റിപ്പോര്‍ട്ടു ചെയ്യുന്നു. 2016-ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഏതാണ്ട് മുന്നൂറോളം ജ്ഞാനസ്നാനത്തിനുള്ള അപേക്ഷകള്‍ തങ്ങള്‍ക്ക് കിട്ടിയിട്ടുള്ളതായി ഓസ്ട്രിയന്‍ കത്തോലിക്കാ സഭയും അറിയിച്ചിട്ടുണ്ട്. ഇതില്‍ മുക്കാല്‍ ഭാഗവും മുസ്ലീം അഭയാര്‍ത്ഥികളുടെ അപേക്ഷകളാണ്.

“അക്രമങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു മതത്തിന് ജനങ്ങളെ സ്വാതന്ത്ര്യത്തിലേക്കും സ്നേഹത്തിലേക്കും നയിക്കുവാന്‍ കഴിയുകയില്ല” എന്ന് മുസ്ലീം വിശ്വാസം ഉപേക്ഷിച്ച ജൊഹാനസ് എന്ന ഇറാന്‍ സ്വദേശി പറഞ്ഞു. “വാളെടുക്കുന്നവന്‍ വാളാലെ” എന്ന യേശുവിന്റെ വാക്കുകളാണ് തന്നെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചതെന്നും, നാട്ടിലുള്ളവര്‍ എതിര്‍ക്കുമെന്ന കാരണത്താൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിനുള്ള തന്റെ തീരുമാനം തന്റെ സഹോദരിക്ക് മാത്രമേ അറിയൂ എന്നും ജോഹാനസ് പറഞ്ഞതായി ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം ഇനിയും കൂടുവാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെ യൂറോപ്പിലുള്ള അഭിപ്രായം.

"ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുമ്പിൽ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്നു കർത്താവ് ശപഥപൂർവ്വം അരുളിച്ചെയ്യുന്നു" (റോമാ 14:11)


Related Articles »