Wednesday Mirror - 2019

വിശുദ്ധ കുർബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ?

തങ്കച്ചന്‍ തുണ്ടിയില്‍ 20-02-2019 - Wednesday

"വിളക്ക് കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല. പീഠത്തിന്മേലാണ് വയ്ക്കുന്നത്. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കും" (മത്താ. 5:15). ദൈവാനുഭവത്തിലേക്ക് കടന്നു വരുന്ന ഓരോരുത്തരും ഈ അനുഭവം മറ്റുള്ളവര്‍ക്കും ലഭിക്കാന്‍ വേണ്ടി പങ്കുവയ്ക്കേണ്ടതാണ്. ഈ പങ്കുവയ്ക്കലുകള്‍ നമ്മെയും മറ്റുള്ളവരെയും വളര്‍ത്തും. ഈ പങ്കുവയ്ക്കലുകള്‍ വലിയ ശുശ്രൂഷകളിലേക്കു നയിക്കും. അതെ സമയം നാമിത് മറച്ചു വയ്ക്കുമ്പോള്‍ ഒരു താലന്ത് ലഭിച്ചവനെപ്പോലെ താലന്ത് മണ്ണില്‍ കുഴിച്ചിട്ടതിനു തുല്യമാകും (മത്താ 25:25). നമുക്ക് ലഭിച്ച താലന്ത് വര്‍ദ്ധിപ്പിക്കുമ്പോള്‍ വലിയകാര്യങ്ങള്‍ ദൈവം നമ്മെ ഏല്‍പ്പിക്കും.

ആദ്യമായി ഒരു കൂട്ടായ്മയില്‍ ചെന്നപ്പോള്‍ അവിടെ ദൈവാനുഭവം പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചു. എനിക്കവസരം ലഭിച്ചപ്പോള്‍ ഞാനെന്‍റെ കുര്‍ബാനാനുഭവമാണ് പങ്കുവച്ചത്. അതിന്‍റെ ഫലം അന്നു ഞാനറിഞ്ഞില്ല. ഒരു‍ മാസത്തിനു ശേഷം വചനപ്രഘോഷണത്തിനായി അവസരം ലഭിച്ചു. വചനം പ്രഘോഷിക്കുക അന്ന്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. എനിക്ക് വചന പ്രഘോഷണം അറിയില്ല എന്നു ഞാന്‍ പറഞ്ഞു. അന്നു കൂട്ടായ്മയില്‍ പങ്കു വച്ച കാര്യം പറഞ്ഞാല്‍ മതിയെന്നായി. ദിവ്യബലിയില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ട് വേദിയിലെത്തി. തുടര്‍ന്ന് അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു. ഇവിടെ പലരും പറഞ്ഞ ഒരു കാര്യം എന്നെ പരിശുദ്ധ കുര്‍ബ്ബാനയില്‍ ആശ്രയിക്കാന്‍ പ്രചോദനമേകി. ഒരിക്കലും ബലി മുടക്കിയിട്ടില്ല എന്ന കാര്യം പലര്‍ക്കും അത്ഭുതമായിട്ടാണ് തോന്നിയത്.

വചന പ്രഘോഷണം കഴിഞ്ഞ് ഒരിക്കല്‍ ഒരു വീട്ടില്‍ പോകേണ്ടിവന്നു. അവിടെ എന്നെ അതിശയിപ്പിച്ച ഒരു സംഭവം ഉണ്ടായി. നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു അമ്മച്ചി. അയല്‍ വീട്ടില്‍ ഞാന്‍ ചെന്നതറിഞ്ഞ് എന്നെ കാണാന്‍ ശാഠൃം പിടിച്ചു. ഈ അമ്മച്ചിയുടെ മകള്‍ പറഞ്ഞ കാര്യം കേട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ കൊച്ചനെ കാണാന്‍ ഈ ചട്ടയും മുണ്ടുമൊക്കെ മതിയോ? ഈ സംഭവം ഏറെ ചിന്തിപ്പിച്ചു. എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വി. കുര്‍ബ്ബാന സ്വീകരിക്കുന്ന ഒരാളെ ഈ അമ്മച്ചി അത്ഭുത മനുഷ്യനായാണ് കാണുന്നത്. അമ്മച്ചിയുമായി സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായി അവര്‍ക്ക് വി. കുര്‍ബ്ബാനയോടുള്ള ഭക്തി.

എല്ലാ ദിവസവും കുര്‍ബ്ബാനയില്‍ പങ്കെടുത്ത് കുര്‍ബ്ബാന സ്വീകരിക്കുന്ന ഞാന്‍ ഒരു എതിര്‍ സാക്ഷ്യമായി മാറുമ്പോള്‍ എനിക്ക് തന്ന ആദരവ് നിന്ദനമായും മാറാന്‍ സാദ്ധ്യതയില്ലേ? ഇവിടെ ഒരു സത്യം ഞാന്‍ മനസ്സിലാക്കി. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ഈശോയെ സ്വീകരിക്കുമ്പോള്‍ നാം പുതിയ സൃഷ്ടിയായി മാറണം. വി.കുര്‍ബ്ബാനയില്‍ ഇപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ടല്ലോ. "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും" (സീറോ മലബാര്‍ കുര്‍ബ്ബാന ആരാധന ക്രമം). അതെ ഈശോ നമ്മിലും ഈശോയിലും ആകേണ്ടതാണ്.

പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്ന നമുക്ക് സാക്ഷ്യമായും എതിര്‍ സാക്ഷ്യമായും മാറാം. "അപ്രകാരം മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രവേശിക്കട്ടെ. (മത്താ.5:16) ഇതിനൊരു മറുവശം കൂടിയുണ്ട്. സത്പ്രവൃത്തി ദുഷ്പ്രവൃത്തിയായി മാറുമ്പോള്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം നിന്ദനമായും മാറാന്‍ സാധ്യതയില്ലേ? ഇവിടെയാണ് തീരുമാനത്തിന്‍റെ പ്രസക്തി. ഞാന്‍ മൂലം എന്‍റെ ദൈവത്തിനു ലഭിക്കേണ്ട മഹത്വം നിന്ദനമായി മാറുമ്പോള്‍ ഞാന്‍ എത്ര ദുര്‍ഭഗനായി മാറുന്നു.

പരിശുദ്ധ കുര്‍ബാനയില്‍ ആശ്രയിക്കാനും ശക്തി സ്വീകരിക്കാനും ശുശ്രൂഷ ചെയ്തു മുന്നേറുവാനും സാക്ഷ്യമേകുവാനും കരിസ്മാറ്റിക് നവീകരണത്തിലൂടെ സാധിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാല്‍ ചിലരെക്കുറിച്ച് നാം ഇപ്രകാരം കേട്ടിട്ടില്ലേ? "എല്ലാ ദിവസവും നാക്കു നീട്ടി കുര്‍ബ്ബാന സ്വീകരിക്കുന്നുണ്ട്; പക്ഷേ ജീവിതം നേരെ മറിച്ചും". പരിശുദ്ധ കുര്‍ബ്ബാന എല്ലാ ദിവസവും സ്വീകരിക്കുന്നവര്‍ എവിടെയുണ്ടെന്നറിഞ്ഞാലും ഞാന്‍ അവരെ പരിചയപ്പെടാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് അപ്രകാരമുള്ള ഒട്ടേറെ സുഹൃത്തുക്കളുമുണ്ട്.

എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും നന്നായി പ്രാര്‍ത്ഥിക്കുകയും ഉപവാസം എടുക്കുകയുമൊക്കെ ചെയ്യുന്ന ഒരാളുമായി പരിചയപ്പെട്ടു. ഈ പരിചയം അദ്ദേഹത്തെ ഒരു വിഷമാവസ്ഥയില്‍ സഹായിക്കാന്‍ ജാമ്യം നിന്ന്‍ കുറച്ചു രൂപ വാങ്ങിക്കൊടുത്തു. ഒടുവില്‍ ഇയാള്‍ രൂപ തിരിച്ചു കൊടുത്തില്ല. ഞാന്‍ രൂപ കൊടുക്കേണ്ടി വന്നു. ഇത് എന്നില്‍ ഒത്തിരി വേദനയും ഞെരുക്കവുമുണ്ടാക്കി. ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു വൈദികനുമായി സംസാരിച്ചു. അച്ഛന്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. എന്തു വിശ്വസിച്ചാണ് നീ ഇയാള്‍ക്ക് രൂപ വാങ്ങിക്കൊടുത്തത്. എന്‍റെ മറുപടി ഇതായിരുന്നു. "എല്ലാ ദിവസവും ബലിയില്‍ പങ്കെടുക്കുകയും കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരാള്‍ ഇപ്രകാരം വാക്കു വ്യത്യാസം ചെയ്യുകയും മര്യാദ ഇല്ലാതെ സംസാരിക്കുകയും ചെയ്യുമെന്ന് എനിക്ക് ചിന്തിക്കാന്‍പോലും പറ്റുന്ന കാര്യമല്ലായിരുന്നു. ഇവിടെ അച്ഛന്‍റെ മറുപടി എന്നെ പുതിയ അറിവിലേക്ക് നയിച്ചു. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യുന്നവരെല്ലാം യഥാര്‍ത്ഥ സാക്ഷ്യ ജീവിതം നയിക്കുന്നവരായിരുന്നെങ്കില്‍ ലോകത്തില്‍ ഒത്തിരിയേറെ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു.

എതിര്‍ സാക്ഷ്യം നല്‍കുന്നവര്‍ വളരെ ചുരുക്കമാണ്. എങ്കില്‍പ്പോലും അത് സമൂഹത്തില്‍ നല്ല ജീവിതം നയിക്കുന്നവരെപ്പോലും സംശയ ദൃഷ്ടിയോടെ നോക്കാന്‍ ഇടവരുത്തുന്നു. അടുത്ത കാലത്ത് ലത്തീന്‍ കുര്‍ബ്ബാനയില്‍ പങ്കെടുത്തപ്പോള്‍ സമാപനത്തില്‍ വൈദികന്‍ ഇപ്രകാരം പറഞ്ഞു: "ദിവ്യപൂജ സമാപിച്ചു. നമുക്ക് യേശുവിനെ സാക്ഷ്യം നല്‍കാന്‍ പോകാം". ഉടന്‍ ചെറുപ്പത്തില്‍ ദിവ്യബലിക്കുശേഷം പള്ളിയില്‍ പാടിയ പാട്ട് ഓര്‍മ്മയില്‍ വന്നു.

പൂജ കഴിഞ്ഞ് പോകുന്ന നമ്മള്‍
പ്രേഷിതരായി നവജനതതിയായി...

(തുടരും)

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

>> Originally Published On 22/03/17 >>


Related Articles »