News - 2025
കര്‍ദിനാള്‍ ആലഞ്ചേരിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത; കര്‍ദിനാളിനെ തേജോവധം ചെയ്യുവാന്‍ ശ്രമിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ
സ്വന്തം ലേഖകന്‍ 23-03-2017 - Thursday
കൊച്ചി: സ്ത്രീകളുടെ കുമ്പസാരവുമായി ബന്ധപ്പെട്ടു ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും അഡ്വ. ഇന്ദുലേഖ ജോസഫിന്‍റേതായി നടക്കുന്ന 'തെറ്റായ പ്രചാരണം' ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ തേജോവധം ചെയ്യുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് റവ. ഡോ ജിമ്മി പൂച്ചക്കാട്ട്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസ്താവന കര്‍ദിനാള്‍ നടത്തിയിട്ടിലെന്നും ഫാ. ജിമ്മി പത്രകുറിപ്പിലൂടെ അറിയിച്ചു.
സ്ത്രീകളെ കുമ്പസാരിപ്പിക്കുവാന്‍ കന്യാസ്ത്രീകള്‍ക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് അഡ്വ. ഇന്ദുലേഖ കര്‍ദിനാളിന് നേരത്തെ കത്ത് അയച്ചിരിന്നു. ഇക്കാര്യത്തില്‍ കത്ത് തിരസ്കരിച്ചാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൌസിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് കത്തില്‍ പരാമര്‍ശമുണ്ടായി. പിന്നീട് ക്രിസ്തീയമായ ധാര്‍മ്മികതയുടെ പേരില്‍ ഈ വിഷയത്തില്‍ അഡ്വ. ഇന്ദുലേഖയെ കര്‍ദിനാള്‍ കൂടികാഴ്ചയ്ക്കു വിളിച്ചു.
ഒരാളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെങ്കിലും അവര്‍ കെസിആര്‍എം എന്ന സംഘടനയിലെ നാലുപേരുമായാണ് സംഭാഷണത്തിന് എത്തിയത്. എല്ലാവരെയും സ്വീകരിച്ച് കര്‍ദിനാള്‍ സംസാരിച്ചു. കന്യാസ്ത്രീകള്‍ക്കു കുമ്പസാരിപ്പിക്കുവാന്‍ അനുവാദം നല്‍കണമെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരിന്നു. കുമ്പസാരത്തെ സംബന്ധിച്ച സഭയുടെ നിയതമായ പാരമ്പര്യവും ദൈവശാസ്ത്രവും കര്‍ദിനാള്‍ പരാതിക്കാര്‍ക്ക് വിവരിച്ചു നല്‍കി. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും കര്‍ദിനാളിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
കുമ്പസാരിപ്പിക്കുന്ന വൈദികരെ കുറിച്ച് പരാതികളുണ്ടെങ്കില്‍ അത് ബോധിപ്പിക്കുവാന്‍ സഭയ്ക്കുള്ളില്‍ നിയതമായ സംവിധാനങ്ങള്‍ ഉണ്ടെന്ന് അറിയിച്ചെങ്കിലും ഇതില്‍ അഡ്വ. ഇന്ദുലേഖയും കൂട്ടരും പരാതിയോ തെളിവോ ഉന്നയിച്ചില്ല. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ മറുപടി നല്കണമെന്ന സമ്മര്‍ദ്ധ തന്ത്രവും പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. അതിനു കര്‍ദിനാള്‍ വഴങ്ങാതിരിന്നപ്പോള്‍ തങ്ങള്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന്‍ എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുകയായിരിന്നു. പത്രകുറിപ്പില്‍ പറയുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൌസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയപ്പോള്‍ അതിനെതിരെ ഒരു പരാതി പോലും പറയാതെ കാരുണ്യപൂര്‍വ്വമായ സമീപനം സ്വീകരിച്ച കര്‍ദിനാളിനെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങളും പ്രചാരണങ്ങളും നീതികരിക്കാനാവില്ലായെന്നും സീറോ മലബാര്‍ സഭ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് കൂട്ടിച്ചേര്‍ത്തു. അഡ്വ. ഇന്ദുലേഖയുടെ പേരില്‍ കെസിആര്‍എം എന്ന സംഘടന നടത്തുന്ന കുപ്രചരണത്തില്‍ സഭാമക്കളും മറ്റ് സുമനസ്സുകളും തെറ്റിദ്ധരിക്കപ്പെടരുതെന്നും ഫാ. ജിമ്മി അഭ്യര്‍ത്ഥിച്ചു.
![](/images/close.png)