News - 2025

ഫാത്തിമയില്‍ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയും ജസീന്തയും വിശുദ്ധ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 24-03-2017 - Friday

വത്തിക്കാന്‍: പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ വെച്ച് പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നു. ഇവരുടെ മാധ്യസ്ഥം വഴി സംഭവിച്ച അത്ഭുതം നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘം അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിശുദ്ധ പദവി സംബന്ധിച്ച പ്രഖ്യാപനം വന്നത്. ബ്രസീലിലെ മുപ്പതും മെക്‌സിക്കോയിലെ മൂന്നും രക്തസാക്ഷികളെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനും മാര്‍പാപ്പ അംഗീകാരം നല്‍കി.

ഇന്നലെ മാര്‍ച്ച് 23-ന് ഫ്രാന്‍സിസ് പാപ്പാ കര്‍ദ്ദിനാള്‍മാരുടെ തിരുസംഘത്തിന്റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഈ കൂടിക്കാഴ്ചക്കിടക്കാണ് ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ പാപ്പാ ഒപ്പുവച്ചതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. 2000-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഫ്രാന്‍സിസ്കോയെയും ജാസിന്താ മാര്‍ട്ടോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

ഫാത്തിമായില്‍ ദര്‍ശനം ലഭിച്ച ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. ഇതിനിടെയാണ് ഫ്രാന്‍സിസ്കോയും ജാസിന്താ മാര്‍ട്ടോയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് പാപ്പാ മെയ് 12-13 തീയതികളില്‍ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്. മാര്‍പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനവേളയില്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയ സാന്തോസാണ് ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്നത്. കര്‍മ്മലീത്ത സന്യാസിനിയായിരുന്നു ലൂസിയ 2005-ലാണ് മരണപ്പെട്ടത്. മരണത്തിനു ശേഷം 5 വര്‍ഷം കാത്തിരിക്കണമെന്ന നടപടിക്രമം ഒഴിവാക്കി 2008-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ലൂസിയയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. അടുത്തിടെയാണ് പോര്‍ച്ചുഗലിലെ കത്തോലിക്ക വൃത്തം 15,000ത്തിലധികം പേജുകളുള്ള തെളിവുകള്‍ വത്തിക്കാന് സമര്‍പ്പിച്ചത്.


Related Articles »