Tuesday Mirror - 2024

യൂറോപ്പ്യന്‍ യൂണിയൻ പതാകയിലെ പന്ത്രണ്ടു നക്ഷത്രങ്ങൾ പരിശുദ്ധ കന്യകാ മാതാവിന്റെ അടയാളമോ?

സ്വന്തം ലേഖകന്‍ 29-03-2017 - Wednesday

1955 ഡിസംബര്‍ 8-നാണ് യൂറോപ്പ്യന്‍ രാജ്യങ്ങളുടെ ഒരു അന്താരാഷ്‌ട്ര സംഘടനയായ യൂറോപ്പ്യന്‍ യൂണിയന്റെ (EU) പതാക രൂപകല്‍പ്പന ചെയ്യുന്നത്. നീല പശ്ചാത്തലത്തില്‍ 5 ഇതളുകളോട് കൂടിയ 12 സുവര്‍ണ്ണ നക്ഷത്രങ്ങള്‍ ഒരു വൃത്താകൃതിയില്‍ ചിത്രീകരിച്ചിട്ടുള്ളതാണ് യൂറോപ്പ്യന്‍ യൂണിയന്റെ പതാക. യൂറോപ്പ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളുടെ ഐക്യത്തേയും അഖന്ധതയേയുമാണ് ഈ പതാക സൂചിപ്പിക്കുന്നത്. എന്നാല്‍ കുറേക്കാലമായി ലോകമെങ്ങുമുള്ള ആളുകളുടെ ഉള്ളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരു ചോദ്യമാണ് ശരിക്കും ഈ പതാക നടുവില്ലുള്ള മാതാവിനെ ഒഴിവാക്കികൊണ്ടുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ഒരു അടയാളമാണോ ? ഔദ്യോഗിക വൃത്തങ്ങള്‍ ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും സത്യം എന്താണ് ?

മതേതരത്വമാണ് യൂറോപ്പ്യന്‍ യൂണിയന്റെ പ്രഖ്യാപിത നയം. ഈ നയം ഏറെക്കുറെ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭക്ക്‌ ഉള്‍കൊള്ളുവാന്‍ കഴിയാത്ത നയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഇന്ന് മത്സരിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ശനമായ മതേതരത്വം അടിച്ചേല്‍പ്പിക്കുവാന്‍ യൂറോപ്പ്യന്‍ യൂണിയനിലെ കോടതികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പതാകക്ക് മതപരമായ യാതൊരു ബന്ധവും ഇല്ല എന്നാണു യൂറോപ്പ്യന്‍ യൂണിയന്റെ ഉദ്യോഗസ്ഥര്‍ പറയുന്നത്. മതപരമായ ബന്ധം ഉണ്ടായാലും ഇല്ലെങ്കിലും ഈ പതാക പരിശുദ്ധ കന്യകാ മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. യൂറോപ്പ്യന്‍ ആദര്‍ശങ്ങള്‍ കത്തോലിക്കാ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഒരു കാലത്തേക്ക് ഈ കഥ നമ്മെ കൊണ്ടുപോവുന്നു.

1950-കളില്‍ ഒട്ടും തന്നെ ആശാവഹമല്ലാത്ത ഒരു സാഹചര്യമായിരുന്നു യൂറോപ്പിലെങ്ങും. തങ്ങളുടെ ഭൂഖന്ധത്തില്‍ ശാന്തിയും സമാധാനവും നിലവില്‍ വരുത്തുന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം. മാത്രമല്ല കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ ഒരു ഭീഷണിയായി കൊണ്ടിരിക്കുകയും ചെയ്യുന്നു. പടിഞ്ഞാറന്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. എന്നാല്‍ ക്രിസ്ത്യാനികളായ ചില ജനാധിപത്യ രാഷ്ട്രീയക്കാരുടെ ആശയങ്ങളില്‍ പൂര്‍ണ്ണമായും കത്തോലിക്കാ തത്വങ്ങളില്‍ അധിഷ്ടിതമായതും കമ്മ്യൂണിസ്റ്റ്‌ വിമുക്തവുമായ ഒരു ജനാധിപത്യ ഐക്യരാജ്യം എന്ന ആശയം ഉണ്ടായിരുന്നു. രാഷ്ട്രങ്ങളുടെ ഈ ഐക്യം തിരുസഭയും-രാഷ്ട്രവും തമ്മിലുള്ള സഹകരണത്തില്‍ അധിഷ്ടിതമായിരുന്നു. റോബര്‍ട്ട് ഷൂമാന്‍, അല്‍സിഡെ ഗാസ്പെരി തുടങ്ങിയവരായിരുന്നു ഈ ആശയത്തിന്റെ ഉപജ്ഞാതാക്കള്‍. ഒന്നാം ലോകമഹായുദ്ധ കാലത്തെ തങ്ങളുടെ അനുഭവങ്ങളില്‍ നിന്നുമാണ് അവര്‍ക്ക്‌ ഈ ലോകകാഴ്ചപ്പാട് കിട്ടിയത്‌. യൂറോപ്പിൽ 1918-ലെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് ഷൂമാന്‍ ഒരു ഫ്രഞ്ചുകാരനും, അല്‍സിഡെ ഒരു ഇറ്റാലികാരനുമായി മാറി. ഇത് രാഷ്ട്രീയ അതിര്‍ത്തികളുടെ സ്ഥിരതകുറവിനെക്കുറിച്ച് ചിന്തിക്കുവാന്‍ അവരെ പ്രേരിപ്പിച്ചു.

അവരെല്ലാവരും കത്തോലിക്കാ വിശ്വാസികളായിരുന്നതിനാല്‍ തന്നെ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാട് ശക്തമായ മതവിശ്വാസത്തിലൂന്നിയതായിരുന്നു. അതില്‍ ഷൂമാന്‍ ഇപ്പോള്‍ വിശുദ്ധപദവിയിലേക്ക്‌ പരിഗണിക്കപ്പെട്ടിരിക്കുന്ന ഒരാളാണ്. ബെനഡിക്ട് പതിനഞ്ചാമന്‍ മാർപാപ്പായുടെ കാലം മുതലുള്ള പാപ്പാമാര്‍ നിര്‍ദ്ദേശിച്ചിരുന്ന ആശയങ്ങളും കണക്കിലെടുത്തായിരുന്നു ക്രിസ്തീയ മൂല്യങ്ങളിലൂന്നിയ ജനാധിപത്യ രാജ്യം എന്ന ആശയം അവര്‍ രൂപപ്പെടുത്തിയത്. 1930-മുതല്‍ തന്നെ മാർപാപ്പാമാര്‍ ഒരു ഏകീകൃത യൂറോപ്പിന് വേണ്ടി വാദിച്ചിരുന്നു. ലോകമഹായുദ്ധത്തിന്റെ വിഭജനങ്ങള്‍ ഒഴിവാക്കണമെന്ന് ശക്തമായി വാദിച്ചിരുന്നവരില്‍ ഒരാളായിരുന്നു ബെനഡിക്ട് പാപ്പാ.

ഇന്നത്തെ യൂറോപ്പ്യന്‍ യൂണിയന്റെ പൂര്‍വ്വ പിതാമാഹര്‍ ശക്തമായ കത്തോലിക്കാ വിശ്വാസമുള്ളവരായിരുന്നു എന്ന കാര്യം നിഷേധിക്കുവാന്‍ കഴിയുന്നതല്ല എന്നത് ഇതില്‍ നിന്നും മനസിലാക്കാവുന്നതാണ്. മാത്രമല്ല പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തേക്കുറിച്ചുള്ള 1950-ലെ വിശ്വാസസത്യ പ്രഖ്യാപനം അവര്‍ക്ക്‌ കൂടുതല്‍ പ്രചോദനവും നല്‍കി. കൂടാതെ 1957-ലെ റോം നയതന്ത്ര ഉടമ്പടിയാണ് ഇന്നത്തെ യൂറോപ്പ്യന്‍ യൂണിയന്റെ കരടു രേഖയായി ആയി വര്‍ത്തിക്കുന്നത് എന്നത് കൂടി കണക്കിലെടുക്കണം.

തങ്ങളുടെ പുതിയ ഐക്യത്തിന് വേണ്ട ഒരു പതാകയെ കുറിച്ച് ‘കൗണ്‍സില്‍ ഓഫ് യൂറോപ്പ്‌’ ആലോചിച്ചപ്പോള്‍ വെളിപാട് പുസ്തകത്തിലെ പന്ത്രണ്ടാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നത് പോലെയുള്ള പരിശുദ്ധ മാതാവിന്റെ ചിത്രമാണ് അവരുടെ മനസ്സില്‍ ഓര്‍മ്മ വന്നത്. “സ്വര്‍ഗ്ഗത്തില്‍ വലിയൊരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ, അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, ശിരസ്സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം” (വെളിപാട് 12:1). പാശ്ചാത്യ കലകളിലുടനീളം പരിശുദ്ധ മാതാവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത് നീലവസ്ത്രം ധരിച്ചു നില്‍ക്കുന്നതായിട്ടാണ്. പരമ്പരാഗതമായി കണ്ടു വരാറുള്ള പരിശുദ്ധ മാതാവിന്റെ ചിത്രത്തില്‍ നിന്ന് നടുവിലുള്ള പരിശുദ്ധ മാതാവിനെ മാത്രം ഒഴിച്ചു നിര്‍ത്തി നോക്കുന്നത് പോലെതന്നെയാണ് യൂറോപ്പ്യന്‍ യൂണിയന്റെ പതാകയില്‍ നോക്കുമ്പോള്‍ തോന്നുന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്.

അതിനാല്‍ ഇതിനെ ഒരു കത്തോലിക്കാ മിഥ്യാധാരണ എന്ന് പറഞ്ഞു തള്ളുവാന്‍ കഴിയുമോ? ഇതു ചോദിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല ആള്‍ ഈ പതാക രൂപകല്‍പ്പന ചെയ്ത ആര്‍സെനെ ഹെയിറ്റ്സ് ആണ്. ഈ പതാകയുടെ രൂപ കല്‍പ്പനയില്‍ പരിശുദ്ധ മാതാവിന്റെ ചിത്രം തന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഓഫ് യൂറോപ്പ്‌ 1956-ല്‍ സ്ട്രാസ്ബര്‍ഗ് കത്രീഡലിലേക്ക് ചിത്രപ്പണിയുള്ള ഒരു ഗ്ലാസ്സ് ജാലകം സംഭാവനയായി നല്‍കിയിരുന്നു. നീല പാശ്ചാത്തലത്തില്‍ പന്ത്രണ്ട് നക്ഷത്രങ്ങളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന പരിശുദ്ധ കന്യകാ മാതാവിന്റെ ചിത്രമായിരുന്നു ആ ജാലകത്തില്‍ ഉണ്ടായിരുന്നത്. 1955 ഡിസംബര്‍ 8-ന് അതായത് പരിശുദ്ധ മാതാവിന്റെ ‘അമലോല്‍ഭവ’ തിരുനാള്‍ ദിനത്തിലാണ് കൗണ്‍സില്‍ ഈ പതാകയുടെ രൂപകല്‍പ്പനയെ ഔദ്യോഗികമായി സ്വീകരിച്ചത് എന്നതും ഈ വാദത്തിനു ശക്തിപകരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച ഒരു കത്തോലിക്കാ തലമുറക്ക്, അതും ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിനു ശേഷം, എങ്ങിനെ മാതാവിനെ ഒഴിവാക്കികൊണ്ട് ഒരു പതാകക്ക് രൂപം നല്‍കുവാന്‍ സാധിക്കും ? അതിനാല്‍ തീര്‍ച്ചയായും യൂറോപ്പ്യന്‍ യൂണിയന്റെ പതാക, നടുവില്‍ നിന്നും മാതാവിനെ ഒഴിവാക്കികൊണ്ടുള്ള പരിശുദ്ധ മാതാവിന്റെ ചിത്രത്തിന്റെ ഒരു പ്രതീകം തന്നെയാണെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. ഒരു രാഷ്ട്രീയ സംവിധാനം വിശ്വാസത്തിന്റെ എല്ലാ ചാലുകളും അടക്കുവാന്‍ തീരുമാനിച്ചതുപോലെ പരിശുദ്ധ മാതാവിന്റെ ചിത്രത്തെ ഒഴിവാക്കിയത് എത്ര ഖേദകരമാണെന്ന് ചിന്തിച്ചു നോക്കൂ.


Related Articles »