News - 2025

നാല് നൂറ്റാണ്ടിന് ശേഷം മാതാവിന്റെ ഛായാചിത്രത്തിനു മുന്നില്‍ വിശേഷാല്‍ സമര്‍പ്പണം നടത്താന്‍ ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 06-12-2023 - Wednesday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിക്കു മുൻപിൽ അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി ഫ്രാൻസിസ് പാപ്പ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമര്‍പ്പിക്കും. സകലവിധ അനുഗ്രഹങ്ങളുടെയും പ്രതീകമായ റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ നേരിട്ടെത്തിയാണ് പാപ്പ തന്റെ മരിയ ഭക്തി പ്രകടമാക്കുക. 'സ്വർണ്ണറോസാപ്പൂ' പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇത് പാപ്പയുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നതാണ്.

സ്വർണ്ണറോസാപ്പൂ സമർപ്പിക്കുന്ന ഈ ചടങ്ങു നാനൂറു വർഷങ്ങൾക്കു ശേഷമാണ് 2023 ഡിസംബർ 8നു വീണ്ടും നടക്കുന്നത്. 1551-ൽ ജൂലിയസ് മൂന്നാമൻ പാപ്പായാണ് ആദ്യമായി സ്വർണ്ണറോസാപ്പൂ സമർപ്പിച്ചത്.തുടർന്ന് 1613-ൽ പോൾ അഞ്ചാമൻ പാപ്പായും ഈ ഐക്കൺ ചിത്രം പുതിയ കപ്പേളയിൽ പ്രതിഷ്ഠിക്കുന്ന അവസരത്തിൽ സ്വർണ്ണറോസാപ്പൂ സമർപ്പിച്ചു. ഡിസംബർ 8 ഇറ്റാലിയൻ സമയം ഉച്ചകഴിഞ്ഞു 3:30നു പാപ്പ ദേവാലയത്തിലെത്തുമെന്ന് സഭാനേതൃത്വം അറിയിച്ചു.

പാശ്ചാത്യലോകത്തെ ഏറ്റവും പഴക്കമേറിയ മരിയൻ തീർത്ഥാടനകേന്ദ്രമാണ് റോമിലെ മരിയ മജോറ ബസിലിക്ക. നൂറ്റാണ്ടുകളായി ആശ്രമങ്ങൾക്കും ഭരണാധികാരികൾക്കും പ്രമുഖ വ്യക്തിത്വങ്ങൾക്കും വിശ്വാസത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി സ്വർണ്ണറോസാപ്പൂ നൽകി ആദരിച്ചിരുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്.


Related Articles »