News - 2025
ജര്‍മ്മനിയിൽ പുരോഹിതരില്ലാത്ത ഇടവകകള്‍ നയിക്കുവാന്‍ അല്മായരെ നിയോഗിക്കുവാന്‍ നിർദ്ദേശം
സ്വന്തം ലേഖകന്‍ 29-03-2017 - Wednesday
ബെര്‍ലിന്‍: പുരോഹിതരുടെ കുറവു മൂലം ഇടവകകളെ ഇല്ലാതാക്കുകയോ, ഇടവകകൾ ഒരുമിപ്പിച്ചു വലിയ ഇടവകളാക്കുകയോ ചെയ്യുന്നതിന് പകരം അത്തരം ഇടവകകള്‍ നയിക്കുവാന്‍ അല്മായരെ അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശവുമായി ജെര്‍മ്മനിയിലെ മ്യൂണിക്കിലെ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സ്. 180-ഓളം അംഗങ്ങള്‍ ഉള്ള മ്യൂണിക്ക് രൂപതാ കൗണ്‍സിലിന്റെ പ്ലീനറി യോഗത്തില്‍ വെച്ചാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത്. ജെര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റും, ഫ്രാന്‍സിസ് പാപ്പായുടെ കര്‍ദ്ദിനാള്‍മാരുടെ ഉപദേശക സമിതിയിലെ അംഗവുമാണ് കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സ്.
മ്യൂണിക്ക് അതിരൂപതയില്‍ ഏതാണ്ട് 1.7 ദശലക്ഷത്തോളം കത്തോലിക്കരുണ്ട്. എന്നാല്‍ ഈ വര്‍ഷം ഒരാള്‍ മാത്രമേ പൗരോഹിത്യ പട്ടത്തിനുണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത്. ഇക്കാര്യത്തില്‍ സഭ പുതിയ വഴികള്‍ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്വമതികളായ വിവാഹിതരേയും പുരോഹിത ഗണത്തിലേക്കുയര്‍ത്തണമെന്ന കാര്യവും തിരുസഭ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാദേശിക ദേവാലയങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെ അടിവേരുകളാണെന്നും, അതിനാല്‍ അവ നിലനില്‍ക്കേണ്ടത് അത്യാവശ്യാമാണെന്നും, അതിനായി ഇടവകകളുടെ ചുമതല അത്മായരേയും ഏല്‍പ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരിമാരുടെ കുറവ് പരിഹരിക്കുവാനായി മ്യൂണിക്ക് അതിരൂപതയില്‍ സന്നദ്ധരായ അല്മായ വ്യക്തികളെ മുഴുവന്‍ സമയ ഇടവക ഭരണത്തിനായി നിയോഗിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു. ഇടവകകള്‍ ഇല്ലാതാകുന്നതിനും, ഇടവകകളെ കൂട്ടിയോജിപ്പിച്ച് വലിയ ഇടവകകളായി മാറ്റുന്നതിനും ഇതൊരു പരിഹാരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സഭയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശനം നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്” അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ കൗണ്‍സില്‍ ഫോര്‍ ദി എക്കണോമിയുടെ കൊ-ഓര്‍ഡിനേറ്റര്‍ കൂടിയായ അദ്ദേഹം “പ്രാദേശിക ദേവാലയം വളരെ പ്രധാനപ്പെട്ടതാണ്” എന്ന് പറഞ്ഞുകൊണ്ട്, പ്രാദേശികമായി ലഭിക്കുന്ന സ്വാധീനത്തോടും സഹായത്തോടും അനുസൃതമായിട്ടായിരിക്കണം അജപാലന ദൗത്യം മുന്നേറേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
നന്മയുള്ള ഉത്തമ കുടുംബ ജീവിതം നയിക്കുന്ന വിവാഹിതരേയും പൗരോഹിത്യത്തിലേക്ക് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ ആശയം തന്നെ ഈ അടുത്തകാലത്ത് ജെര്‍മ്മന്‍ ആഴ്ചപ്പതിപ്പായ ‘ഡി സെയിറ്റി’ന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പാ പങ്ക് വെച്ചിരുന്നു. എന്നാല്‍ ജെര്‍മ്മനിയെ മനസ്സില്‍ കണ്ടു കൊണ്ടായിരുന്നില്ല പാപ്പാ ആ ആശയം മുന്നോട്ട് വെച്ചതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ കഴിയുന്ന ബ്രസീലിലെ മഴക്കാടുകളിലെ ഗ്രാമങ്ങളിലുള്ള കത്തോലിക്കരെ ഉദ്ദേശിച്ചാണ് പാപ്പാ ആ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.