News

ലോകത്തിലെ ഏറ്റവും വലിയ ഇടവക ദുബായ് സെന്‍റ് മേരീസ് ദേവാലയം സുവര്‍ണ്ണ ജൂബിലി നിറവില്‍

സ്വന്തം ലേഖകന്‍ 30-03-2017 - Thursday

ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവകയായ ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയം സുവര്‍ണ്ണജൂബിലി നിറവില്‍. സുവര്‍ണ്ണജൂബിലി ചടങ്ങുകള്‍ ഏപ്രില്‍ 27,28 തീയതികളില്‍ നടക്കും. 1967 ഏപ്രില്‍ ഏഴിനാണ് ദേവാലയത്തിന്റെ കൂദാശ നിര്‍വഹിക്കപ്പെട്ടത്. ഇന്നു ആഴ്ചതോറും എണ്‍പതിനായിരത്തോളം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിശേഷ ദിവസങ്ങളില്‍ ഇത് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ വരും.

പതിമൂന്നില്‍ പരം ഭാഷകളിലായി ഇവിടെ വിശുദ്ധ ബലിയര്‍പ്പണം നടക്കുന്നു. 5 വൈദികരാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് നേതൃത്വം നല്‍കുന്നത്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഫിലിപ്പീന്‍സ്, ഇറാനിയന്‍, പാലസ്തീനിയന്‍, സ്പാനിഷ്, ജര്‍മ്മന്‍, എതോപ്യന്‍, തുടങ്ങിയ കമ്മ്യൂണിറ്റികളും ആഫ്രിക്കന്‍ കമ്മ്യൂണിറ്റികളും ഈ ഇടവകയ്ക്ക് കീഴിലാണ് തങ്ങളുടെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നത്.

സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍, പോളിഷ് തുടങ്ങീ നാലില്‍ അധികം റീത്തുകളില്‍ ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നുണ്ട്. അനുദിനം കുറഞ്ഞത് 5 ദിവ്യബലിയര്‍പ്പണം നടക്കുന്നുണ്ടെന്നതും ഇടവകയെ ലോകത്തിന് മുന്നില്‍ വ്യത്യസ്തമാക്കുന്നു. വേദപാഠ പഠനരംഗത്തും ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. 2 സ്കൂളുകളിലായി നടക്കുന്ന വേദപാഠ ക്ലാസ്സുകളില്‍ ഓരോ ക്ലാസിലും 40-ല്‍ പരം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

ഇടവകയുടെ ജൂബിലി മതപരമായ സഹിഷ്ണുതയുടെ ജൂബിലി കൂടിയാണെന്ന് വികാരി ഫാ. ലെനി ജെ എ കോണൂലി ഒഎഫ് എം ക്യാപ് പറഞ്ഞു. ഭരണാധികാരികളുടെ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ ഇക്കാലയളവില്‍ പാത്രീഭൂതരായി. എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി അറിയിക്കുന്നു. ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്. അതാണ് ഞങ്ങള്‍ക്ക് നല്കാനുള്ള സന്ദേശവും. ഫാ. ലെനി പറഞ്ഞു.

ഇടവകയുടെ ആരംഭ കാലഘട്ടങ്ങളില്‍ ബഹ്‌റിനില്‍ നിന്നുള്ള വൈദികരായിരുന്നു ശുശ്രൂഷയ്ക്കായി എത്തിയിരുന്നത്. ആഴ്ചയില്‍ ഒന്നുവീതം അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. 300 പേര്‍ക്കുള്ളതായിരുന്നു ആദ്യ ദേവാലയം. ഷെയ്ക്ക് റഷീദ് ആയിരുന്നു ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചത്.

തുടര്‍ന്നു വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നു 1989ൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനായി ദേവാലയം പുതുക്കി നിർമ്മിക്കുകയായിരിന്നു. ഇന്ന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവകയായാണ് ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയം അറിയപ്പെടുന്നത്.


Related Articles »