India - 2024

കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ ആഗോള സമ്മേളനം ദുബായില്‍

25-09-2019 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 101 ാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രഥമ ആഗോള സമ്മേളനം ദുബായില്‍ നടക്കും. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ദുബായിലെ മെയ്ദാന്‍ ഹോട്ടലിലാണു സമ്മേളനമെന്നു പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 രാജ്യങ്ങളില്‍നിന്നു പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ 'വിഷന്‍ 2025' പ്രോഗ്രാമിലൂടെ സമുദായത്തെ കേന്ദ്രീകൃതമായി മുന്നോട്ടുനയിക്കാനുള്ള വിവിധ പദ്ധതികളുടെ രൂപീകരണവും പ്രഖ്യാപനവുമാണു സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. 'നല്ല നാളേയ്ക്കായി ഒന്നായി മുന്നോട്ട്' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. സഭയിലെ മെത്രാന്മാരും സമുദായ പ്രമുഖരും സംഘടന നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവുമായ അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും.

സതേണ്‍ അറേബ്യന്‍ വികാരിയത്ത് ബിഷപ്പ് ഡോ. പോള്‍ ഹിന്റര്‍, യുഎഇ സാംസ്‌കാരിക മന്ത്രി ഷേക്ക് മുബാറക് അല്‍ നഹ്യാന്‍, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഗ്ലോബല്‍ സെക്രട്ടറി ബെന്നി പുളിക്കകര, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.

കത്തോലിക്ക കോണ്‍ഗ്രസ് കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, സമഗ്ര സാമൂഹ്യ ഉന്നമനം എന്ന വിഷയത്തില്‍ ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ്, വിഷന്‍ 2025 എന്ന വിഷയത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മാനേജ്മെന്റിലെ പ്രഫഷണലിസം എന്ന വിഷയത്തില്‍ ബംഗളൂരു സൈം ഗ്രൂപ്പ് ചെയര്‍മാന്‍ പ്രഫ. ജെ. ഫിലിപ്പ്, ചലഞ്ചസ് ഓഫ് മൈഗ്രന്റ്‌സ് എന്ന വിഷയത്തില്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറന്പില്‍, മാര്‍ ജോസഫ് കല്ലുവേലില്‍, പി.ജെ. ജോസഫ് എംഎല്‍എ, എംപി മാരായ ജോസ് കെ. മാണി, ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴികാടന്‍, സണ്ണി ജോസഫ് എംഎല്‍എ, മുന്‍ എംപി മാരായ പി.സി. തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, ബ്രിസ്‌റ്റോള്‍ മേയര്‍ ടോം ആതിദ്യ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എഎല്‍എസ് ഡല്‍ഹി ഡയറക്ടര്‍ ജോജോ മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂര്‍ (ഖത്തര്‍) തുടങ്ങിയവര്‍ പ്രസംഗിക്കും.


Related Articles »