News - 2024

പുരാതന ക്രിസ്ത്യാനികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന, 1400 വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 01-04-2017 - Saturday

ടെല്‍ അവീവ്: 1400-ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈസന്റൈന്‍ ചക്രവര്‍ത്തിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങള്‍ ഇസ്രായേലി പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ജെറുസലേമില്‍ നിന്നും ഏതാണ്ട് 7 കിലോമീറ്റര്‍ ദൂരത്തുള്ള എയിന്‍-ഹെമെദ് നാഷണല്‍ പാര്‍ക്കിനു സമീപത്തു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കെട്ടിടത്തില്‍ നിന്നുമാണ് ചരിത്രപരമായ വളരെ പ്രാധാന്യമുള്ള നാണയങ്ങള്‍ കണ്ടെടുത്തത്. ഇത് പുരാതന ക്രിസ്ത്യാനികളെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിക്കുമെന്ന്‍ പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

ജെസ്റ്റീനിയന്‍, മോറിസ്, ഫൊക്കാസ് എന്നീ ബൈസന്റൈന്‍ ചക്രവര്‍ത്തിമാരുടെ ചിത്രങ്ങളാണ് ഈ നാണയങ്ങളില്‍ ആലേഖനം ചെയ്തിരിക്കുനത്. നാണയങ്ങളുടെ മറുവശത്ത് ‘M’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. പുരാതന ക്രിസ്തീയ ജീവിതത്തെ കുറിച്ച്, പ്രത്യേകിച്ച് ബൈസന്റൈന്‍ സഭയെകുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ഈ നാണയങ്ങളില്‍ നിന്നും ലഭിക്കും എന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍.

604-609 നൂറ്റാണ്ടുകളിലേതെന്ന് കരുതപ്പെടുന്ന 9 ഓട്ടു നാണയങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പുരാതന ക്രിസ്തീയ ലോകത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഈ നാണയം വഴി ലഭിക്കുമെന്ന് ഗവേഷക പദ്ധതിയുടെ ഡയറക്ടറായ അനെറ്റെ ലാന്‍ഡസ്-നഗര്‍ പറഞ്ഞു. മുന്തിരി വീഞ്ഞ് നിര്‍മ്മിക്കുവാനുള്ള ചക്കും ഇതിന്റെ സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഏതാണ്ട് 614-ല്‍ പേര്‍ഷ്യന്‍ സൈന്യം വിശുദ്ധനാട് ആക്രമിച്ചു കൊണ്ടിരുന്ന അവസരത്തില്‍ സ്ഥലത്തിന്റെ ഉടമ ഈ നാണയങ്ങള്‍ പേര്‍ഷ്യക്കാരുടെ കയ്യില്‍ എത്താതിരിക്കുവാനായി ഒരു തുണിയില്‍ ഭദ്രമായി പൊതിഞ്ഞു കെട്ടിടത്തില്‍ നിക്ഷേപിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്.

നാണയങ്ങള്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലം ഒരു ചരിത്രസ്മാരകമെന്ന നിലയില്‍ സംരക്ഷിക്കുവാനാണ് തങ്ങളുടെ പദ്ധതി എന്ന് ജൂദാ ജില്ലയിലെ പുരാവസ്തുഗവേഷകനായ അമിത് ഷാദ്മാന്‍ അറിയിച്ചു. ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ള പുരാവസ്തുക്കളില്‍ നിന്നും ക്രിസ്തുവിന്റെ ജനനം മുതല്‍ക്കേ ഉള്ള കാര്യങ്ങള്‍ കൃത്യമായി പുനരാവിഷ്കരിക്കുവാന്‍ പുരാവസ്തുഗവേഷകര്‍ക്ക് കഴിയും എന്നാണ് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയുടെ തലവനായ ഗിദിയോണ്‍ അവ്നിയുടെ അഭിപ്രായം.


Related Articles »