India
അരങ്ങില്‍ വിസ്മയക്കാഴ്ചകളുമായി എന്റെ രക്ഷകന്‍: ബൈബിള്‍ മെഗാഷോ അങ്കമാലിയില്‍ എത്തുന്നു
സ്വന്തം ലേഖകന്‍ 02-04-2017 - Sunday
കൊച്ചി: അരങ്ങിലെ കാഴ്ചകളില്‍ പുതുമകളും വിസ്മയങ്ങളുമായി ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ എത്തുന്നു. പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയ്ക്ക്, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്ററാണു വേദിയൊരുക്കുന്നത്.
ബൈബിള്‍ സംഭവങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയിയോടെ സംഗീതവും ദൃശ്യവിസ്മയങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന കലാവിരുന്നാണു രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്റെ രക്ഷകന്‍. ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന സ്റ്റേജ് മെഗാഷോയുടെ പ്രത്യേകതയാണ്. ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള സെറ്റുകള്‍ കാണികള്‍ക്ക് അത്ഭുതക്കാഴ്ചകള്‍ സമ്മാനിക്കും. നാനാജാതി മതസ്ഥരായ 150 ഓളം കലാകാരന്മാര്‍ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും വേദിയെ വ്യത്യസ്തമാക്കുന്നു.
ഉല്പത്തി സംഭവങ്ങളിലൂടെയാണു മെഗാഷോ ആരംഭിക്കുന്നത്. തുടര്‍ന്നു ക്രിസ്തുവിന്റെ ജനനം മുതല്‍ പരസ്യജീവിതം, പീഡാസഹനം, കുരിശുമരണം, ഉത്ഥാനം തുടങ്ങിയ സംഭവങ്ങളിലൂടെയാണു അരങ്ങിലെ കാഴ്ചകള്‍ പുരോഗമിക്കുന്നത്. നൂറുകണക്കിനാളുകളും മൃഗങ്ങളുമെല്ലാം ചേര്‍ന്നുള്ള ബത്‌ലഹേമില്‍ നിന്നുള്ള പലായനം സദസിലൂടെ പുരോഗമിക്കുന്ന അവതരണം ഹൃദ്യമാണ്.
തിരുപ്പിറവി, ഹേറോദേസിന്റെ രാജകൊട്ടാര രംഗങ്ങള്‍, പിശാചിന്റെ പ്രലോഭനം, യേശുവിന്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, കുരിശു വഹിച്ചുകൊണ്ടു കാല്‍വരിയിലേക്കുള്ള യാത്ര, കുരിശുമരണം, പുനരുത്ഥാനം എന്നിവയുടെ ബൃഹത്തായ വേദിയിലുള്ള അവതരണം വേറിട്ടതാകുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ച സെറ്റില്‍ നിമിഷങ്ങള്‍ക്കകം മാറിമറയുന്ന ദൃശ്യങ്ങളും, ശബ്ദ, വെളിച്ച വിന്യാസങ്ങളും കേരളത്തിന് അപൂര്‍വക്കാഴ്ചയാണ്.
സൂര്യ കൃഷ്മൂര്‍ത്തിയുടെ നേതൃത്വത്തില്‍ റിഹേഴ്‌സല്‍ ക്യാമ്പ് മൂന്നു മാസത്തിലധികം നീണ്ടു. ക്രിസ്തുസംഭവങ്ങളുടെ ദൃശ്യപ്പകര്‍ച്ചയെന്ന നിലയില്‍ പ്രാര്‍ഥനപൂര്‍വവും വ്രതാനുഷ്ടാനങ്ങളോടെയുമാണ് അരങ്ങിലും അണിയറയിലുമുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തതെന്നു സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അഭിനയ പാടവമല്ല, മറിച്ച് പ്രാര്‍ഥനയും ഉപവാസവുമാണ് തങ്ങള്‍ക്ക് വേദിയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിക്കുന്നതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആര്‍.പി.പ്രദീഷാണ് യേശുക്രിസ്തുവിന്റെ വേഷം മെഗാഷോയില്‍ അനശ്വരമാക്കുന്നത്. തീയറ്റര്‍ ആര്‍ട്ടിസ്റ്റായ പ്രദീഷ് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നിര്‍ദേശമനുസരിച്ചു മൂന്നു മാസത്തോളം ഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം കുറച്ചും കഠിനപ്രയത്‌നങ്ങളാണ് അരങ്ങിലെത്താന്‍ നടത്തിയത്. ശരീരഭാഷയിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം ഇദ്ദേഹം മാറ്റം വരുത്തി. സൂര്യ തീയറ്റര്‍ ടീമാണ് മെഗാഷോയില്‍ അഭിനേതാക്കളായതും നൃത്തങ്ങള്‍ അവതരിപ്പിച്ചതും.
രംഗാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ച സൂര്യ കൃഷ്മൂര്‍ത്തിക്കൊപ്പം പാട്ടെഴുത്തിലൂടെ പ്രഫ.വി.മധുസൂദനന്‍ നായരും, സംഗീതത്തിലൂടെ പണ്ഡിറ്റ് രമേശ് നാരായണനും മേക്കപ്പിലൂടെ പട്ടണം റഷീദും ഉള്‍പ്പടെ പ്രമുഖര്‍ എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയുമായി കൈകോര്‍ക്കുന്നതു പുതിയൊരു മതേതര ദൃശ്യസംസ്‌കാരത്തിനു കൂടിയാണു തുടക്കം കുറിക്കുന്നത്.
മേയ് അഞ്ചു മുതല്‍ ഒമ്പതു വരെ അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു മെഗാഷോ അവതരണം. പ്രത്യേകം തയാറാക്കുന്ന ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ ദിവസവും രണ്ടു ഷോകള്‍ വീതമുണ്ടാകുമെന്നു സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍ അറിയിച്ചു. ഓരോ ദിവസവും സിനിമാ, സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ അതിഥികളായെത്തും. മെഗാഷോയുടെ ടിക്കറ്റുകള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍: 9633878597, 0484 2453048