News - 2025

ഇറാഖിലെ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പില്‍ സഹായഹസ്തവുമായി പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കോ

സ്വന്തം ലേഖകന്‍ 04-04-2017 - Tuesday

ഇര്‍ബില്‍: മൊസൂളിന്റെ അതിര്‍ത്തിയിലുള്ള മുസ്ലീം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സഹായഹസ്തവുമായി കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ സന്ദര്‍ശനം നടത്തി. രണ്ട് ക്യാമ്പുകളിലായി ഏതാണ്ട് 4000-ത്തോളം കുടുംബങ്ങള്‍ക്ക്‌ പണവും, മരുന്നും മറ്റ് അവശ്യസാധനങ്ങളും ഇറാഖി സഭയുടെ പേരില്‍ പാത്രിയാര്‍ക്കീസ്‌ വിതരണം ചെയ്തു. ഇസ്ലാമിക്‌ സ്റ്റേറ്റിന് ആധിപത്യമുള്ള മൊസൂള്‍ പട്ടണത്തിനു സമീപമുള്ള ഹമാമം അല്‍-ഹലീല്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് പാത്രിയാര്‍ക്കീസ്‌ ആദ്യം സന്ദര്‍ശനം നടത്തിയത്. അവിടെ ഏതാണ്ട് 25,000-ത്തോളം മുസ്ലീം അഭയാര്‍ത്ഥികളുമായി പാത്രീയാര്‍ക്കീസ് കൂടികാഴ്ച നടത്തി.

മൊസൂളില്‍ നിന്നും 20 മിനിട്ടോളം യാത്രാദൂരമുള്ള മറ്റൊരു അഭയാര്‍ത്ഥി ക്യാമ്പിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഏതാണ്ട് 11,000 ത്തോളം മുസ്ലീം അഭയാര്‍ത്ഥികള്‍ ഇവിടെ ഉണ്ടെന്നാണ് കണക്കുകള്‍. കൂടുതല്‍ ക്യാമ്പുകളില്‍ പോകാന്‍ പാത്രീയാര്‍ക്കീസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇറാഖി സൈന്യവും ജിഹാദി ഗ്രൂപ്പുകളും തമ്മിലുള്ള ശക്തമായ പോരാട്ടം കാരണം യാത്ര ഒഴിവാക്കുകയായിരിന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ ജീവിതം പ്രതീക്ഷിച്ചതിലും ദുരിതപൂര്‍ണ്ണമാണെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ക്രിസ്ത്യാനികളില്ലാത്ത മൊസൂള്‍ നഗരം പഴയ നഗരത്തേപോലെയല്ല, ക്രിസ്ത്യാനികളോടു മൊസൂളിലേക്ക് തിരികെ വരുവാന്‍ പറയുക” എന്നു മുസ്ലിം അഭയാര്‍ത്ഥികള്‍ തങ്ങളോട് അഭ്യര്‍ത്ഥിച്ചതായും പാത്രിയാര്‍ക്കീസ് മാര്‍ ലൂയീസ്‌ പറഞ്ഞു. ഇറാഖ്‌ പഴയതു പോലെയാകും എന്ന ആത്മവിശ്വാസവും, പ്രതീക്ഷയും അവര്‍ക്ക്‌ നല്‍കുവാന്‍ തങ്ങളുടെ സന്ദര്‍ശനം വഴി കഴിഞ്ഞതായി പാത്രിയാര്‍ക്കീസ്‌ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖി സൈന്യം ജിഹാദി ഗ്രൂപ്പുകള്‍ക്കു എതിരെ കടുത്ത ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്‌. തുടര്‍ച്ചയായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരിയിലാണ് ഇറാഖി സേന ഐ‌എസിനെ കിഴക്കന്‍ മൊസൂളില്‍ നിന്നും തുരത്തിയത്. മൊസൂള്‍ നഗരത്തിന്റെ പൂര്‍ണ്ണ ആധിപത്യമാണ് സൈന്യത്തിന്റെ ലക്ഷ്യം. അതേ സമയം പടിഞ്ഞാറന്‍ മേഖലയില്‍ രാജ്യത്തിന്റെ പൈതൃകങ്ങളായി സ്ഥിതി ചെയ്യുന്ന ചില പുരാതന ദേവാലയങ്ങള്‍ ഐ‌എസിന്റെ ഭീഷണിയിലാണ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം ഇറാഖിലെ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.


Related Articles »