News - 2025
നൈജീരിയയില്‍ ഒരു വൈദികന് മോചനം; 2 വൈദികരെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 24-02-2025 - Monday
അബൂജ: നൈജീരിയയിലെ ഷെണ്ടം കത്തോലിക്കാ രൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കാണ് സായുധ പോരാളികളുടെ തടവില്‍ നിന്നു അത്ഭുതകരമായി മോചിക്കപ്പെട്ടത്. രാജ്യ തലസ്ഥാനമായ അബൂജയിലെ കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള അജ്ഞാത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് വൈദികന്‍. ഷെണ്ടം രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഫാ. ജോസഫ് ഓസ്കാർ പാമാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നത്.
ഫെബ്രുവരി 6-നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ നിന്ന് വൈദികന്‍ യഥാർത്ഥത്തിൽ രക്ഷപ്പെടുകയായിരിന്നുവെന്നും അബൂജയിലെ ഒരു അജ്ഞാത പ്രദേശത്ത് അദ്ദേഹത്തിന് വൈദ്യ പരിചരണം നൽകുകയാണെന്നും ഫാ. ജോസഫ് ഓസ്കാർ പാം പറഞ്ഞു. അതേസമയം നൈജീരിയയില്‍ നിന്ന്‍ മറ്റ് രണ്ട് കത്തോലിക്ക വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി. യോല കത്തോലിക്കാ രൂപതാംഗമായ ഫാ. മാത്യു ഡേവിഡ് ദത്സെമി, ജലിങ്കോ രൂപതാംഗമായ ഫാ. എബ്രഹാം സൗമ്മം എന്നിവരെ ഫെബ്രുവരി 22 ന് തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് സഭാനേതൃത്വം അറിയിച്ചു.
നൈജീരിയയിലെ അഡമാവാ സംസ്ഥാനത്തെ ഡെംസ ലോക്കൽ ഗവൺമെൻ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഗ്വേദ-മല്ലത്തിലെ പ്രീസ്റ്റ് റെക്‌റ്ററിയില്‍ നിന്നാണ് ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ഇരു വൈദികരെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. വൈദികരുടെ സുരക്ഷിതമായ മോചനത്തിനായി യോലയിലെ കത്തോലിക്കാ രൂപത തീക്ഷ്ണമായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്ന് ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പറഞ്ഞു.
ക്രൈസ്തവർ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകലിനും, നിർബന്ധിത വിവാഹത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാക്കപ്പെടുന്ന രാജ്യമാണ് ഇന്ന്‍ നൈജീരിയ. ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബോക്കോ ഹറാം, ഫുലാനികൾ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നിവയിൽനിന്നാണ് കൂടുതലായി ക്രൈസ്തവർ ഭീഷണി നേരിടുന്നത്. അതേസമയം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് രാജ്യത്തു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. മോചനദ്രവ്യം ലക്ഷ്യംവെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ നടക്കുന്നത്. അടുത്ത കാലത്ത് നിരവധി നൈജീരിയന്‍ വൈദികര്‍ ബന്ദികളായിരിക്കെ കൊല്ലപ്പെട്ടിട്ടുണ്ട്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
