News - 2025
ശസ്ത്രക്രിയ വിജയകരം; സിസ്റ്റര്‍ മെറിന്റെ വൃക്ക ഷാജുവില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
സ്വന്തം ലേഖകന്‍ 06-04-2017 - Thursday
കൊച്ചി: ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കി സിസ്റ്റര്‍ മെറിന് പോള്‍ ദാനം ചെയ്ത വൃക്ക കൊല്ലം നിലമേൽ സ്വദേശി ഷാജുവിന്റെ ശരീരത്തിൽ പ്രവര്‍ത്തിച്ചു തുടങ്ങി. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമാണെന്നും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
ലേക് ഷോറിലെ യൂറോളജി വിഭാഗം തലവൻ ഡോ. ജോർജ് പി. ഏബ്രഹാം, ഡോ. ഡാറ്റ്സണ്‍ ജോർജ്, ഡോ. വിജയ് രാധാകൃഷ്ണൻ, ഡോ. മോഹൻ മാത്യു, ഡോ. എബി ഏബ്രഹാം എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്.
രോഗം ബാധിച്ച് ഒരു വൃക്ക നേരത്തേ നീക്കം ചെയ്തിരുന്ന ഷാജുവിന് അടുത്ത വൃക്കയും തകരാറിലായതോടെയാണ് ഉടനെ തന്നെ അവയവം മാറ്റിവെക്കണമെന്ന് ഡോക്ടറുമാര് നിര്‍ദ്ദേശിച്ചത്. ആകെയുണ്ടായിരുന്ന സ്ഥലം വിറ്റു ചികിത്സയ്ക്കു ശ്രമിക്കുന്ന മുപ്പത്തിയേഴുകാരനായ ഷാജുവിനെക്കുറിച്ചു ഫാ. ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെയാണു സിസ്റ്റർ മെറിന് പോള്‍ അറിഞ്ഞത്.
തൃശൂർ അരണാട്ടുകര ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സായിരിന്ന സിസ്റ്റർ മെറിൻ പോൾ ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണു വൃക്കദാനത്തിനു സന്നദ്ധയായത്. തുടര്‍ന്നു കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേന നടപടിക്രമങ്ങൾ പൂര്ത്തിയാക്കിയാക്കുകയായിരിന്നു.
![](/images/close.png)