News - 2025
പെസഹാ വ്യാഴാഴ്ച ശുശ്രൂഷയില്‍ മാർപാപ്പ തടവുകാരുടെ കാല്‍ കഴുകും
സ്വന്തം ലേഖകന്‍ 07-04-2017 - Friday
വത്തിക്കാൻ: പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയില്‍ മാർപാപ്പ, പാലിയാനോ ജയിലിലെ അന്തേവാസികളുടെ കാല്‍കഴുകും. ഏപ്രില്‍ 13 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മാർപാപ്പ പാലിയാനോ ജയിലിലേക്ക് പോയി കാല്‍ കഴുകുമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കുന്ന ബലിയർപ്പണത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്കിടയിലാണ് ശുശ്രൂഷ ഒരുക്കിയിരിക്കുന്നത്.
മാർപാപ്പയായി സ്ഥാനാരോഹണം ചെയ്തതു മുതൽ, വി.കുർബാന സ്ഥാപിതമായ അന്ത്യത്താഴ വിരുന്ന് അനുസ്മരിക്കുന്ന ബലി തടവുകാർക്കൊപ്പം നടത്തുന്ന പതിവ് ഫ്രാൻസിസ് മാർപാപ്പ തുടരുകയാണെന്നത് ശ്രദ്ധേയമാണ്. 2013 ലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച ശുശ്രൂഷയിൽ റോമാ കാസൽ ഡെൽ മാർമോ ജയിലില്‍ സ്ത്രീകളും മുസ്ളിമുകളും അടങ്ങുന്ന തടവുകാരുടെ പാദങ്ങളാണ് മാർപാപ്പ കഴുകിയത്.
2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്റർ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും കഴിഞ്ഞ വർഷം ഹൈന്ദവ, മുസ്ളിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും പാദങ്ങളാണ് മാര്‍പാപ്പ കഴുകിയത്. അന്ത്യ അത്താഴവേളയിൽ യേശു 12 ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ചുകൊണ്ടാണ് പെസഹാവ്യാഴാഴ്ച ഈ ശുശ്രൂഷ നടത്തുന്നത്.
![](/images/close.png)