News
ഈജിപ്തില്‍ ഓശാന ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഐഎസ് ചാവേറാക്രമണം: 45 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 10-04-2017 - Monday
കെയ്റോ: ഓശാന ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഈജിപ്തിലെ അലക്സാണ്ട്രിയ, ടാന്‍ഡ എന്നീ നഗരങ്ങളിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളില്‍ ഭീകരാക്രമണം. രണ്ടു ദേവാലയങ്ങളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ 45 പേര്‍ മരിക്കുകയും, 100-ലധികം പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു.
മരണനിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് നേരെ സമീപകാലങ്ങളില്‍ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണമാണ്.
കെയ്റോയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ നൈല്‍ നദീതടത്തിലുള്ള ടാന്‍ഡ നഗരത്തിലെ സെന്റ് ജോര്‍ജ് പള്ളിയില്‍ രാവിലെ 9.30-നാണ് ആദ്യത്തെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ചുരുങ്ങിയത് 27-ഓളം പേര്‍ മരിക്കുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മണിക്കൂറുകൾക്കുശേഷം ചരിത്രപ്രാധാന്യമുള്ള അലക്സാൻഡ്രിയയിലെ സെന്റ് മാർക് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രലിലും ചാവേറാക്രമണമുണ്ടായി.
ഇതില്‍ 16 പേര്‍ മരണപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നീല വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ എത്തുകയും മെറ്റല്‍ ഡിറ്റക്ടറിനു നേരെ തിരിയുകയും ചെയ്യുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ഒരു യുവതിയുമായി സംസാരിച്ചു നിന്ന വനിതാ പോലീസിനെ മറികടന്ന് അയാള്‍ മെറ്റല്‍ ഡിറ്റക്ടറില്‍ എത്തിയപ്പോഴേക്കും സ്ഫോടനം നടന്നു. വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ശേഷം തവദ്രോസ് രണ്ടാമന്‍ ദേവാലയം വിട്ടതിനു തൊട്ടുപിന്നെയായിരുന്നു ആക്രമണം നടന്നത്.
സീനായി മേഖലയില്‍ സുരക്ഷാ സൈന്യവുമായി പോരാടികൊണ്ടിരിക്കുന്ന ഐസിസ് തങ്ങളുടെ ശ്രദ്ധ സാധാരണ ജനങ്ങളിലേക്ക് തിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈജിപ്തിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള വീഡിയോ അടുത്തകാലത്ത് ഐസിസ് പുറത്ത് വിട്ടിരുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുന്നില്ല എന്ന കോപ്റ്റിക് ക്രൈസ്തവരുടെ പരാതി ശരിവെക്കുന്നതാണ് പുതിയ ആക്രമണങ്ങള്‍.
![](/images/close.png)