News - 2025
താമരശ്ശേരി രൂപതാ വൈദികനായ ഫാ. ആന്റണി കൊഴുവനാലിനു മോൺസിഞ്ഞോർ പദവി
സ്വന്തം ലേഖകന്‍ 11-04-2017 - Tuesday
കോഴിക്കോട്: താമരശ്ശേരി രൂപതാ വൈദികനും ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിന്റെ ഡയറക്ടറുമായ ഫാ. ആന്റണി കൊഴുവനാലിനു മോണ്‍സിഞ്ഞോര്‍ പദവി. ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്സ്’ എന്ന പദവിയാണ് ഫാ. ആന്റണി കൊഴുവനാലിന് ലഭിച്ചിരിക്കുന്നത്. വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് താമരശ്ശേരി രൂപത ആസ്‌ഥാനത്തു ലഭിച്ചു.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറി കാര്യാലയത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന ബഹുമതിപത്രം പൗരസ്ത്യ തിരുസംഘത്തിന്റെ ഓഫീസ് വഴി ഇന്ത്യയിലെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നാണ് താമരശ്ശേരി രൂപതാകേന്ദ്രത്തില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 29-ാം തീയതി പുല്ലൂരാംപാറയില്‍ വച്ചു നടക്കുന്ന രൂപതാദിനാഘോഷങ്ങള്‍ക്കിടയില്‍ ഫാ. ആന്റണി കൊഴുവനാലിന് മോണ്‍സിഞ്ഞോര്‍ പദവി ഔദ്യോഗികമായി നല്‍കുമെന്ന് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു.
1944 സെപ്റ്റംബര്‍ 8-ാം തീയതി കര്‍ഷക കുടുംബത്തില്‍ ജനിച്ച ഫാ. ആന്‍റണി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയിലും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1971 ല്‍ തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നാണ് തിരുപട്ടം സ്വീകരിച്ചത്. അന്നത്തെ തലശ്ശേരി രൂപതയിലെ ഇടവകകളില്‍ അജപാലനശുശ്രൂഷ ആരംഭിച്ച ഫാ. ആന്‍റണി പിന്നീട് ആറ് വര്‍ഷക്കാലം വിശ്വാസപരിശീലന വിഭാഗത്തിലും സേവനം ചെയ്തു.
1986 ല്‍ താമരശ്ശേരി രൂപത രൂപീകൃതമായപ്പോള്‍ അദ്ദേഹം പുതിയ രൂപതയുടെ ഭാഗമായി. ഇതിനിടെ കാനഡയിലെ ടോറോണ്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ഡോക്ടറേറ്റ് നേടിയിരിന്നു. രൂപതയുടെ ആരംഭഘട്ടത്തില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയോട് ചേര്‍ന്ന് രൂപതയുടെ വികസനത്തില്‍ നേതൃത്വം കൊടുത്തത് ഫാ. ആന്‍റണിയായിരുന്നു.
മേരിക്കുന്നില്‍ രൂപതയുടെ അജപാലനകേന്ദ്രമായ പി.എം.ഒ.സി. സ്ഥാപിക്കുന്നതിലും വിശ്വാസപരിശീലന വിഭാഗത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലും വൈദികന്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. നിലവില്‍ രൂപതയുടെ ആലോചനാ സമിതിയംഗം കൂടിയാണ് ഫാ. ആന്റണി കൊഴുവനാല്‍.
![](/images/close.png)