India - 2024
കൊച്ചി രൂപതയിൽ രണ്ട് വൈദികര്‍ക്ക് മോൺസിഞ്ഞോർ പദവി; 5 അല്‍മായര്‍ക്ക് പേപ്പല്‍ ബഹുമതി
സ്വന്തം ലേഖകന്‍ 16-06-2018 - Saturday
കൊച്ചി: കത്തോലിക്ക സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ച് കൊച്ചി രൂപതയിലെ രണ്ടു വൈദികരും അഞ്ചു അൽമായരും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പേപ്പൽ ബഹുമതി. ഫാ. ആൻറണി തച്ചാറ, ഫാ. ആൻറണി കൊച്ചു കരിയില്‍ എന്നീ വൈദികര്‍ക്ക് ആജീവനാന്ത 'മോൺസിഞ്ഞോർ' പദവി നല്‍കിയാണ് സഭ ആദരിച്ചിരിക്കുന്നത്. ഒരു അൽമായന് ആജീവനാന്ത ഷെവലിയാർ പദവിയും, നാലുപേർക്ക് സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന “പ്രോ എക്ലേസിയാ ഡി പൊന്തിഫിക്കേ” ബഹുമതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡോ. എഡ്വേർഡ് എടേഴത്തിനെയാണ് സഭ ഷെവലിയാര്‍ പദവി നല്‍കി ആദരിച്ചിരിക്കുന്നത്. അഡ്വ. ജോസി സേവ്യർ, എം.എസ്. ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്കാണ് “പ്രോ എക്ലേസിയാ ഡി പൊന്തിഫിക്കേ” എന്ന പേപ്പല്‍ പദവി ലഭിച്ചിരിക്കുന്നത്. തന്റെ വൈദിക ജീവിതത്തിന്റെ അന്‍പതാം വർഷമായ 1888 ജൂലൈ 17-നാണ് ലിയോ പതിമൂന്നാമൻ പാപ്പാ ഇത്തരം പ്രത്യേക പദവികൾ സഭയിൽ സ്‌ഥാപിച്ചത്. ജൂൺ 28-ന് പ്രത്യേകം നടക്കുന്ന ചടങ്ങില്‍ കൊച്ചി രൂപതാ മെത്രാന്‍ ജോസഫ് കരിയിൽ പേപ്പൽ ബഹുമതികൾ സമ്മാനിക്കും.