News
ഹിന്ദുമത വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ജോയ്‌ഷിത ഇപ്പോള്‍ തന്റെ ഗ്രാമത്തില്‍ ഒരു ദേവാലയം പണിയുവാനുള്ള ശ്രമത്തില്‍
സ്വന്തം ലേഖകന്‍ 12-04-2017 - Wednesday
ധാക്കാ: ഹിന്ദുമത വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ജോയ്‌ഷിതാ റോയ് അഗസ്റ്റ്യന്‍ ഇന്നു തന്റെ ഗ്രാമത്തില്‍ ഒരു ദേവാലയം പണിയുവാനുള്ള ശ്രമത്തിലാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ബംഗ്ലാദേശിലെ പീര്‍ഗഞ്ച് സ്വദേശിയായ ജോയ്‌ഷിതാ റോയ് അഗസ്റ്റ്യനും മാലിബാറ നിവാസികള്‍ക്കും ലോകത്തോട് പറയാനുള്ളത് അതിജീവനത്തിന്റെ ക്രൈസ്തവ സാക്ഷ്യമാണ്. ഓശാന ഞായര്‍ 'ഓശാന വെള്ളി'യായി ആചരിക്കുന്ന, ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ 50 കിലോമീറ്ററുകളോളം ദൂരം താണ്ടുന്ന അതിജീവനത്തിന്റെ സാക്ഷ്യം.
വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന താക്കൂര്‍ഗാവ് എന്ന ജില്ലയിലെ പീര്‍ഗഞ്ച് സ്വദേശിയായ ജോയ്‌ഷിതാ ഹിന്ദു മത വിശ്വാസിയായിരുന്നു. താന്‍ വിശ്വസിക്കുന്ന ദൈവത്തിലും തന്റെ മതത്തിന്റെ പ്രത്യയശാസ്ത്രത്തിലും അടിയുറച്ച് നിന്ന ജോയ്‌ഷിതാ പീര്‍ഗഞ്ചില്‍ വെച്ചു തന്നെയാണ് സ്മൃതി മുര്‍മുവിനെ ആദ്യമായി കണ്ടെത്. പിന്നീട് അദ്ദേഹം കത്തോലിക്ക വിശ്വാസിയായ സ്മൃതിയെ വിവാഹം ചെയ്യുകയായിരിന്നു.
വര്‍ഷങ്ങള്‍ കഴിയും തോറും തന്റെ ഭാര്യയ്ക്കു യേശുവിലുള്ള വിശ്വാസം കൂടുതല്‍ ബലപ്പെടുന്നതായി മനസ്സിലാക്കിയ ജോയ്‌ഷിത യേശുവിനെ തന്‍റെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷമാണ് ജോയ്‌ഷിതായും അദ്ദേഹത്തിന്റെ രണ്ടു മക്കളും കൂടാതെ വിവിധ മതവിശ്വാസങ്ങളിലുള്ള 40-ഓളം പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നത്.
“ഞാനും എന്റെ ഭാര്യയുടെ കൂടെ ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങി. വൈദികന്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. അവിടത്തെ കൂദാശകളും പ്രാര്‍ത്ഥിക്കുന്ന രീതിയും എനിക്ക് നല്ലതായി തോന്നി. അത് എന്റെ മതത്തിലേ പോലെ ആയിരുന്നില്ല. ഇത് എന്നില്‍ ചെലുത്തിയ ഈ സ്വാധീനം ഒരു ക്രിസ്ത്യാനിയാകുവാന്‍ എന്നെ പ്രേരിപ്പിക്കുകയായിരിന്നു”. താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് പിന്നില കാരണങ്ങള്‍ ജോയ്‌ഷിതാ ഏഷ്യാന്യൂസ് ലേഖകനോട് വിവരിച്ചു.
ജോയ്‌ഷിത മാലിബാറയില്‍ എത്തിയപ്പോള്‍ അവിടെ 12 ക്രിസ്തീയ കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥിക്കുവാനുള്ള ദേവാലയം പോലും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്തുവിനെ തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ച ജോയിഷ അനേകരെ യേശുവിലേക്ക് ആനയിച്ചു. ഇപ്പോള്‍ അവിടെ 60 കത്തോലിക്കാ കുടുംബവും, 60 പ്രൊട്ടസ്റ്റന്റു കുടുംബങ്ങളും ഉണ്ട്.
5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തൊട്ടടുത്ത ഇടവകയായ ഫോക്കാല്‍ ആരാധനക്കും വിശുദ്ധ കുര്‍ബാനയ്ക്കുമായി 50 കിലോമീറ്റര്‍ ദൂരത്ത് ഒരു കെട്ടിടം വാടകക്കെടുത്തത്. ഇപ്പോള്‍ ആ കെട്ടിടം വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഒരു ദേവാലയമായി മാറിയിരിക്കുകയാണ്. തങ്ങളുടെ ഗ്രാമത്തില്‍ നിന്ന്‍ ദൂരം ഏറെയുണ്ടെങ്കിലും ദേവാലയം സന്ദര്‍ശിച്ച് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും മാറി മാറി ആരാധനകള്‍ നടത്തി വരുന്നു. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളതെന്നും ജോയിഷ ഏഷ്യാ ന്യൂസിനോട് പറഞ്ഞു.
പ്രദേശവാസികള്‍ ഏര്‍പ്പെടുന്ന തൊഴിലില്‍ വെള്ളിയാഴ്‌ച അവധി ലഭിക്കുന്നതിനാല്‍ എല്ലാ വെള്ളിയാഴ്ചകളിലും പുരോഹിതര്‍ വരുകയും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു വരുന്നു. പ്രദേശത്തെ ക്രൈസ്തവര്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുരുത്തോല തിരുന്നാള്‍ ആഘോഷിച്ചതെന്ന്‍ ജോയിഷ വെളിപ്പെടുത്തി. തങ്ങളുടെ അടുത്ത് ഒരു ദേവാലയം ഉയരുന്നതിനായി അനുദിനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയാണെന്നു ജോയ്‌ഷിതയുടെ ഭാര്യയായ സ്മൃതി മുര്‍മു പറയുന്നു.
തങ്ങള്‍ അനുഭവിച്ചറിഞ്ഞ ഈശോയേ ആരാധിക്കുവാന്‍ ഒരു കൊച്ചുദേവാലയം നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ് ജോയിഷ അടക്കമുള്ള മാലിബാറിയിലെ വിശ്വാസികള്‍. തങ്ങള്‍ക്ക് മുന്നിലുള്ള സാഹചര്യങ്ങള്‍ പരിമിതങ്ങളാണെങ്കിലും സ്വന്തമായി ഒരു ദേവാലയമില്ലെങ്കിലും ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള ഇത്തരം ഗ്രാമീണ കുടുംബങ്ങളുടെ വിശ്വാസതീക്ഷ്ണത അനേകര്‍ക്ക് മുന്നില്‍ വലിയ സാക്ഷ്യമായി മാറുകയാണ്.
![](/images/close.png)