News - 2024

ദുഃഖവെള്ളിയാഴ്ച ഡിജിറ്റൽ ഇന്ത്യ ദിനമായി ആചരിക്കാനാവില്ല: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ അപലപിച്ച് മേഘാലയ

സ്വന്തം ലേഖകന്‍ 12-04-2017 - Wednesday

കൊഹിമ: കാല്‍വരിയിലെ ക്രിസ്തുവിന്റെ മരണത്തെ അനുസ്മരിക്കുന്ന ദുഃഖ വെള്ളിയാഴ്ച ഡിജിറ്റൽ ഇന്ത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രസർക്കാർ നിര്‍ദ്ദേശത്തെ അപലപിച്ചു മേഘാലയ സർക്കാർ. ദുഃഖ വെള്ളിയാഴ്ച ക്രിസ്ത്യാനികൾക്കു പ്രധാനപ്പെട്ട ദിവസമാണെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുന്ന തരത്തിലുള്ള പരിപാടികളെ മേഘാലയ സർക്കാർ പ്രോൽസാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുകുൾ സാങ്മ പ്രസ്താവനയിറക്കി. വിഷയവുമായി ബന്ധപ്പെട്ടുള്ള തന്റെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പങ്കുവെച്ചിട്ടുണ്ടെന്നും, അനുകൂലമായ നടപടി കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിഷയത്തിലുള്ള എതിർപ്പ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെ സംസ്ഥാനം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 2011 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം മേഘാലയയിലെ മുഴുവന്‍ ജനസംഖ്യയുടെ 75 ശതമാനവും ക്രൈസ്തവരാണ്. അയല്‍ സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ ക്രൈസ്തവ സാന്നിധ്യമാണുള്ളത്.

നേരത്തെ ക്രിസ്തുമസ് ദിനത്തില്‍ മുന്‍പ്രധാനമന്ത്രി എബി വാജ്പേയിയുടെയും ഹിന്ദുമഹാസഭ നേതാവ് മദന്‍മോഹന്‍ മാളവ്യയുടെയും ജന്മദിനമായി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് വന്‍പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. 'സദ്ഭരണ ദിനം' എന്ന പേരില്‍ ഡിസംബര്‍ 25 ആഘോഷിക്കണമെന്നാണ് അന്ന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്.


Related Articles »