Editor's Pick

ബിഷപ്പുമാരും പുരോഹിതരും ഈ നവീകരണ പ്രസ്ഥാനത്തെ കണ്ടില്ലെന്ന് ഭാവിക്കരുത്. പകരം, പൂർണ്ണമനസ്സോടെ അതിനെ സ്വാഗതം ചെയ്യണം : കരിസ്മാറ്റിക് നവീകരണത്തെക്കുറിച്ച് മാർപാപ്പാമാർ പറഞ്ഞത്

സ്വന്തം ലേഖകൻ 04-12-2015 - Friday

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും കത്തോലിക്കാസഭ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. നിരവധി വൈദികരും കന്യാസ്ത്രീകളും തങ്ങളുടെ പ്രതിഷ്ഠാജീവിതം ഉപേക്ഷിച്ചു; വിശ്വാസികളില്‍ വിശ്വാസചൈതന്യം കുറഞ്ഞു; പ്രാര്‍ത്ഥനാ ജീവിതത്തിനു തകര്‍ച്ചയുണ്ടായി. തന്മൂലം ആദ്ധ്യാത്മികത മന്ദീഭവിച്ചു; സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ക്കു വിലയിടിഞ്ഞു; ധാര്‍മ്മികബോധം യുവജനങ്ങള്‍ക്കില്ലാതായി; ഭാവിയെപ്പറ്റിയുള്ള ആശങ്കയും ഉത്കണ്ഠയുംകൊണ്ട് അവര്‍ അസ്വസ്ഥരും വിപ്ളവകാരികളുമായി; സഭയുടെ സനാതന തത്വങ്ങള്‍ വെല്ലുവിളിക്കപ്പെട്ടു; ക്രിസ്തുവിന്‍റെ തിരുവുത്ഥാനവും ദിവ്യത്വവും വിവാദവിഷയങ്ങളുമായി.

മേല്‍പ്പറഞ്ഞ നിഷേധാത്മകപ്രവണതകളെ എങ്ങനെ നേരിടും? സഭാംഗങ്ങളുടെ തിന്മയിലേക്കുള്ള ത്വരിതപ്രയാണത്തെ എങ്ങനെ തടയും? അധ:പതിച്ചവരെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലേയ്ക്ക് എങ്ങനെ പ്രത്യാനയിക്കും? ഇമ്മാതിരി ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍ സഭാധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഭയ്ക്കു സമര്‍ത്ഥമായ നേതൃത്വം നല്‍കിക്കൊണ്ടിരുന്ന പണ്ഡിതാഗ്രേസരനും പുണ്യശ്ലോകനുമായിരുന്ന പന്ത്രണ്ടാം പീയൂസ് പാപ്പാ ദിവംഗതനായത്. അകാലത്തില്‍ അന്തരിച്ച ആ പാപ്പായെപ്പോലെ പ്രാപ്തനും ഭരണനിപുണനുമായ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ കര്‍ദ്ദിനാളന്‍മാരുടെ കോണ്‍ക്ലേവ് കൂടിയെങ്കിലും ആരെയും കണ്ടുകിട്ടിയില്ല. ഒടുവിന്‍ തല്‍ക്കാലത്തേക്ക് എന്നവണ്ണം വയോവൃദ്ധനായ കര്‍ദ്ദിനാള്‍ റൊങ്കാലിയെ തെരഞ്ഞെടുത്തു. ജോണ്‍ 23-ാമന്‍ എന്ന പേരില്‍ അദ്ദേഹം സ്ഥാനാരോഹണം ചെയ്തു.

വാസ്തവത്തില്‍ ആ തെരഞ്ഞെടുപ്പിലൂടെ പരിശുദ്ധാരൂപിയാണ് സഭയെ നയിക്കുന്നതെന്ന സത്യം ഒരിക്കല്‍ക്കൂടെ തെളിയിക്കപ്പെട്ടു. പുതിയ പാപ്പാ ഒരു ധാര്‍മ്മിക വിപളവകാരിയായി മാറി. നിരന്തരം മലിനീകൃതമായിക്കൊണ്ടിരുന്ന സഭാന്തരീക്ഷം സംശുദ്ധമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഒരു പുതിയ പെന്തക്കോസ്തായിലെന്നപോലെ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും ശക്തമായ പ്രവര്‍ത്തനവും സഭയ്ക്കു ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും കരിസ്മാറ്റിക് നവീകരണവും

ഇരുപതാം നൂറ്റാണ്ടിലെ കത്തോലിക്കാസഭയില്‍ നടന്ന ഏറ്റവും വലിയ സംഭവമാണ് വത്തിക്കാന്‍ സൂനഹദോസ്. പുരോഗമനാത്മകങ്ങളും നവീനാശയങ്ങളുള്‍ക്കൊളളുന്നതുമായ കൗണ്‍സിലിന്‍റെ പ്രമാണരേഖകള്‍ സഭയേയും ലോകത്തേയും വിസ്മയിപ്പിച്ചു. അവയിലൂടെ പെന്തക്കുസ്താരൂപിയുടെ ശക്തമായ കൊടുങ്കാറ്റ് സഭാന്തരീക്ഷത്തിലേക്ക് ഒരിക്കല്‍ക്കൂടെ വീശാന്‍ തുടങ്ങി.

വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യവും പ്രചോദനവുമുള്‍ക്കൊണ്ടുകൊണ്ട് പല നല്ല നവീകരണ പ്രസ്ഥാനങ്ങളും സഭയില്‍ രൂപം കൊണ്ടു. ഉദാഹരണത്തിന്: വിശുദ്ധഗ്രന്ഥ നവീകരണം, ആരാധനക്രമ നവീകരണം, കരിസ്മാറ്റിക് നവീകരണം തുടങ്ങിയവ. ഇവയില്‍ കരിസ്മാറ്റിക് നവീകരണമാണ് സഭയില്‍ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ചതും കാട്ടുതീപോലെ പടര്‍ന്നു പ്രചരിച്ചതും. കേരളക്കരയില്‍ത്തന്നെ അതിന്‍റെ പ്രചുരപ്രചാരവും അംഗീകാരവും അനുയായികളെയും പ്രതിയോഗികളെയും ഒന്നുപോലെ വിസ്മയിപ്പിക്കയുണ്ടായി.

കരിസ്മാറ്റിക് നവീകരണം എന്നാലെന്ത്?

"കരിസ്മാറ്റിക്" എന്ന വിശേഷണപദത്തിന്‍റെ മൂലം ഗ്രീക്ക് ഭാഷയിലെ "കരിസ്മ" (Charisma) എന്ന നാമപദമാണ്‌. സമ്മാനങ്ങള്‍, ദാനങ്ങള്‍, പ്രത്യേക കഴിവുകള്‍ എന്നൊക്കയാണ് ബഹുവചനത്തില്‍ അതിനര്‍ത്ഥം. എന്നാല്‍ കരിസ്മാറ്റിക് ദൈവശാസ്ത്രത്തില്‍ "പരിശുദ്ധാരൂപിയുടെ ആത്മീയ ദാനങ്ങള്‍" എന്ന അര്‍ത്ഥത്തിലാണ് ആ പദം ഉപയോഗിക്കപ്പെടുന്നത്.

അരൂപി നമുക്ക് രണ്ടുതരം ദാനങ്ങള്‍ നല്‍കുന്നുണ്ട്. ഒന്ന്‍, മാമ്മോദീസായിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നമുക്കു ലഭിക്കുന്ന പുണ്യ ദാനങ്ങള്‍ (Sanctifying gifts [dona Spiritus Sancti]). ഓരോ വ്യക്തിയുടെയും പുണൃത്തിലുള്ള വളര്‍ച്ചയ്ക്ക് അവ ആവശ്യമാണ്. ഉദാഹരണമായി: ബോധജ്ഞാനം, അറിവ്, ദൈവഭയം തുടങ്ങിയ ഏഴു ദാനങ്ങള്‍ (ഏശയ്യ 11:2). രണ്ട്, സഭാസേവനത്തിനും സാമൂഹിക സേവനത്തിനും നമ്മെ സഹായിക്കുന്ന സേവനദാനങ്ങള്‍, അഥവാ കരിസ്മാറ്റിക് ദാനങ്ങള്‍ (Service gifts - Gratiae gratis datae. ഉദാഹരണമായി, പ്രവചനം, ഭാഷാവരം, രോഗശാന്തിവരം മുതലായവ.) 1 കോറി 12:4-11, 28-31; റോമാ12:6-8; എഫേ 4:8,11-16). മറ്റുള്ളവരെ സേവിക്കുന്നതിനും സഭയുടെ വളര്‍ച്ചയ്ക്കും ഉതകുന്ന ഈ കരിസ്മാറ്റിക് ദാനങ്ങളുടെ നവീകരണമാണ്, അഥവാ ഈ ദാനങ്ങളെ വീണ്ടും സഭയുടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന പ്രസ്ഥാനമാണ് കരിസ്മാറ്റിക് നവീകരണം.

അതുകൊണ്ട്, കരിസ്മാറ്റിക് റിന്യൂവല്‍, ദൈവശാസ്ത്രപരമായി എന്തെങ്കിലും വിപ്ലവചിന്തകളും നവീനാശയങ്ങളും സിദ്ധാന്തങ്ങളുമായി കത്തോലിക്കാസഭയിലേക്കു തള്ളിക്കയറിയ പുതിയൊരു പ്രതിഭാസമോ, ആധുനികമനുഷ്യന്‍റെ വൈകാരിക പ്രവണതകളെ പ്രീണിപ്പിക്കാനുതകുന്ന ഒരു ജനകീയ പ്രസ്ഥാനമോ അല്ല. പിന്നെയോ ബൈബിളും ബൈബിളിനെ ആശയിച്ചുള്ള ദൈവശാസ്ത്രവും സഭയുടെ സുപ്രധാന പ്രബോധനങ്ങളും ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ നവീകരണത്തിന്‍റെ ലക്‌ഷ്യം.

പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള അംഗീകാരവും പ്രോത്സാഹനവും

തിരുസഭയിൽ കാരിസ്മറ്റിക് നവീകരണം ഒരു യാഥാർത്ഥ്യമാണെന്ന് മാർപാപ്പമാർ അംഗീകരിച്ചിട്ടുള്ളതും തിരുസഭയുടെ ഉണർവ്വിന് ഇത് സഹായകമാകുമെന്ന് അവർ പ്രസ്താവിച്ചിട്ടുള്ളതുമാണ്. 1975 മേയ് 19-ന് നടന്ന കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ അന്താരാഷ്ട്ര മീറ്റിംഗിൽ, പോൾ ആറാമൻ മാർപാപ്പ, ആത്മീയ നവീകരണത്തിനെത്തിയവരെ പ്രോൽസാഹിപ്പിക്കുകയും, അവർ ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ച് മുന്നേറാൻ ഉപദേശിക്കുകയും ചെയ്തു.

പിതാവ് പറഞ്ഞു: "തിരുസഭയിൽ ചേർന്നു നിൽക്കാനുള്ള നിങ്ങളുടെ ആഗഹം തന്നെ, ദൈവം നിങ്ങളിൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണ്...."

ജോൺ പോൾ രണ്ടാമൻ മാർപാപ്പ, 1979-ൽ കരിസ്മാറ്റിക് നവീകരണത്തിന്റെ അന്താരാഷ്ട്ര പ്രവർത്തകരുമായി സംസാരിക്കുമ്പോൾ, ഒന്നുകൂടി വ്യക്തമായി പറഞ്ഞു: "തിരുസഭയുടെ ഉണർവ്വിന് ഈ പ്രസ്ഥാനം സഹായകമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു."

11 ാം വയസ്സു മുതൽ താൻ പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയിൽ ലയിച്ചു ചേർന്ന കാര്യം അനുസ്മരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: "അത് എന്റെ ആത്മീയതയുടെ ആരംഭമായിരുന്നു. അതു കൊണ്ട് എനിക്ക് കാരിസ്മ എന്താണെന്ന് മനസ്സിലാകും. ഇതെല്ലാം അനന്തമായ ദൈവകൃപയുടെ ബഹിസ്പുരണമാണ്. ഈ നവീകരണ പ്രസ്ഥാനം ദൈവത്തിന്റെ പ്രവർത്തിയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു."

ബനഡിക്ട് പതിനാറാമൻ മാർപാപ്പ, കർദ്ദിനാൾ ആയിരുന്നപ്പോൾ ( കർദ്ദിനാൾ ജോസഫ് റാറ്റ്സിംജർ), കരിസ്മാറ്റിക് നവീകരണത്തെ പറ്റി കർദ്ദിനാൾ സ്യൂനെൻസ് ( അദ്ദേഹം ആ സമയത്ത് കരിസ്മാറ്റിക് നവീകരണത്തിന്റെ മാർപാപ്പയുടെ പ്രതിനിധിയായിരുന്നു ) എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ കുറിച്ചു:

"യുക്തിവാദത്തിന്റെ അവിശ്വാസം ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഈ ലോകത്തിൽ, പെട്ടന്ന് ഒരു ദൈവീക അനുഭവം പ്രത്യക്ഷമാകുന്നു. അത് ഒരു ലോക നവീകരണ പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു. ആത്മീയ പ്രഭാവത്തെ പറ്റി പുതിയ നിയമത്തിൽ പറയുന്നത് - 'പരിശുദ്ധാത്മാവ് , നമുക്ക് കാണപ്പെടുന്ന വിധത്തിൽ പ്രത്യക്ഷപ്പെടു'മെന്നത്, കഴിഞ്ഞു പോയ വെറും ചരിത്രമല്ല, .പ്രത്യുത, ഈ കാലഘട്ടത്തിന്റെ യാഥാർത്ഥുമായി മാറുകയാണ്."

പുസ്തകത്തിലെ പ്രമേയമായ ആത്മീയ നവീകരണം, അന്ധകാര ശക്തികൾ എന്നിവയെ പരാമർശിച്ചു കൊണ്ട് കർഡിനാൾ റാറ്റ് സിംജർ പറയുന്നു.

"ഒരു വ്യക്തിയുടെ ആത്മീയ അനുഭവവും, തിരുസഭയിലെ വിശ്വാസവുമായുള്ള ബന്ധം എന്താണ്? രണ്ടും പ്രധാനമാണ്. വ്യക്തിപരമായ ആത്മീയ അനുഭവമില്ലാത്ത, സൈദ്ധാന്തികമായ വിശ്വാസം പൊള്ളയാണ്. അതു പോലെ തന്നെ, തിരുസഭയുടെ വിശ്വാസവുമായി ബന്ധപ്പെടാത്ത വ്യക്തിപരമായ അനുഭവം അന്ധവും അന്ധകാരത്തിൽ നിന്നും ഉത്ഭവിച്ചതുമാണ്."

ഈ പുസ്തകം വായിക്കുന്നവർ, ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്ന രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കർഡിനാൾ റാറ്റ്സിംജർ ഓർമിപ്പിക്കുന്നു:

"പൗരോഹിത്യ ശുശ്രുഷകളിൽ ഏർപ്പെട്ടിരിക്കുന്ന പുരോഹിതരും ബിഷപ്പുമാരും ഉൾപ്പടെയുള്ളവർ, ഈ നവീകരണ പ്രസ്ഥാനത്തെ കണ്ടില്ലെന്ന് ഭാവിക്കരുത്. പകരം, പൂർണ്ണമനസ്സോടെ അതിനെ സ്വാഗതം ചെയ്യണം. ഒപ്പം തന്നെ, നവീകരണ പ്രസ്ഥാനത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ, തിരുസഭയുമായുള്ള അവരുടെ ബന്ധം ഏറ്റവും വിശുദ്ധമായി കാത്തു സൂക്ഷിക്കണം." [Renewal and the Powers of Darkness, Leo Cardinal Suenens (Ann Arbor: Servant Books, 1983)]

കരിസ്മാറ്റിക് നവീകരണത്തെപറ്റി ഫ്രാൻസിസ് മാർപാപ്പ

ലക്ഷക്കണക്കിന് വിശ്വാസികൾ ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ചു കൂടുന്ന കണ്‍വൻഷനുകളെ നാം സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും കൈകൾ ഉയർത്തി സ്തുതിക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുമ്പോൾ ഇതാ നമ്മുടെ ഫ്രാൻസിസ് മാർപാപ്പ 50000-ൽ അധികം ആളുകൾ ഒരുമിച്ചു ചേർന്ന കരിസ്മാറ്റിക് കണ്‍വൻഷനിൽ പങ്കെടുത്ത്‌, അദ്ദേഹം 'Praise and Worship' സമയത്ത് സ്റ്റേജിൽ മുട്ടുകുത്തുകയും, അവരുടെ 'ഭാഷാ വരത്തിലെ' പ്രാർത്ഥനകൾ ഏറ്റുവാങ്ങുകയും ചെയ്തു.

2014 ജൂണ്‍ 1ന് റോമൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ 50000-ൽ അധികം ആളുകൾ പങ്കെടുത്ത കരിസ്മാറ്റിക് കണ്‍വൻഷനിൽ വച്ച് 'ഈ നവീകരണപ്രസ്ഥാനം, തിരുസഭയിലും ക്രൈസ്തവരിലുമുണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങളെ പറ്റി, താൻ മനസ്സിലാക്കി തുടങ്ങിയെന്ന്' ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു

രണ്ട് കരിസ്മാറ്റിക് ഗ്രൂപ്പുകൾ ( International Catholic Charismatic Renewal Services and the Catholic Fraternity of Charismatic Covenant Communities and Fellowships.) സംഘിപ്പിച്ച കണ്‍വൻഷനെ അഭിസംബോധന ചെയ്തു കൊണ്ടാണ് കരിസ്മാറ്റിക് നവീകരണത്തെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ അദ്ദേഹം പങ്ക് വെച്ചത്.

കരിസ്മാറ്റിക് നവീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാനായി, 2017-ലെ വത്തിക്കാൻ പെന്തക്കോസ്റ്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പിതാവ് പറഞ്ഞു. 55 രാജ്യങ്ങളിൽ നിന്നുമുള്ള കാരിസ്മാറ്റിക്കുകൾ ശോതാക്കളായി അവിടെ സന്നിഹിതരായിരുന്നു.

"Vive Jesus, El Senor," എന്ന സ്പാനീഷ് ഗാനാലാപനത്തോടെയാണ് ഒളിംബിക്ക് സ്റ്റേഡിയത്തിലെ പരിപാടികൾ തുടങ്ങിയത്. പിതാവ് കാരിസ്മാറ്റിക് ശൈലിയൽ കരങ്ങളുയർത്തി ഗാനാലാപനത്തിൽ പങ്കെടുത്തു. പണ്ട് ബ്യൂണസ് അയേർസിൽ കരിസ്മാറ്റിക് പ്രാർത്ഥനയിൽ, ദിവ്യബലിക്ക് ശേഷം തങ്ങൾ ഈ ഗാനം ആലപിച്ചിരുന്നു എന്ന് മാർപാപ്പ ഓർമ്മിച്ചു.

ഒരു ഘട്ടത്തിൽ, കാരിസ്മാറ്റിക്കുകൾ കൈകളുയർത്തി "ഫ്രാൻസിസിൽ പരിശുദ്ധാത്മാവ് നിറയണമെ!" എന്ന് പ്രാർത്ഥിച്ചപ്പോൾ, അദ്ദേഹം സ്റ്റേജിൽ മുട്ടുകുത്തി നിന്നു. ആ അവസരത്തിൽ സ്റ്റേഡിയത്തിൽ പല ഭാഷകളിലെ പ്രാർത്ഥനകൾ മുഴങ്ങി.

അടുത്ത കാലത്ത് വിവാഹിതരായ ദമ്പതികൾ, തങ്ങളുടെ ജീവിതത്തിൽ നവീകരണ ധ്യാനം ഉണ്ടാക്കിയ നല്ല മാറ്റങ്ങളെ പറ്റി 'അനുഭവ സാക്ഷ്യം' പങ്കുവച്ചപ്പോൽ, 'കുടുംബം' നമ്മുടെ "ഗ്യഹത്തിനുള്ളിലെ ദേവാലയ"മാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു.

"കുടുംബങ്ങളെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന തിന്മകളിൽ നിന്നും ദൈവം നമ്മെ രക്ഷിക്കട്ടെ " പിതാവ് പ്രാർത്ഥിച്ചു.

കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം പരിശുദ്ധാത്മാവിന്റെ പ്രവർത്തന ഫലമായി ഉണ്ടായതാണെന്ന് സൂചിപ്പിച്ചു കൊണ്ട്, പിതാവ് പറഞ്ഞു: "തിരുസഭയ്ക്കു വേണ്ടി, തിരുസഭയ്ക്കുള്ളിൽ ഉണ്ടായ ഒരു ആത്മീയ പ്രവാഹമാണത്! "

"നേരത്തെ മുതൽ കരിസ്മാറ്റിക്കുകളെ തിരിച്ചറിയാനുള്ള ഒരു മുദ്രയായിരുന്നു അവർ കൊണ്ടു നടക്കുന്ന സുവിശേഷം!" ഇപ്പോൾ ആ പതിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനെ സൂചിപ്പിച്ചു കൊണ്ട്, പിതാവ് പറഞ്ഞു: "അത് നിങ്ങളുടെ ആദ്യ സ്നേഹമാണ്. ആ ആദ്യ സ്നേഹത്തിലേക്ക് നിങ്ങൾ തിരിച്ചു പോകുവിൻ."