News

യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാര്‍: കന്ധമാലില്‍ നിന്നു മറ്റൊരു ക്രൈസ്തവ സാക്ഷ്യം

സ്വന്തം ലേഖകന്‍ 17-04-2017 - Monday

റായ്ക്കിയ: ഭാരതത്തിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടകൊലയ്ക്ക് സാക്ഷ്യം വഹിച്ച ഒഡീഷായിലെ കന്ധമാൽ ജില്ലയില്‍ നിന്നും ശക്തമായ ക്രൈസ്തവ സാക്ഷ്യവുമായി ചന്ദ്രികയും കുടുംബവും. കഴിഞ്ഞ ദിവസം ഒഡീഷയിലെ കന്ധമാലിലെ ഔര്‍ ലേഡി ഓഫ് ചാരിറ്റി പാരീഷ് ദേവാലയത്തില്‍ മാമോദീസ സ്വീകരിച്ച ചന്ദ്രികയും കുടുംബവും ക്രിസ്തുവിനെ പ്രതി മരണം ഏറ്റുവാങ്ങാനും തയാറാണെന്ന് തുറന്ന്‍ പറഞ്ഞു. മാറ്റേഴ്സ് ഇന്ത്യ എന്ന മാധ്യമമാണ് ഇവരുടെ വിശ്വാസ സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചന്ദ്രികയുടെ മക്കളായ റോഹിന്‍ ഡിഗലും പ്രബിന്‍ ഡിഗലും കഴിഞ്ഞ ദിവസം മാമോദീസ സ്വീകരിച്ചിരിന്നു.

ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കണമെന്ന ചന്ദ്രികയുടെ കുടുംബത്തിന്റെ തീരുമാനം പെട്ടെന്ന് എടുത്ത തീരുമാനമായിരിന്നില്ല. കഴിഞ്ഞ ആറു വര്‍ഷമായി ക്രിസ്തുവിനെ പറ്റിയും കത്തോലിക്കാ സഭയെ പറ്റിയും അറിയാന്‍ ശ്രമിച്ച ചന്ദ്രികയും കുടുംബവും കത്തോലിക്കാ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ സ്ഥിരമായ സംബന്ധിച്ചിരുന്നു. മാമോദീസ വഴി ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച കുടുംബം ഇന്ന് ക്രിസ്തുവിനു വേണ്ടി മരിക്കാനും തയാറാണെന്ന് പറയുമ്പോള്‍ ഇത് ലോകത്തിന് മുന്നില്‍ മറ്റൊരു സാക്ഷ്യമായി മാറുകയാണ്.

രാജ്യത്തു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും എന്നാല്‍ ക്രിസ്തുവിന്നു വേണ്ടി ഇതെല്ലാം സഹിക്കാന്‍ തയാറാണെന്നു ചന്ദ്രിക പറയുന്നു. ക്രിസ്തുവിനു വേണ്ടി, ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയാറാണെന്ന ഇരുപത്തിരണ്ടുകാരനായ പ്രബിന്റെ വാക്കുകള്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമാണ് കന്ധമാലിലെ വിശ്വാസികള്‍ക്ക് നല്‍കുന്നത്.

ക്രിസ്തുവിനെ സ്വീകരിക്കാന്‍ സാധിച്ചപ്പോഴാണ് ആന്തരികമായ സമാധാനം അനുഭവിക്കാന്‍ സാധിച്ചത്. യേശുവിലുള്ള വിശ്വാസത്തിന് വേണ്ടി മരിക്കേണ്ടിവന്നാല്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണും. ചന്ദ്രിക മാറ്റേഴ്സ് ഇന്ത്യ മാധ്യമത്തോട് തുറന്നു പറഞ്ഞു. ചന്ദ്രികയുടെ ഇളയ മകനായ റോഹീം ഒരു മിഷനറി വൈദികനായി തീരണമെന്നതാണ് ആഗ്രഹം പ്രകടിപ്പിച്ചത്. തന്റെ സ്വപ്നം കേവലം ആഗ്രഹത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മെയ് ഏഴു മുതല്‍ 9 വരെ കട്ടക് ഭുവനേശ്വര്‍ അതിരൂപതയില്‍ നടക്കുന്ന ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കുവാന്‍ റോഹീം ഒരുങ്ങുകയാണ്.

തീവ്രഹൈന്ദവ സംഘടനകള്‍ രാജ്യത്തു അക്രമം അഴിച്ചു വിടുമ്പോഴും ശക്തമായ ക്രൈസ്തവ സാക്ഷ്യമായി ചന്ദ്രികയുടെയും കുടുംബത്തിന്റെയും വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുകയാണ്. ക്രൈസ്തവ രക്തം ഒഴുകിയ ഒഡീഷയില്‍ നിന്നും ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. സന്യസ്ഥ ജീവിതം തിരഞ്ഞെടുത്തും ഓരോ വര്‍ഷവും നിരവധി പേരാണ് കടന്നുവരുന്നത്. 2015-ല്‍ 14 പേരാണ് ഒഡീഷയില്‍ സന്യസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം അത് 19 ആയി.

2008-ല്‍ കന്ധമാലിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട ഒരു വിഭാഗം ജനങ്ങള്‍ ക്രൈസ്തവരുടെ നേര്‍ക്ക് തിരിയുകയുമായിരുന്നു. നക്‌സലുകളെ ക്രൈസ്തവര്‍ സഹായിച്ചിരുന്നതായുള്ള അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയത്.

നൂറിലധികം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, പള്ളികളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6,500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ഇതില്‍ ഒരു കന്യാസ്ത്രീയും ഉള്‍പ്പെടുന്നു. ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്.


Related Articles »