News - 2024

അര്‍ജന്റീനയില്‍ ദിവ്യകാരുണ്യ ആരാധന മദ്ധ്യേ തിരുവോസ്തിയില്‍ രക്തം

സ്വന്തം ലേഖകന്‍ 17-04-2017 - Monday

ബ്യൂണസ് അയേഴ്സ്, അര്‍ജന്റീന: അര്‍ജന്റീനയിലെ ഗുയിംസിനു സമീപത്തുള്ള സാന്‍ മിഗുവേലില്‍ മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിച്ചിരിന്ന കേന്ദ്രത്തില്‍ വിശുദ്ധവാരത്തില്‍ നടന്ന ആരാധന മദ്ധ്യേ തിരുവോസ്തിയില്‍ രക്തം പ്രത്യക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ 11 ചൊവ്വാഴ്‌ച അന്തേവാസികളായ യുവജനങ്ങള്‍ സക്രാരിക്ക് മുന്‍പില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെയാണ് ദിവ്യകാരുണ്യത്തില്‍ അത്ഭുതകരമായ മാറ്റം സംഭവിച്ചത്. ദിവ്യകാരുണ്യത്തില്‍ നിന്നും കടുത്ത ചുവന്ന നിറത്തോടു കൂടി രക്തം ഒഴുകിയിറങ്ങുകയായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ 'സാന്താ ഫെ' പ്രവിശ്യയിലെ റാഫേല രൂപതയിലെ മെത്രാനായ ലൂയിസ് ഫെര്‍ണാണ്ടസും ഫാദര്‍ ആല്‍സിഡ്സ് സപ്പോയും സ്ഥലത്തെത്തിയിരിന്നു. തുടര്‍ന്നു കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പഠനത്തിനുമായി ദിവ്യകാരുണ്യം രൂപതയിലേക്ക് മാറ്റി. ഇത്തരം അസാധാരണമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വിവേകത്തോടും സംയമനത്തോടും കൂടിയാണ് തിരുസഭ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും റാഫേല രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

"തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെ കുറിച്ചുള്ള നിരവധി സാക്ഷ്യങ്ങള്‍ ചരിത്രത്തിലുടനീളം കാണുവാന്‍ കഴിയുന്നതാണ്. ഇതിനെ കുറിച്ച് വിവേചിച്ചറിയുക എന്നത് ലളിതമായ കാര്യമല്ല. അതിനാല്‍ തിരുസഭാ നടപടികള്‍ അനുസരിച്ച് അത്ഭുതകരമായ മാറ്റം സംഭവിച്ച ദിവ്യകാരുണ്യം പൊതുപ്രദര്‍ശനത്തിനു വെക്കാതെ കൂടുതല്‍ അന്വോഷണങ്ങള്‍ക്കായി മെത്രാന്റെ അധീനതയില്‍ സൂക്ഷിച്ചിരിക്കുകയാണ്".

"സംഭവം നടന്ന സ്ഥലം, അതിനു സാക്ഷ്യം വഹിച്ച വ്യക്തികള്‍, ശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ എന്നിവയെ കണക്കിലെടുത്തു കൊണ്ടുള്ള അന്വോഷണത്തിലൂടേയെ ഇത്തരം അത്ഭുത സംഭവങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കുവാന്‍". രൂപതാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേ സമയം സംഭവത്തെ കുറിച്ച് പഠിക്കാനായി പ്രത്യേക അന്വേഷണസംഘത്തെ മെത്രാന്‍ നിയമിച്ചിട്ടുണ്ട്.


Related Articles »