News

“ദൈവം എനിക്ക് തന്ന 90 വര്‍ഷങ്ങള്‍ക്ക് എന്റെ ഹൃദയം ദൈവത്തോട് നന്ദിയുള്ളതായിരിക്കും”: മുന്‍ പാപ്പാ ബെനഡിക്ട് XVI-മന് 90 വയസ്സ്‌

സ്വന്തം ലേഖകന്‍ 18-04-2017 - Tuesday

വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ 16 ഞായറാഴ്ച ഉത്ഥാന തിരുനാള്‍ ദിനത്തില്‍ മുന്‍ പാപ്പാ ബെനഡിക്ട്‌ പതിനാറാമന് 90 വയസ്സ് തികഞ്ഞു. ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാനായി അദ്ദേഹത്തിന്റെ ജന്മദേശമായ ബാവരിയായില്‍ നിന്നും ഏതാണ്ട് 50-ഓളം പേര്‍ എത്തിയിരുന്നു. ഏപ്രില്‍ 17 തിങ്കളാഴ്‌ച വത്തിക്കാനിലെ മാസ്റ്റര്‍ എക്ലേസ്യ ആശ്രമത്തില്‍ ചെറിയ രീതിയില്‍ നടത്തിയ ജന്‍മദിനാഘോഷ ചടങ്ങില്‍ മൂത്ത ജേഷ്ഠനായ ഫാദര്‍ ജോര്‍ജ്ജ് റാറ്റ്സിംഗറും പങ്കെടുത്തു.

ദൈവം എനിക്ക് തന്ന 90 വര്‍ഷങ്ങള്‍ക്ക് എന്റെ ഹൃദയം ദൈവത്തോട് നന്ദിയുള്ളതായിരിക്കുമെന്ന് ബെനഡിക്ട്‌ പാപ്പാ തന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവരോട് പറഞ്ഞു. പരമ്പരാഗത ബാവരിയന്‍ രീതിയിലായിരുന്നു മുന്‍പാപ്പായുടെ ജന്മദിനാഘോഷം. ഏപ്രില്‍ 12-ന് ഫ്രാന്‍സിസ്‌ പാപ്പാ തന്റെ മുന്‍ഗാമിയെ സന്ദര്‍ശിച്ച് ജന്മദിനത്തിന്റേയും, ഈസ്റ്ററിന്റേയും ആശംസകള്‍ നേരിട്ട് നേര്‍ന്നിരിന്നു.

1927 ഏപ്രില്‍ 16നു ജര്‍മ്മനിയിലെ ബവേറിയയിലാണ് ജോസഫ് അലോഷ്യസ് റാറ്റ്സിംഗര്‍ ജനിച്ചത്. 1951 ജൂൺ 29ന്‌ ഫ്രെയ്‌സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽ നിന്ന്‌ തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് ദൈവശാസ്ത്ര വിഷയങ്ങളുടെ പ്രഫസറായും, മ്യൂണിക്ക്-ഫ്രെയിസിംഗ് രൂപതയുടെ മെത്രാനായും, സഭയുടെ കര്‍ദ്ദിനാളായും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവനായും തിരഞ്ഞെടുക്കപ്പെട്ടു.

2005 ഏപ്രില്‍ 19-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നിര്യാണത്തെ തുടര്‍ന്നു നടന്ന കോണ്‍ക്ലേവിലാണ് കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറിനെ ആഗോള സഭാതലവനായി തിരഞ്ഞെടുത്തത്. 2013 ഫെബ്രുവരി 28-നാണ് അദ്ദേഹം മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. ഇന്നു വത്തിക്കാനിലുള്ള ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏകാന്തജീവിതം നയിക്കുകയാണ് അദ്ദേഹം.


Related Articles »