News - 2025

കൊങ്കണി ഭാഷയില്‍ തര്‍ജ്ജമ ചെയ്ത ബൈബിളിന് അതിശയിപ്പിക്കുന്ന വില്‍പ്പന

സ്വന്തം ലേഖകന്‍ 24-04-2017 - Monday

പനജി: ലോകത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ഗ്രന്ഥം എന്ന ബഹുമതി എക്കാലത്തും ബൈബിളിനാണ്. ഏതാണ്ട് 500 കോടിയോളം ബൈബിള്‍ പ്രതികള്‍ ലോകമാകമാനമായി വിറ്റഴിക്കപ്പെട്ടിരിക്കുന്നു. ‘പൊവിത്ര പുസ്തോക്’ (Povitr Pustok) എന്ന പേരില്‍ കൊങ്കണി ഭാഷയില്‍ ഇറങ്ങിയ ബൈബിളിന്റേയും കഥയും വ്യത്യസ്തമല്ല. കൊങ്കണി ഭാഷയില്‍ ഇറങ്ങിയ ബൈബിളിന്റെ 3.5 ലക്ഷത്തോളം പ്രതികള്‍ ഇതിനോടകം തന്നെ വില്‍ക്കപ്പെട്ട് കഴിഞ്ഞു.

റോമന്‍ ലിപിയിലെ പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ കൊങ്കണി ഭാഷയിലുള്ള തര്‍ജ്ജമ വീണ്ടും അച്ചടിക്കുവാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന്‍ സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. 40,000 കോപ്പിയോളം അച്ചടിച്ച ബൈബിളിന്റെ കുറച്ചു പ്രതികള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂവെന്നും മൂന്നാമതും അച്ചടിക്കുവാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് രൂപതാ ബിബ്ലിക്കല്‍ സെന്‍ററിന്റെ മുന്‍ ഡയറക്ടറായ ഫാദര്‍ മാനുവല്‍ ഗോമസ് പറഞ്ഞു.

1970 കളുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലീഷില്‍ നിന്നും കൊങ്കണി ഭാഷയിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അന്നത്തെ ഗോവന്‍ അതിരൂപത വികാര്‍ ജനറലായ ദിവംഗതനായ ഫാദര്‍ കേറ്റാനോ ഡാ ക്രൂസ് ഫെര്‍ണാണ്ടസിനെ ചെയര്‍മാനാക്കി കൊണ്ട് ഗോവന്‍ അതിരൂപത ഒരു കമ്മിറ്റി രൂപീകരിക്കുകയും, ആ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നോവോ കൊറാറിന്റെ’ (പുതിയ നിയമത്തിന്റെ) തര്‍ജ്ജമ ആരംഭിക്കുകയും ചെയ്തു.

1974-ലാണ് 25,000 ത്തോളം കോപ്പികള്‍ അടങ്ങുന്ന ആദ്യ പതിപ്പ് അച്ചടിച്ചത്. അധികം താമസിയാതെ തന്നെ ഏഴോളം പ്രാവശ്യം വേണ്ടും അച്ചടിക്കേണ്ടതായി വന്നു. പിന്നീട് 1990-ല്‍ സഭാധികാരികള്‍ നോവോ കൊരാര്‍ പരിഷ്കരിക്കുവാനും പഴയ നിയമത്തിന്റെ തര്‍ജ്ജമ ഉള്‍പ്പെട്ട ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ പ്രസിദ്ധീകരിക്കുവാനും പദ്ധതിയിട്ടു. അങ്ങിനെ ഫാദര്‍ കേറ്റാനോ ഡാ ക്രൂസിനെ ഫെര്‍ണാണ്ടസും അദ്ദേഹത്തിന്റെ സഹായിയായ ഫാദര്‍ വാസ്കോ ഡോ റെഗോയും 1994-ല്‍ ആരംഭിച്ച ജോലി, 2002-ല്‍ ഫാദര്‍ മാനുവല്‍ ഗോമസിന് കൈമാറി.

ഫാദര്‍ ആവേ മരിയ ഫെര്‍ണാണ്ടസും, മറ്റ് വൈദികരും, അത്മായരും, കൊങ്കണി എഴുത്തുകാരും അടങ്ങുന്ന ഒരു സംഘം തര്‍ജ്ജമ ചെയ്യുവാനും അവ പരിശോധിക്കുവാനുമായി അദ്ദേഹത്തെ സഹായിച്ചു. 2006 ആയപ്പോഴേക്കും കൊങ്കണി ഭാഷയിലെ സമ്പൂര്‍ണ്ണ ബൈബിള്‍ തയ്യാറായി. 2006 ജൂണ്‍ 4-ന് അതിന്റെ ആദ്യ പതിപ്പിന്റെ 60,000 ത്തോളം കോപ്പികള്‍ അച്ചടിക്കപ്പെട്ടു. അത് തികയാതെ വന്നപ്പോള്‍ 2010-ല്‍ ഒരു 40,000 കോപ്പി കൂടി അച്ചടിക്കേണ്ടതായി വന്നു.

ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, കേരള എന്നിവിടങ്ങളിലായി കൊങ്കണി ഭാഷ സംസാരിക്കുന്ന ഏതാണ്ട് 80 ലക്ഷത്തോളം ആളുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊങ്കണി ഭാഷയിലെ ബൈബിളിന്റെ തര്‍ജ്ജമയും, അതിന്റെ ശൈലിയും മറ്റ് ഭാഷകളിലുള്ള മതപരമായ തര്‍ജ്ജമകള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് ഫാദര്‍ ഗോമസ് പറഞ്ഞു. തങ്ങളുടെ നീണ്ട പരിശ്രമം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഗോവന്‍ അതിരൂപത.


Related Articles »