Life In Christ - 2025
സഭയ്ക്കു നമ്മുടെ പ്രാര്‍ത്ഥന ആവശ്യമുണ്ട്
വിനോദ് നെല്ലയ്ക്കല്‍ 26-04-2017 - Wednesday
കഴിഞ്ഞ വലിയനോമ്പാരംഭം മുതൽ നാം തുടർച്ചയായി കണ്ടു കൊണ്ടിരിക്കുന്ന ചില കാഴ്ചകളുണ്ട്. കത്തോലിക്കാ പൗരോഹിത്യം മുതൽ, ഇപ്പോഴിതാ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ തിരുക്കുരിശു വരെയും നിർദാക്ഷിണ്യം ചോദ്യം ചെയ്യപ്പെടുന്നു. വളരെ വേദനാജനകമാണ് ഈ കാഴ്ചകൾ! എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതും നാം തന്നെ കണ്ടെത്തിയിട്ടുണ്ടാവാം.
ശരിയാണ്, ഇത് വിശുദ്ധീകരണത്തിന്റെയും ആത്മപരിശോധനയുടെയും നാളുകളാണ്. എന്നാൽ, അതിനുമപ്പുറം ക്രൈസ്തവ വിശ്വാസവും വിശ്വാസികളും നിരന്തരം ആക്രമിക്കപ്പെടുന്നു എന്ന സത്യത്തെ നാം വിസ്മരിച്ചു കൂടാ.
പൗരോഹിത്യം വേട്ടയാടപ്പെടുമ്പോൾ വി.കുർബ്ബാന തുടങ്ങിയുള്ള കൂദാശകൾ ഉൾപ്പെടെ തിരുസഭയുടെ പാരമ്പര്യങ്ങളും വിശ്വാസ സത്യങ്ങളും മുഴുവനാണ് ലക്ഷ്യം വയ്ക്കപ്പെടുന്നത്. ദൈവപുത്രന്റെ മഹത്തായ ബലിയർപ്പണത്തിന്റെയും സഹനത്തിലൂടെയുള്ള അവിടുത്തോടുള്ള പങ്കുചേരലിന്റെയും അടയാളവും, മനുഷ്യകുലത്തിന് ദൈവം സമ്മാനിച്ച അമൂല്യമായ സംരക്ഷണ കവചവുമായ കുരിശിനെ വില കുറച്ചു കാണിക്കുക വഴിയായി ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയിളക്കുവാൻ തന്നെ ചിലർ ശ്രമിക്കുന്നു.
ചില ഗുരുതരമായ ലക്ഷണങ്ങൾ നമുക്കിടയിൽ പ്രകടമായിരിക്കുന്നതിനെ നാം കണ്ടില്ലെന്ന് നടിച്ചു കൂടാ...!
ആത്മവിശ്വാസം കുറഞ്ഞു പോയ പുരോഹിതരും സമർപ്പിതരും അൽമായ പ്രേഷിതരും ഇന്ന് നമുക്കിടയിലുണ്ട്...
വിശ്വാസം ക്ഷയിച്ചു കൊണ്ടിരിക്കുന്ന സാധാരണക്കാർ നമുക്കിടയിലുണ്ട്...
വിശ്വാസസത്യങ്ങളെ ചോദ്യം ചെയ്യുന്ന യുവജനങ്ങൾ നമുക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു...
തിരുസഭാ സംവിധാനങ്ങളെയും നേതൃത്വത്തെയും ചോദ്യം ചെയ്യുന്ന സമൂഹങ്ങൾ നമുക്കിടയിൽ ആർത്തട്ടഹസിക്കുന്നു...
കുറ്റമാരോപിക്കപ്പെട്ടതോ, തെറ്റിദ്ധരിക്കപ്പെട്ടതോ ആയ ചില സ്ഥാപനങ്ങളെ മുൻനിർത്തി, സദുദ്ദേശ്യത്തോടെയും പരിധികളില്ലാത്ത മനുഷ്യനന്മ ലക്ഷ്യം വച്ചും ആരംഭം കുറിക്കപ്പെട്ട ക്രൈസ്തവ സംരംഭങ്ങളെ തകർത്തെറിയുവാൻ ചിലർ പരിശ്രമിക്കുന്നു...
സമഗ്രമായ ശുദ്ധീകരണം ആവശ്യമാണ്. എന്നാൽ, നഷ്ടപ്പെടുപോയ ആത്മധൈര്യം നാം വീണ്ടെടുക്കേണ്ടതുണ്ട്. കൈമോശം വന്ന വിശ്വാസദൃഢത നാം വീണ്ടും ആർജ്ജിക്കേണ്ടതുണ്ട്. നമ്മുടെ ഇടയൻമാർക്ക് ആത്മവിശ്വാസം കൈമോശം വന്നിട്ടുണ്ടെങ്കിൽ അവരെ ബലപ്പെടുത്തുവാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്.
അതിനു ഒരേയൊരു വഴിമാത്രം... പ്രാർത്ഥന...!
കരുണാവാരിധിയോട് കരുണ വർഷിക്കേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. തിരുസഭയുടെയും പുരോഹിതരുടെയും പാലകയായ, സ്വർഗ്ഗീയ സൈന്യാധിപയോട് അന്ധകാര ശക്തികളോടുള്ള യുദ്ധം നയിക്കുവാനും പരിധികളില്ലാത്ത മാദ്ധ്യസ്ഥ സഹായത്തിനും വേണ്ടി പ്രാർത്ഥിക്കാം. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ജ്വലിച്ചു നിൽക്കുന്ന ഈ വിശ്വാസദീപം നമ്മുടെ തലമുറകൾക്കപ്പുറം കൂടുതൽ പ്രഭ പരത്തുവാൻ നമുക്കൊരുമിച്ച് കൈകോർക്കാം.