News

ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പയുടെ വീഡിയോ സന്ദേശം

സ്വന്തം ലേഖകന്‍ 27-04-2017 - Thursday

വത്തിക്കാൻ: സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശ ഈജിപ്ഷ്യൻ ജനതയ്ക്ക് നൽകാനാണ് തന്റെ സന്ദർശനം വഴി ലക്ഷ്യമാക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈജിപ്ഷ്യൻ യാത്രയ്ക്കു മുന്നോടിയായി ഏപ്രിൽ 25ന് നൽകിയ വിഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു മാർപാപ്പ.

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഉണ്ണിയായി പിറന്ന ഈശോയെ വധിക്കാൻ ഉത്തരവിട്ട ഹോറോദോസ് രാജാവിനെ ഭയന്ന് ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബത്തിന് അഭയം നല്കിയ രാജ്യത്തേയ്ക്ക് തീർത്ഥാടനം നടത്താൻ ലഭിച്ച അവസരം അസുലഭമാണെന്നും സമാധാനത്തിന്റെ ദൂതുമായി കടന്നു വരുന്ന സുഹൃത്തായി തന്നെ പരിഗണിക്കണമെന്നും ഫ്രാൻസിസ് പാപ്പ അറിയിച്ചു.

ക്രൈസ്തവ സാന്നിധ്യമുള്ള ഈജിപ്തിൽ തീവ്രവാദികളുടെ ആക്രമണം, തട്ടികൊണ്ടു പോകൽ തുടങ്ങിയ അക്രമങ്ങൾ മൂലം ക്രൈസ്തവരുടേയും മുസ്ലിം സഹോദരങ്ങളുടേയും ജീവിതം ദുരിത പൂർണ്ണമാണ്. അന്ധമായ അക്രമവാസന മൂലം ലോകം ചിന്നഭിന്നമായിരിക്കുന്ന വേളയിൽ സമാധാനവും സ്നേഹവും കരുണയും നിറഞ്ഞ മനോഭാവമാണ് രാജ്യത്തിനാവശ്യം. ഇന്നലെകളിൽ നിന്നും പാഠം ഉൾകൊണ്ട്, മുൻ വിധികളില്ലാതെ ഭാവിയെ ഉറ്റുനോക്കുന്ന ധൈര്യശാലികളായ മനുഷ്യരിലാണ് ലോകം പ്രതീക്ഷ വെക്കുന്നത്.

അബ്രാഹം മുതലുള്ള പിതാക്കന്മാരും പ്രവാചകന്മാരും ജീവിച്ച നാട്ടിലേക്കുള്ള യാത്ര ആനന്ദകരമാണെന്നും അതുവഴി ഈജിപ്തിലെ ക്രൈസ്തവർക്ക് ശക്തിയും സ്വാന്ത്വനവും നൽകുകയാണ് തന്റെ ആഗ്രഹമെന്നും മാര്‍പാപ്പ പറഞ്ഞു. സമാധാനപൂർണമായ സംഭാഷണങ്ങളും നീതിയും മനുഷ്യത്വവും നിറഞ്ഞ സാഹോദര്യവും പടുത്തുയർത്തുകയാണ് ഇന്നത്തെ ആവശ്യം. അബ്രഹാമിന്റെ സന്തതികൾക്കിടയിൽ സാഹോദര്യത്തിന്റെയും സമാശ്വാസത്തിന്റേതുമായ സന്ദേശം നൽകുക എന്നതാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഫ്രാൻസിസ് പാപ്പ ഊന്നി പറഞ്ഞു.

അതേ സമയം മാര്‍പാപ്പയുടെ ഈജിപ്ഷ്യന്‍ സന്ദര്‍ശനം നാളെ ആരംഭിക്കും. കെയ്റോയിൽ നടക്കുന്ന അന്തർദേശീയ സമാധാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന മാർപാപ്പയുടെ സന്ദർശനത്തിൽ മുസ്ളിം സുന്നി വിഭാഗം തലവൻ അഹമദ് ഇൽ തായേബുമായി കൂടിക്കാഴ്ചയും ഉൾകൊള്ളിച്ചിട്ടുണ്ട്. ഇതിനു ശേഷം ഓർത്തഡോക്സ് സഭാ തലവന്മാരും രാഷ്ട്രിയ നേതാക്കളുമായി മാർപാപ്പ ചർച്ച നടത്തും. തുടർന്ന് മാർപാപ്പയുടെ നേതൃത്വത്തിലുള്ള ബലിയർപ്പണവും നടക്കും. തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലമുണ്ടെങ്കിലും ഫ്രാൻസിസ് മാർപാപ്പയുടെ ഈജിപ്ത് സന്ദർശനത്തിൽ മാറ്റമില്ലെന്നു നേരത്തെ വത്തിക്കാൻ വ്യക്തമാക്കിയിരിന്നു.


Related Articles »