News - 2024

പാകിസ്ഥാനിലെ കത്തോലിക്കാ സ്കൂളുകള്‍ ജയിലുകള്‍ക്ക് സമാനമെന്നു ലാഹോര്‍ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 27-04-2017 - Thursday

ലാഹോര്‍: പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനു ശേഷം, രാജ്യത്തെ കത്തോലിക്കാ സ്കൂളുകളില്‍ ജയിലുകള്‍ക്ക് സമാനമായ അന്തരീക്ഷമാണെന്ന് ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ ഷാ. കത്തോലിക്കാ ന്യൂസ് സര്‍വീസിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന.

8 അടിയോളം പൊക്കമുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട സ്കൂള്‍ കാമ്പസുകളിലേക്ക് വരുന്ന കുരുന്നു കുട്ടികള്‍ പ്രവേശിക്കുന്നത് സ്കൂളിന്റെ പ്രധാന കവാടങ്ങളില്‍ ആയുധമേന്തി നില്‍ക്കുന്ന കാവല്‍ക്കാരെ മറികടന്നാണ്. ഇത് കാണുമ്പോള്‍ സ്കൂളുകള്‍ ജയിലുകളേ പോലെയായി എന്ന തോന്നലാണുണ്ടാക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാകിസ്ഥാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന്‍ ക്രിസ്ത്യന്‍ സഭകള്‍ സ്വന്തം ഉത്തരവാദിത്വത്തിലും ചിലവിലും തങ്ങളുടെ സ്കൂളുകളിലും ദേവാലയങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ നിര്‍ദ്ദേശം പാലിക്കാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

പാകിസ്താനിലെ ഭൂരിഭാഗം സ്കൂളുകളിലേയും, ദേവാലയങ്ങളിലേയും ചുറ്റുമതിലുകള്‍ സാധാരണയായി 4-5 അടി പൊക്കമുള്ളവയാണ്. എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് മതിലുകള്‍ 8 അടി പൊക്കമുള്ളവയും, മതിലുകള്‍ക്ക് മുകളില്‍ മുള്ളുകമ്പികള്‍ക്ക് പകരം ബ്ലേഡ് പോലെ മൂര്‍ച്ചയുള്ള റേസര്‍ കമ്പികള്‍ പാകിയവയുമായിരിക്കണം.

മാത്രമല്ല സി‌സി‌ടി‌വി കാമറകള്‍ സ്ഥാപിക്കുകയും, ആയുധധാരികളായ കാവല്‍ക്കാരെ നിയമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇത് ഗ്രാമപ്രദേശങ്ങളിലുള്ള, പ്രത്യേകിച്ച് സ്കൂള്‍ ഫീസ് പോലും നല്‍കുവാന്‍ കഴിവില്ലാത്ത കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാമ്പത്തിക ബാധ്യതയാണ്. ബിഷപ്പ് പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനില്‍ ആകെ ജനസംഖ്യയുടെ വെറും 2 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌, ജര്‍മ്മന്‍ കത്തോലിക്കാ എജന്‍സികള്‍ തുടങ്ങിയവരുടെ സാമ്പത്തിക സഹായങ്ങള്‍ വഴി ഭൂരിഭാഗം സ്കൂളുകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചു കഴിഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിലൂടെ സ്കൂളില്‍ പ്രവേശിക്കുന്ന കുട്ടികള്‍ക്ക് 'തങ്ങള്‍ സുരക്ഷിതരല്ല' എന്ന തോന്നല്‍ ഉളവാക്കുകയും ഇത് അവരുടെ മാനസികനിലയെ തന്നെ ബാധിക്കുകയും ചെയ്യും. ദേവാലയങ്ങളിലാകട്ടെ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഞങ്ങള്‍ വിശ്വാസികളോട് വേഗം തന്നെ സ്വന്തം ഭവനങ്ങളിലേക്ക് പോകുവാന്‍ നിര്‍ദ്ദേശിക്കുന്നു. ബിഷപ്പ് പറഞ്ഞു.

രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ ആഴമായ വിശ്വാസത്തെ പറ്റിയും ബിഷപ്പ് അഭിമുഖത്തില്‍ തുറന്ന്‍ പറഞ്ഞു. 2015 മാര്‍ച്ച് മാസത്തില്‍ ദേവാലയങ്ങളില്‍ ആക്രമണങ്ങള്‍ നടന്നതിന് ശേഷം ഓശാന തിരുനാള്‍ ആഘോഷങ്ങള്‍ക്കായും, ജനങ്ങളുടെ ഭീതി മാറ്റുന്നതിനായും ഇടവക സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ വിശ്വാസത്തിന്റെ അനുഭവവും ബിഷപ്പ് പങ്കുവെച്ചു. ദേവാലയത്തില്‍ കൈകുഞ്ഞുമായി എത്തിയ ഒരു യുവതിയോട് 'ഈ കുഞ്ഞിനെകൊണ്ട് ഈ സാഹചര്യത്തില്‍ ദേവാലയത്തില്‍ വരുവാന്‍ നിനക്ക് ഭയമില്ലേ?' എന്ന ചോദ്യത്തിന് അവളുടെ മറുപടി അതിശയകരമായിരിന്നു.

'എന്റെ കുഞ്ഞ് ദൈവത്തിന്റെ സമ്മാനമാണ്. അതിനാല്‍ ഈ കുഞ്ഞിനെ ദേവാലയത്തില്‍ കൊണ്ട് വരികയും തന്റെ പിതാവിന്റെ ഭവനം കാണിക്കുകയും ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്വമാണ്'. അവളുടെ നിഷ്കളങ്കമായ മറുപടി ഇന്നും എന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്. ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ സ്കൂളുകളും, ഞായറാഴ്ച തോറുമുള്ള മതബോധന ക്ലാസ്സുകളും കത്തോലിക്കാ യുവതീ-യുവാക്കളില്‍ വിശ്വാസരൂപീകരണത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും നാഷണല്‍ യൂത്ത് കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയായ ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ പറഞ്ഞു അഭിമുഖത്തില്‍ പറഞ്ഞു.


Related Articles »