News

കൂട്ടായ്മയുടെ സന്ദേശം ഈജിപ്ത് ലോകത്തിനു കാണിച്ചു കൊടുക്കുക: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 29-04-2017 - Saturday

കെയ്റോ: പരസ്പര ആദരവിലും നന്മയിലും ഒരുമിച്ചു ജീവിക്കുന്നത് എങ്ങനെയാണെന്ന് ഈജിപ്ത് ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഈജിപ്ത് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദ്യദിവസം തലസ്ഥാന നഗരമായ കെയ്റോയിലെ ഹേലിയോപൊളിസിലുള്ള അല്‍-മെസ്സാ രാജ്യാന്തര സമ്മേളന കേന്ദ്രത്തില്‍ രാഷ്ട്ര നേതൃത്വത്തെയും മറ്റു പാര്‍ലമെന്‍ററി അംഗങ്ങളെയും ജനങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. അസ്സലാമു ആലയ്ക്കും! എന്ന അറബി സമാധാന ആശംസയോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

ഇന്നും ലോകം അംഗീകരിക്കുന്ന മഹത്തായ സംസ്ക്കാരമാണ് ഈജിപ്ത്. അതിന്‍റെ മഹത്വം കാലാതീതമാണ്. ഫറവോമാരുടെയും കോപ്റ്റുകളുടെയും മുസ്ലീങ്ങളുടെ നാടു മാത്രമല്ല ഈജിപ്ത്, പൂര്‍വ്വപിതാക്കന്മാരുടെയും നാടാണിത്. ബൈബിളില്‍ പ്രതിപാദിക്കപ്പെടുന്ന നാടാണിത്. ആദ്യമായി മോശയ്ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തികൊടുത്ത് ഇവിടെയാണ്. ഇവിടെ സീനായ് മലയിലാണ് ദൈവം തന്‍റെ ജനത്തിനും മാനവകുലത്തിനുമായി 10 കല്പനകള്‍ നല്കിയത്. ഈജിപ്തിലെ മണ്ണ് തിരുക്കുടുംബത്തിന് അഭയംനല്കിയിട്ടുള്ളതു ചരിത്രമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുവിനോട് ഈജിപ്തു കാണിച്ച ആതിഥ്യം മാനവികതയുടെ മനോദര്‍പ്പണത്തില്‍ ഇന്നും മായാതെ നില്ക്കുന്നു.

ഇന്നും സുഡാന്‍, ഏറിത്രിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍നിന്നും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും ഈ നാട് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കുക മാത്രമല്ല, അവരെ ഇവിടത്തെ സംസ്ക്കാരത്തിലേയ്ക്ക് ഉള്‍ചേര്‍ക്കാന്‍ കാര്യമായി പരിശ്രമിക്കുകയും ചെയ്യുന്നു. മദ്ധ്യപൂര്‍വ്വദേശത്തെ അതിക്രമങ്ങള്‍ ആളിപ്പടരാതെ സൂക്ഷിക്കുകയും, അതിനു തടയിടുവാന്‍ പോരുന്നതുമായ സങ്കീര്‍ണ്ണവും തന്ത്രപ്രധാനവുമായ നിലപാടാണ് ഈജിപ്ത് ഇന്ന് കൈക്കൊള്ളുന്നത്. ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും ഈജിപ്തിന്‍റെ മണ്ണില്‍ കുറവില്ല എന്ന ഭാഗധേയവും പങ്കുമാണ് ഇന്നാട്ടിലേയ്ക്ക് ജനതകളെ മാടി വിളിക്കുന്നത്.

ഈജിപ്ഷ്യന്‍ ജനതയുടെ പാരമ്പര്യമായ നന്മയും മഹത്വവും വാക്കുകള്‍ക്കുമപ്പുറം പ്രവൃത്തികളാക്കി പരിവര്‍ത്തനം ചെയ്യാനായാല്‍ ഐക്യദാര്‍ഢ്യത്തിന്‍റെ ലക്ഷ്യം പൂവണിയുക തന്നെ ചെയ്യും. ഈജിപ്തില്‍ ഇന്ന് അധികവും അധികാരത്തിനും, ആയുധനവിപണനത്തിനും, മതമൗലികവാദത്തിനും, ദൈവത്തിന്‍റെപേരില്‍ അഴിച്ചുവിടുന്ന മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അനീതിയും അതിക്രമങ്ങളും അധികമായി കടന്നുവരുന്നുവെന്നത് ഖേദകരമാണ്! ക്രൂരവും വിവേകരഹിതവുമായ അതിക്രമങ്ങള്‍ക്കുവേദിയാകുന്ന നാടിന്‍റെ സമാധാനം ഊട്ടിയുറപ്പിക്കാനും ബലപ്പെടുത്താനുമുള്ള വലിയ ഉത്തരവാദിത്തം ഈ നാടിന്‍റേതാണ്.

എത്രയോ കുടുംബങ്ങളാണ് ഇന്നിവിടെ അനീതിയുടെ അതിക്രമങ്ങളാല്‍ വേദനിക്കുന്നത്. തങ്ങളുടെ മക്കളെയോര്‍ത്തു വിലപിക്കുന്ന മാതാപിതാക്കളും കുടുംബങ്ങളും ഇപ്പോള്‍ ഇവിടെ ഈ വേദിയില്‍ ഇരിപ്പുണ്ട്. അതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ ഈ നാടിന്‍റെ യുവജനങ്ങളെയും സായുധസേനാംഗങ്ങളെയും പൊലീസുകാരെയും, ഈജിപ്ഷ്യന്‍ പൗരന്മാരെയും പ്രത്യേകമായി ഓര്‍ക്കുന്നു. ഭീഷണിയും കൊലപാതകവും അതിക്രമങ്ങളുംമൂലം വടക്കന്‍ സീനായ് വിട്ടുപോകേണ്ടിവന്നവരെ മറക്കില്ല.

എന്നാല്‍ വേദനിക്കുന്നവരെ തുണയ്ക്കാനും അഭയമേകാനും ഓടിയെത്തിയ അധികാരികളെയും പൗരന്മാരെയും ഓര്‍ക്കുന്നു. കോപ്റ്റിക്ക് ദേവാലയങ്ങളില്‍ കഴിഞ്ഞ ഡിസംബറിലും അടുത്തിടെ ടാന്‍റയിലും അലക്സാന്‍ഡ്രിയയിലും കൊല്ലപ്പെട്ടുവരെ അനുസ്മരിക്കുന്നു. അവരുടെ കുടുംബങ്ങളെയും നാട്ടുകാരെയും ഹൃദയപൂര്‍വ്വം അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. അവരുടെ മനസ്സുകളെ ദൈവം പ്രശാന്തമാക്കട്ടെ!

സങ്കീര്‍ണ്ണമായ ആഗോളചുറ്റുപാടില്‍ 'ഒരു മൂന്നാം ലോകമഹായുദ്ധം' നടമാടുകയാണ്. ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവമാണ് നമ്മേ സംരക്ഷിക്കുന്നതെന്ന വസ്തുത വരുംതലമുറയ്ക്ക് പകര്‍ന്നുനല്കാനുള്ള വലിയ ഉത്തരവാദിത്ത്വം നമുക്കുണ്ട്. അവിടുന്ന് ഒരിക്കലും മക്കളുടെ മരണമോ വിനാശമോ ആഗ്രഹിക്കുന്നില്ല. മറിച്ച് നമ്മുടെ ജീവനും സന്തോഷവുമാണ് അഭിലഷിക്കുന്നത്. അവിടുന്ന് ഒരിക്കലും അതിക്രമം ആഗ്രഹിക്കുന്നില്ല, അതിനെ ന്യായീകരിക്കുന്നുമില്ല.

അതിക്രമങ്ങളെ സ്നേഹിക്കുന്നവനെ കര്‍ത്താവ് വെറുക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പഠിപ്പിക്കുന്നത്. അളവില്ലാത്ത സ്നേഹത്തിലേയ്ക്കും, പ്രതിനന്ദി പ്രതീക്ഷിക്കാത്തതുമായ ക്ഷമയ്ക്കും, കാരണ്യത്തിനും, ജീവനോടുള്ള സമഗ്രമായ ആദരവിനും അവിശ്വാസികള്‍ക്കുമിടയില്‍പ്പോലുമുള്ള സാഹോദര്യത്തിനായും ദൈവം ആഗ്രഹിക്കുന്നു. മനുഷ്യമനസ്സുകളില്‍ വെറുപ്പും വിദ്വേഷവും വിതച്ച് സാധാരണക്കാരുടെ ജീവിതം തട്ടിയെടുക്കുന്നവരുടെയും വിശ്വാസത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നവരുടെയും മുഖംമൂടികള്‍ എടുത്തുമാറ്റാനുള്ള ഉത്തരവാദിത്ത്വം നമുക്കുണ്ട്.

എല്ലാവിധത്തിലുള്ള അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും നിരാകരിക്കാനും തല്ലിപ്പറയാനും ഈജിപ്ത് വിളിക്കപ്പെട്ടിരിക്കുന്നു. സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും അന്തസ്സുള്ള തൊഴിലിനും ന്യായമായ അടിസ്ഥാന വിദ്യാഭ്യാസത്തിനുമായി കേഴുന്ന മനുഷ്യഹൃദയങ്ങളില്‍ സമാധാനത്തിന്‍റെ വിത്തുപാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സമാധാനം വളര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ ഭീകരതയെ നാം ചെറുക്കുന്നു. എല്ലാവരുടെയും വിശ്വാസസ്വാതന്ത്ര്യം ആദരിച്ചും, അടിസ്ഥാന മാനുഷികമൂല്യങ്ങള്‍ മാനിച്ചും എങ്ങനെ കൂട്ടായ്മയില്‍ ജീവിക്കാമെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ ഈജിപ്തിനു സാധിക്കണം.

ഓര്‍ത്തഡോക്സ് കോപ്റ്റിക്, ഗ്രീക്ക് ബൈസന്‍റൈന്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്കാ സമൂഹങ്ങളെ എല്ലാവരെയും അഭിവാദ്യംചെയ്യുന്നു. ക്രിസ്തു ആഗ്രഹിക്കുന്ന കൂട്ടായ്മയും ഐക്യവും യാഥാര്‍ത്ഥമാക്കാന്‍ ഇവിടത്തെ ക്രൈസ്തവസമൂഹത്തിന്‍റെ സ്ഥാപകനായ വിശുദ്ധ മര്‍ക്കോസ് സുവിശേഷകന്‍ സഹായിക്കട്ടെ! ക്രൈസ്തവരുടെ ഇവിടത്തെ സാന്നിദ്ധ്യം നവമോ, താല്ക്കാലികമോ അല്ല. അത് പുരാതനവും ഇന്നാടിന്‍റെ ചരിത്രത്തില്‍ ഏറെ പ്രസക്തവുമാണ്. ദൈവം ഈജിപ്തിലെ ജനതയെ അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

2014-ല്‍ വത്തിക്കാനില്‍ വന്ന് തന്നെ ക്ഷണിച്ചതിനും, ഇപ്പോള്‍ സ്വീകരിച്ചതിനും ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അല്‍-സീസിന് മാര്‍പാപ്പാ തന്റെ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. 2013-ല്‍ പാത്രിയര്‍ക്കിസ് തവാദ്രോസ് രണ്ടാമനുമായും, 2016-ല്‍ അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയുടെ തലവന്‍, ഡോക്ടര്‍ അഹമ്മദ് അല്‍-തയീബുമായി നടന്ന കൂടികാഴ്ചയും പാപ്പാ ആമുഖ പ്രസംഗത്തില്‍ അനുസ്മരിച്ചിരിന്നു.


Related Articles »