News - 2025
സഭാ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ട്ടിച്ച് നല്‍കണം: കെസിബിസി പുറപ്പെടുവിച്ച മെയ്ദിന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
സ്വന്തം ലേഖകന്‍ 29-04-2017 - Saturday
കൊച്ചി: സഭയുടെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അനുകമ്പാപൂര്‍ണമായ മനോഭാവത്തോടെ സൃഷ്ടിച്ചുനല്കാന്‍ കഴിയണമെന്ന്‍ കെസിബിസി തൊഴില്‍കാര്യാ കമ്മീഷന്‍. മെയ്ദിനത്തോടനുബന്ധിച്ച് കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വൈസ് ചെയര്‍മാന്മാരായ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ സന്ദേശത്തിലാണ് പ്രസ്താവന.
സഭയുടെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അനുകമ്പാപൂര്‍ണമായ മനോഭാവത്തോടെ സൃഷ്ടിച്ചുനല്കാന്‍ കഴിയണം. സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണു സഭയിലെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം. ഇക്കാര്യവുമായി ബന്ധപ്പെട്ടാണു കെ.സി.ബി.സി. പീപ്പിള്‍ മാനേജ്മെന്‍റ് പോളിസി പുറത്തിറക്കിയിരിക്കുന്നത്.
സി.ബി.സി.ഐ. ലേബര്‍ കമ്മീഷനും സഭാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ച ഒരു മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സഭാ സ്ഥാപങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്ന തിനുമുള്ള ഒത്താശകള്‍ നല്കാന്‍ കെ.എല്‍.എം.നെയാണു കെ.സി.ബി.സി. ചുമതലപ്പെടുത്തിയി രിക്കുന്നത്. എല്ലാ രൂപതകളും സന്ന്യാസ സമൂഹങ്ങളും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ താമസം വിനാ സ്വീകരിക്കുന്നത് നീതിയെ സംബന്ധിച്ച് സാരാംശപരമാണ്.
നമ്മുടെ നാടിന്‍റെ സാമ്പത്തിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്ന ഒരു വിഭാഗമാണ് സ്വകാര്യമേഖലയിലെ സംരംഭകരും വിവിധ തൊഴില്‍ ദാതാക്കളും. അവരുടെകൂടെ ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പരിഗണിക്കുന്നതും, ജീവിതകാലംമുഴുവന്‍ സ്ഥാപനത്തിന്‍റെ ഭൗതികവളര്‍ച്ച യ്ക്കായി അധ്വാനി ക്കുകയും ജീവിതം നഷ്ടപ്പെടുത്തുകയുംചെയ്യുന്ന തൊഴിലാളികളുടെ വാര്‍ദ്ധക്യകാല സാഹചര്യങ്ങളിലും സുരക്ഷയേകുന്ന രീതിയില്‍ വേതനവും മറ്റ് തുടര്‍ആനുകൂല്യങ്ങളും നിശ്ചയിച്ചു നല്കണം. സന്ദേശത്തില്‍ പറയുന്നു.
കെസിബിസി തൊഴില്‍കാര്യാ കമ്മീഷന്‍ പുറപ്പെടുവിച്ച മെയ്ദിന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
മിശിഹായില്‍ പ്രിയപ്പെട്ടവരേ,
തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന്‍റെയും, തൊഴിലാളി ദിനമായി ആചരിക്കുന്ന മെയ്ദിനത്തിന്‍റെയും മംഗളങ്ങള്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.
എന്താണ് തൊഴില്‍?
ലോകത്തെ പൂര്‍ണതയിലേക്കു നയിക്കാന്‍ ദൈവം മനുഷ്യനു നല്കിയിരിക്കുന്ന വിലമതിക്കാനാകാത്ത ദാനമാണ് അദ്ധ്വാനശേഷി. കായികശേഷിയും ചിന്താശേഷിയും സര്‍ഗശേഷിയും സമന്വയിപ്പിച്ച് മനുഷ്യന്‍ നടത്തുന്ന പ്രവൃത്തികളാണു മാനവസമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്നത്. വ്യക്തിയുടെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുസ്ഥിതി കൈവരുത്തുന്ന ഉപാധിയും തൊഴില്‍ തന്നെയാണ്. തിരുസ്സഭയുടെ സംരക്ഷകന്‍ എന്ന വിശിഷ്ട സ്ഥാനം തൊഴിലാളി മദ്ധ്യസ്ഥനായ യൗസേപ്പിതാവിന് തിരുസ്സഭ നല്കി വണങ്ങുന്നത് (1870, ഒമ്പതാം പീയൂസ് പാപ്പ) ഈ പശ്ചാത്തലത്തിലാണ്.
തൊഴിലാളികുടുംബത്തില്‍ ജനിച്ച് (മത്താ. 13:55), തൊഴിലാളിയായി ജീവിതംനയിച്ച് (മര്‍ക്കോ 6:3), പരസ്യ ജീവിതത്തില്‍ തൊഴിലാളികളെ കൂട്ടുചേര്‍ത്ത് (മാര്‍ക്ക് 1:16-20) സമഗ്രവിമോചനത്തിന്‍റെ സദ്വാര്‍ത്ത ലോകംമുഴുവന്‍ എത്തിക്കാന്‍ യേശുവിന് സാധിച്ചു. അതിനാല്‍, തന്‍റെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സംരക്ഷകന്‍ താന്‍തന്നെയാണെന്ന തിരിച്ചറിവും, ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അദ്ധ്വാനിക്കുന്നവരോടൊപ്പംചേര്‍ന്ന് ക്രിസ്തുവിന്‍റെ വിമോചനദൗത്യം പൂര്‍ത്തിയാക്കുകയാണ് തന്‍റെ ദൗത്യമെന്ന അവബോധവുമാണ് ഓരോ തൊഴിലാളി ദിനാഘോഷത്തില്‍ നിന്നും നാം സ്വന്തമാക്കേണ്ടത്.
മെയ്ദിനം എന്ത്?
മനുഷ്യര്‍ക്ക് തെല്ലും പ്രാധാന്യംനല്കാതെ അവരുടെ അധ്വാനശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി ലാഭം വര്‍ദ്ധിപ്പിച്ച് ധനശേഷി കൂട്ടാന്‍ വ്യവസായ ഉടമകള്‍ പ്രകടമാക്കിയ ആര്‍ത്തിക്കെതിരേയാണ് 1886-ല്‍ ചിക്കാഗോയില്‍ തൊഴിലാളികള്‍ സംഘടിച്ചത്. തൊഴിലാളികള്‍ക്ക് മനുഷ്യരായി ജീവിക്കാനുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടമായിരുന്നു അത്. ദാരിദ്ര്യത്തിന്‍റെയും അടിമത്തത്തിന്‍റെയും ചൂഷണത്തിന്‍റെയും കുരുക്കുകള്‍ പൊട്ടിക്കാന്‍ തൊഴിലാളികള്‍ നടത്തിയ ചിക്കാഗോ സമരത്തിന്‍റെ സ്മരണയായിട്ടാണു മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിച്ചു വരുന്നത്.
തൊഴിലും സഭാപ്രബോധനങ്ങളും
വ്യവസായ വിപ്ലവത്തിന്‍റെ ഫലമായി രൂപംകൊണ്ട അതികഠിനമായ സാമൂഹിക സാഹചര്യങ്ങളെ അതിജീവിക്കാന്‍വേണ്ടി തൊഴിലാളിസമൂഹത്തെ ശക്തിപ്പെടുത്താനായിരുന്നു ഭാഗ്യസ്മരണാര്‍ഹനായ ലിയോ പതിമൂന്നാമന്‍ പാപ്പ 1891-ല്‍ 'റേരും നൊവാരും' എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്. തിരുസ്സഭ എന്നും തൊഴിലാളികള്‍ക്കൊപ്പമാണ് എന്ന ഒരു പ്രഖ്യാപനവുമായി രുന്നു അത്. അന്താരാഷ്ട്ര തൊഴില്‍സംഘടന (ഐ.എല്‍.ഒ.) ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവും ആയ മിക്കവാറും എല്ലാ സംഘടനകളുടെയും, തൊഴിലാളിക്ഷേമത്തിനും അവകാശ സംരക്ഷണത്തിനായി ലോകമെങ്ങും പിന്നീട് രൂപംകൊണ്ടിട്ടുള്ള നിയമങ്ങളുടെയുമെല്ലാം പിന്നിലുള്ള മുഖ്യ ചാലകശക്തി 'റേരും നൊവാരും' തന്നെയാണ്.
ലിയോ പതിമൂന്നാമന്‍ പാപ്പായ്ക്കുശേഷം തിരുസ്സഭയെ നയിച്ചിട്ടുള്ള എല്ലാ പരിശുദ്ധ പിതാക്കന്മാരും തങ്ങളുടെ പ്രബോധനങ്ങള്‍വഴിയും ഇടപെടലുകള്‍വഴിയും തൊഴിലാളികള്‍ക്കു വേണ്ടി ശക്തമായി നിലകൊണ്ടവരാണ്. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായാകട്ടെ, നീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കുമൊപ്പം തന്‍റെ പ്രബോധനങ്ങള്‍വഴിയും അതിലേറെ തന്‍റെ ജീവിതവും സ്വാധീനവുംവഴിയും അനിതരസാധാരണമായ ചൈതന്യത്തോടെ നിലകൊള്ളുന്നു.
അസംഘടിത തൊഴിലാളികള്‍: ഒരു അവലോകനം
നമ്മുടെ രാജ്യത്തിലെ മൊത്തം തൊഴില്‍ ശക്തി നാല്പത്തൊമ്പത് കോടിയോളം വരും. ഇതില്‍ 94 ശതമാനംപേരും തൊഴില്‍സുരക്ഷ, സാമൂഹികസുരക്ഷ, നിയമപരിരക്ഷ എന്നിവ ലഭ്യമല്ലാത്ത അസംഘടിത തൊഴിലാളികളാണ്. കേരളത്തില്‍ വിവിധകാലങ്ങളിലെ സര്‍ക്കാരുകള്‍ അസംഘടിത തൊഴിലാളികള്‍ക്കായി രൂപപ്പെടുത്തി നടപ്പിലാക്കിക്കൊ ണ്ടിരിക്കുന്ന ക്ഷേമപെന്‍ഷനുകളും ക്ഷേമനിധിഫണ്ടുകളും മറ്റ് ആനുകൂല്യ ങ്ങളും തൊഴിലാളികള്‍ക്ക് ആശാവഹമായ സുരക്ഷാബോധം നല്കുന്നുണ്ട്.
ഏറെ കാലമായി ട്രെയ്ഡ് യൂണിയനുകളും കെ.എല്‍.എം. ഉം നിരന്തരമായി ആവശ്യപ്പെട്ടുവരുന്ന പല കാര്യങ്ങളില്‍ ഒന്നായ ക്ഷേമപെന്‍ഷനുകള്‍ ചുരുങ്ങിയത് 1000 രൂപയാക്കിയതും, വര്‍ഷം തോറും 100 രൂപയുടെ വര്‍ദ്ധനവ് നടത്താമെന്ന വാഗ്ദാനം പാലിച്ച് ബഡ്ജറ്റില്‍ ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തിയതും കേരള സര്‍ക്കാരിന്‍റെ ശ്ലാഘനീയവും ആശാവഹവുമായ പ്രവൃത്തിയാണ്.
വിലക്കയറ്റം, അഴിമതി, രാഷ്ട്രീയ വര്‍ഗീയ വിവേചനം, കോര്‍പ്പറേറ്റ് മേഖലകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച മുതലായവയിലൂടെ ഇന്നത്തെ തൊഴിലാളികള്‍ പ്രത്യേകിച്ച,് അസംഘടിത തൊഴില്‍മേഖലയിലുള്ളവര്‍ ഏറെ കഷ്ടതകള്‍ നേരിടുന്നു. നിത്യോപയോഗവസ്തുക്കളുടെ വിലക്കയറ്റം തൊഴിലാളികളെ തളര്‍ത്തിയിരിക്കുന്നു. ഈ അവസരത്തില്‍ ഇരുട്ടടിയായിട്ടാണ് പുതിയ റേഷന്‍ സമ്പ്രദായം നിലവില്‍ വരുന്നത്. അസംഘടിത മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും മുന്‍ഗണനാ വിഭാഗത്തില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികളും ഗാര്‍ഹികത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമെല്ലാം ഇതിലൂടെ റേഷന്‍സമ്പ്രദായത്തിനു പുറത്തായിരിക്കുന്നു.
നോട്ടു നിരോധനത്തിലൂടെ തകര്‍ന്നടിഞ്ഞ തൊഴില്‍മേഖല വറചട്ടിയില്‍നിന്നും എരിതീയിലേക്ക് എന്ന അവസ്ഥയില്‍ എത്തപ്പെട്ടിരിക്കുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തരോത്പാദനത്തിന്‍റെ 60 ശതമാനം അസംഘടിത മേഖലയുടെ സംഭാവനയാണ്. എന്നിട്ടും മനുഷ്യോചിതമായി കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രതിഫലം, ഗ്രാന്‍റുകള്‍, അലവന്‍സുകള്‍, പെന്‍ഷന്‍, വിശ്രമം, ചികിത്സാനുകൂല്യം, ആരോഗ്യപരമായ തൊഴില്‍ സാഹചര്യം തുടങ്ങിയവയെല്ലാം നിഷേധിക്കപ്പെട്ട് ആ മേഖലയിലുള്ളവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ദരിദ്രരുമായി മാറിയിരിക്കുന്നു.
രാജ്യത്തെ കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളില്‍ അസംഘടിത തൊഴിലാളികള്‍ക്ക് ജനസംഖ്യാനുപാതികമായി വേണ്ടത്ര വകയിരുത്തലുകള്‍ ഉണ്ടാകുന്നില്ല. രാഷ്ട്രം വേഗത്തില്‍ വളരുന്നുണ്ടെങ്കിലും വികസനത്തിന്‍റെ സദ്ഫലങ്ങള്‍ സമൂഹത്തിന്‍റെ താഴെത്തട്ടിലേക്ക് വിതരണം ചെയ്യപ്പെടുന്നില്ല എന്നാണു സ്ഥിതിവിവരക്കണക്കുകള്‍ വിശദമാക്കുന്നത്. സ്വത്തിന്‍റെ വലിയ തോതിലുള്ള കേന്ദ്രീകരണം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ രാജ്യത്തെ മുഴുവന്‍സ്വത്തിന്‍റെയും 58.4 ശതമാനവും കയടക്കിയിരിക്കുന്നു (ഓക്സ്ഫാം റിപ്പോര്‍ട്ട് 2016). പൊതുസ്വത്ത് തട്ടിയെടുത്ത് രാജ്യം വിടുന്നവരും ലക്ഷം കോടികളുടെ നികുതിയിളവ് നേടിയെടുക്കുന്ന കോര്‍പ്പറേറ്റുകളും പണത്തിന്‍റെ ബലത്തില്‍ നിയമത്തെയും അധികാരികളെയും കൂടെനിര്‍ത്തുന്ന സമ്പന്നരും സ്വത്ത് വാരികൂട്ടി നിറയ്ക്കുമ്പോള്‍ അതില്‍നിന്നും വീഴുന്നവകൊണ്ടുമാത്രം വിശപ്പടക്കേണ്ട ഗതികേടിലേക്ക് ഈ രാജ്യത്തെ അടിസ്ഥാന തൊഴിലാളി സമൂഹം നിപതിച്ചിരിക്കുന്നു.
ആയിരക്കണക്കിനു കോടിരൂപയുടെ വായ്പയെടുത്ത് മനഃപൂര്‍വം തിരിച്ചടക്കാത്ത വന്‍കിടക്കാരുടെ പേരുവിവരങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുപോലും ലഭ്യമാക്കാത്ത അധികാരികള്‍ പതിനായിരങ്ങള്‍ കടമെടുത്തിട്ട് പരാധീനതകള്‍മൂലം തിരിച്ചടക്കാനാകാത്ത സാധാരണക്കാരെ ജപ്തിയും സര്‍ഫാസി നിയമവും കുടിയിറക്കലും പ്രയോഗിച്ച് കഷ്ടത്തിലാക്കുന്നത് യാതൊരു തരത്തിലും ന്യായീകരിക്കാനാകില്ല.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി തൊഴിലാളി യൂണിയനുകളെ മാറ്റിയതിനാല്‍ പ്രതിരോധത്തിന്‍റെ പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ തയ്യാറാകാന്‍ ഇത്തരുണത്തില്‍ ആഹ്വാനംചെയ്യുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരണം.
അസംഘടിതതൊഴിലാളികളും സഭയും
അസംഘടിത തൊഴിലാളികളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ സഭയുടെ പ്രേഷിതത്വത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറേണ്ടതുണ്ട്. കെ.സി.ബി.സി. തൊഴില്‍ കാര്യ കമ്മീഷന്‍റെ കീഴിലുള്ള കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ പ്രവര്‍ത്തനം ഇതിനായി എല്ലാ രൂപതകളിലും ഊര്‍ജ്ജിതമാക്കണം. സി.ബി.സി.ഐ. ലേബര്‍ കമ്മീഷന്‍റെ തൊഴിലാളി സംഘടനയായ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍റെ അംഗസംഘടനയാണു കെ.എല്‍.എം. എല്ലാ ഇടവകകളിലും കെ.എല്‍.എം. യൂണിറ്റുകള്‍ സമയബന്ധിതമായി രൂപീകരിക്കണം.
തൊഴിലാളി ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കാനായി പ്രേഷിത ചൈതന്യവും സമര്‍പ്പണബുദ്ധിയും നേതൃത്വപാടവവുമുള്ള അല്മായരെ കണ്ടെത്തി പരിശീലനം നല്കണം. വൈദികരും സന്ന്യസ്തരും തൊഴിലാളി ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കണം. വിവിധ വിഭാഗം അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനുമായി കെ.എല്‍.എം.ന്‍റെ നേതൃത്വത്തില്‍ എട്ട് തൊഴിലാളി ഫോറങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്. നിര്‍മ്മാണത്തൊഴിലാളി, തയ്യല്‍തൊഴിലാളി, ഗാര്‍ഹികത്തൊഴിലാളി, മത്സ്യത്തൊഴിലാളി, മോട്ടോര്‍ വാഹന തൊഴിലാളി, കര്‍ഷകത്തൊഴിലാളി, ചെറുകിടതോട്ടം തൊഴിലാളി, പീടികത്തൊഴിലാളി എന്നീ ഫോറങ്ങളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ഇവയിലൂടെ എല്ലാ മതവിഭാഗങ്ങളിലും ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് പരിശീലനങ്ങളും സഹായങ്ങളും കെ.എല്‍.എം. നല്കിവരുന്നു. അസംഘടിതതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സാമൂഹിക സുരക്ഷാ അംഗത്വം ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കുവാനായി വിവിധ തൊഴിലാളി ഫോറങ്ങള്‍ വഴി സാധിക്കുന്നു. അതിനാല്‍ മേല്‍സൂചിപ്പിച്ച തൊഴില്‍ വിഭാഗങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ രൂപതകളും ഇടവകകളും ഏറ്റെടുക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
സഭയുടെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അനുകമ്പാപൂര്‍ണമായ മനോഭാവത്തോടെ സൃഷ്ടിച്ചുനല്കാന്‍ കഴിയണം. സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണു സഭയിലെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം. ഇക്കാര്യവുമായി ബന്ധപ്പെട്ടാണു കെ.സി.ബി.സി. പീപ്പിള്‍ മാനേജ്മെന്‍റ് പോളിസി പുറത്തിറക്കിയിരിക്കുന്നത്.
സി.ബി.സി.ഐ. ലേബര്‍ കമ്മീഷനും സഭാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ച ഒരു മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സഭാ സ്ഥാപങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്ന തിനുമുള്ള ഒത്താശകള്‍ നല്കാന്‍ കെ.എല്‍.എം.നെയാണു കെ.സി.ബി.സി. ചുമതലപ്പെടുത്തിയി രിക്കുന്നത്. എല്ലാ രൂപതകളും സന്ന്യാസ സമൂഹങ്ങളും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ താമസം വിനാ സ്വീകരിക്കുന്നത് നീതിയെ സംബന്ധിച്ച് സാരാംശപരമാണ്.
നമ്മുടെ നാടിന്‍റെ സാമ്പത്തിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്ന ഒരു വിഭാഗമാണ് സ്വകാര്യമേഖലയിലെ സംരംഭകരും വിവിധ തൊഴില്‍ ദാതാക്കളും. അവരുടെകൂടെ ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പരിഗണിക്കുന്നതും, ജീവിതകാലംമുഴുവന്‍ സ്ഥാപനത്തിന്‍റെ څഭൗതികവളര്‍ച്ച യ്ക്കായി അധ്വാനി ക്കുകയും ജീവിതം നഷ്ടപ്പെടുത്തുകയുംചെയ്യുന്ന തൊഴിലാളികളുടെ വാര്‍ദ്ധക്യകാല സാഹചര്യങ്ങളിലും സുരക്ഷയേകുന്ന രീതിയില്‍ വേതനവും മറ്റ് തുടര്‍ആനുകൂല്യങ്ങളും നിശ്ചയിച്ചു നല്കണം.
ഇതരസംസ്ഥാനത്തൊഴിലാളികള്‍
കേരളത്തില്‍ ഏകദേശം മുപ്പതുലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്നു എന്നാണ് കണക്ക്. ഇവരോട് കുറച്ചുകൂടി അനുകമ്പാപരമായ സമീപനം കേരള സമൂഹം സ്വീകരിക്കേണ്ടതുണ്ട്. ഇവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഈ വിഭാഗം തൊഴിലാളികളുടെ അവകാശസംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി ക്കൊണ്ട് രജിസ്ട്രേഷന്‍ നടത്തുന്നതിനായി വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷ ന്‍റെയും കെ.എല്‍.എം.ന്‍റെയും ആഭിമുഖ്യത്തില്‍ ഒരു വെബ് പോര്‍ട്ടല്‍ http://www.wifmdm.com/ ദേശീയ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങി യിട്ടുണ്ട്. എല്ലാ രൂപതകളിലും വര്‍ക്കേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ തുറക്കുകയും ഈ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യണം.
സമഗ്രവീക്ഷണം
വിപണിയുടെ അദൃശ്യശക്തികളെയും അദൃശ്യകരത്തെയും നമുക്കിനി ഒട്ടും വിശ്വസിക്കാനാവുകയില്ല. നീതിയിലുള്ള വളര്‍ച്ചയ്ക്ക് സാമ്പത്തിക വളര്‍ച്ച മുന്‍കൂട്ടി വേണമെങ്കിലും അതിനെക്കാള്‍ കൂടുതല്‍ പലതും ആവശ്യമാണ്: വരുമാനത്തിന്‍റെ കൂടുതല്‍ നല്ല വിതരണം, തൊഴിലിനുള്ള ഉറവിടങ്ങളുടെ സൃഷ്ടി, ലളിതമായ ഒരു ക്ഷേമമനോഭാവത്തിനപ്പുറം പോകുന്നതും ദരിദ്രര്‍ക്കു വേണ്ടിയുള്ളതുമായ ഒരു സമഗ്ര വളര്‍ച്ച എന്നിവയിലേക്ക് പ്രത്യേകമായി തിരിച്ചുവിട്ടിട്ടുള്ള തീരുമാനങ്ങളും കര്‍മ്മപരിപാടികളും സംവിധാനങ്ങളും പ്രക്രിയകളും അതിന് ആവശ്യമാണ്ڈ(ഫ്രാന്‍സിസ് പാപ്പ, സുവിശേഷ ത്തിന്‍റെ സന്തോഷം, 204).
ഇന്ന് വളര്‍ന്നുവന്നിരിക്കുന്ന അസമത്വം ദുരീകരിച്ചാല്‍മാത്രമേ നീതിയും സമാധാനവും സാധ്യമാകൂ. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. അതിനായി രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ പദ്ധതി എന്നിവ സൗജന്യമായോ പങ്കാളിത്തത്തോടെയോ നടപ്പിലാക്കണം. ഈ മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ ലളിതവും ആകര്‍ഷകവുമാക്കേണ്ടതുണ്ട്. എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും സ്വന്തമായി വീട് ലഭ്യമാക്കാനുള്ള പദ്ധതിക്ക് രൂപംനല്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
പണമുള്ളവര്‍മാത്രം ഉന്നത വിദ്യാഭ്യാസം നേടുന്ന നിലവിലെ സാഹചര്യം അസംഘടിത തൊഴിലാളിയുടെ കുട്ടികളുടെ ഉപരിപഠനം അസാധ്യമാക്കുന്നു. ഇതിനെ അതിജീവിക്കാന്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സംവരണവും സ്കോളര്‍ഷിപ്പും നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തില്‍ നിലവിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കണം. ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതിനുപകരം പ്രതിസന്ധികളെ അതിജീവിക്കാന്‍ തക്കവിധം സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മുഖ്യധാര ട്രേഡ് യൂണിയനുകള്‍ അമിത രാഷ്ട്രീയ അടിമത്വം വെടിഞ്ഞ് തൊഴിലാളിപക്ഷത്തുനിന്ന് നിലപാടുകള്‍ സ്വീകരിക്കണം.
അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമായിമാത്രം തൊഴിലാളിദിനത്തെ പരിമിതപ്പെടുത്തരുതെന്നാണ് തൊഴിലാളികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഓരോ തൊഴിലാളിയും തങ്ങളുടെ തൊഴില്‍ സത്യസന്ധതയോടെ നിര്‍വഹിക്കേണ്ടതുണ്ടെന്നു മറക്കരുത്. കര്‍ഷകന്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഏവരും ഏതു സാഹചര്യങ്ങളിലും ജീവിതാവസ്ഥയിലും അവര്‍ ചെയ്യുന്ന തൊഴിലുകളെ അഭിമാനത്തോടെ ഏറ്റുപറയാന്‍ സന്നദ്ധരുമാകണം. വിഭവങ്ങളുടെ മിതമായ വിനിയോഗം, സ്ഥാപനത്തിന്‍റെ സുസ്ഥിതി, തൊഴില്‍ദാതാവിനോടുള്ള ആദരം, ഏറ്റെടുത്ത തൊഴിലിന്‍റെ ഗുണപരവും സമയ ബന്ധിതവുമായ പൂര്‍ത്തീകരണം എന്നിവയും തൊഴിലാളിയുടെ കടമയാണെന്ന കാര്യം മറക്കരുത്.
കൂടാതെ പ്രതിസന്ധിനിറഞ്ഞ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്വയം കരുത്താര്‍ജ്ജിക്കുകയും ലഭ്യമാകുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും വേണം. വിളക്കില്‍ എണ്ണകരുതാതിരുന്ന സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെടാതെ പോയതായ ഉപമ സുവിശേഷത്തില്‍ നാം വായിക്കുന്നു (മത്താ 25: 112). സാഹചര്യങ്ങള്‍ മുന്നില്‍കണ്ട് കരുതല്‍ എടുക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്.
ക്ഷേമനിധികള്‍, പെന്‍ഷന്‍ സ്കീമുകള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍, സ്വയം സഹായ സംഘങ്ങളിലൂടെയുള്ള ശക്തീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലുള്ള പങ്കാളിത്തത്തിലൂടെ കരുതലെടുക്കേണ്ടതും, തന്‍റെ തൊഴില്‍മേഖലയില്‍ പ്രാവീണ്യവും വൈദഗ്ദ്യവും വര്‍ദ്ധിപ്പിക്കാന്‍ പരിശീലനങ്ങള്‍ നേടേണ്ടതും ഓരോ തൊഴിലാളിയുടെയും കടമയാണ്. ഐ.ടി. മേഖല പോലുള്ള ആധുനിക തൊഴില്‍സാഹചര്യങ്ങളില്‍ വ്യക്തിജീവിതവും കുടുംബംപോലും അവഗണിച്ചുള്ള അധ്വാനരീതികളും അപക്വവും ശ്രദ്ധാപൂര്‍വ്വം പരിഹരിക്കപ്പെടേണ്ടതുമാണ്.
തൊഴിലാളിയും തൊഴില്‍ദാതാവും തങ്ങളുടെ അവകാശങ്ങളെയും കടമകളെയും ഒരേ നാണയത്തിന്‍റെ ഇരുപുറങ്ങളായിക്കണ്ട് പരസ്പര സഹകരണത്തിന്‍റെയും ബഹുമാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കണം. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വയ്ക്കാന്‍ സര്‍ക്കാരും څഭരണാധികാരികളും സ്ഥാപന ഉടമകളും തയ്യാറാകണം. പണത്തെക്കാളും ലാഭത്തെക്കാളും മൂല്യവും മഹത്ത്വവും തൊഴിലിനും തൊഴിലിന്‍റെ ഉടമയായ മനുഷ്യനും നല്കണം. കാരണം, തൊഴിലിലല്ല മഹത്വം അടങ്ങിയിരിക്കുന്നത്; അതു ചെയ്യുന്ന മനുഷ്യനിലാണ്.
തൊഴിലാളിദിനത്തിന്‍റെ ആശംസകളും വിശുദ്ധ യൗസേഫിന്‍റെ മാധ്യസ്ഥ്യവും പ്രാര്‍ത്ഥനകളും ഒരിക്കല്‍ കൂടി നേരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തിന്‍റെ അനുഗ്രഹവും കൃപയും നിങ്ങള്‍ ഏവരോടുംകൂടെ ഉണ്ടാകട്ടെ.
മിശിഹായില്‍ സ്നേഹപൂര്‍വം,
ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
(ചെയര്‍മാന്‍, കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍)
ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍
(വൈസ് ചെയര്‍മാന്‍, കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍)
ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്
(വൈസ് ചെയര്‍മാന്‍, കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍)
പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം
കൊച്ചി - 682 025