News - 2025
വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്റെ പ്രഥമ സമ്പൂര്‍ണ്ണസമ്മേളനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 04-05-2017 - Thursday
വത്തിക്കാന്‍: നൂതന ആശയവിനിമയ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളെ നവീകരിക്കാനും കരുപ്പിടിപ്പാക്കാനുമായി 2015ല്‍ ഫ്രാന്‍സിസ് പാപ്പാ രൂപീകരിച്ച സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ കാര്യാലയത്തിന്‍റെ സമ്പൂര്‍ണ്ണസമ്മേളനം ഇന്നലെ ആരംഭിച്ചു. വത്തിക്കാന്‍റെ പത്തോളം മാധ്യമവിഭാഗങ്ങളും ഒരു കുടക്കിഴിലാവുന്ന സമ്മേളനത്തില്‍ മാധ്യമകാര്യാലയത്തിന്റെ പ്രവര്‍ത്തകരെ മാര്‍പാപ്പ ഇന്ന്‍ അഭിസംബോധന ചെയ്യുമെന്ന് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ മാധ്യമങ്ങളെ അറിയിച്ചു.
ആഗോള സഭയുടെ പ്രേഷിത ദൗത്യത്തോടു കാര്യപ്രാപ്തമായി പ്രതികരിക്കാന്‍ തക്കവിധം വത്തിക്കാന്‍റെ ദൃശ്യ-ശ്രാവ്യമാധ്യമ വിഭാഗങ്ങളെയും, അച്ചടി കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കേണ്ട വലിയ ദൗത്യമാണ് കാര്യാലയത്തിന്‍റേതെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തമാക്കി.
സങ്കീര്‍ണ്ണമെങ്കിലും മാധ്യമ സംവിധാനങ്ങള്‍ വൈദഗ്ദ്ധ്യത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ്. അതിനാല്‍ വത്തിക്കാന്‍റെ ആശയവിനിമയ സംവിധാനം സുവിശേഷവത്ക്കരണത്തിന്‍റെ പ്രഥമ ദൗത്യം ഉള്‍ക്കൊണ്ട്, ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയും, സഭയുടെയും മാര്‍പാപ്പായുടെയും കാലികമായ പ്രേഷിതദൗത്യത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ പരിശ്രമിക്കുകയുമാണ് അടിസ്ഥാന ലക്ഷ്യം. സമ്മേളനത്തിന്റെ ആമുഖ പ്രഭാഷണത്തില്‍ മോണ്‍സീഞ്ഞോര്‍ വിഗനോ വിവരിച്ചു.
ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബഷാരെ റായ്, നൈറോബിയിലെ ആര്‍ച്ചുബിഷപ്പ് ജോണ്‍ ന്യൂ, മ്യാന്‍മാറിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ചാള്‍സ് മവൂങ് ബോ, ഹായ്തിയിലെ മെത്രാന്‍ ചിബ്ലി ലാഗ്ലോസ്, പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി, വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ബെനിയാമിനോ സ്തേലാ, ഡബ്ലിനിലെ മെത്രാപ്പോലീത്ത തുടങ്ങീ നിരവധിപേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.