News - 2025
ഫാത്തിമ ഒരുങ്ങി: മാര്‍പാപ്പ നാളെ യാത്രതിരിക്കും
സ്വന്തം ലേഖകന്‍ 11-05-2017 - Thursday
വത്തിക്കാൻ സിറ്റി: ഫാത്തിമ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനും ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ജസീന്ത, സഹോദരൻ ഫ്രാൻസിസ്കോ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനും വേണ്ടി ഫ്രാന്‍സിസ് പാപ്പ നാളെ ഫാത്തിമായ്ക്ക് തിരിക്കും. പ്രാദേശികസമയം ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍പാപ്പ റോമില്‍ നിന്ന് യാത്ര ആരംഭിയ്ക്കും. വൈകുന്നേരം 4.20 ന് ലിസ്ബണ്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മാര്‍പാപ്പയെ പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സല്ലോ റെബേല്ലോയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.
ലിസ്ബണിൽനിന്നു 130 കിലോമീറ്റർ അകലെയാണ് ഫാത്തിമ സ്ഥിതി ചെയ്യുന്നത്. തുടർന്നു ഹെലികോപ്റ്ററിൽ ഫാത്തിമ നഗരത്തിലെ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കു പോകും. അവിടെ നിന്നു കാർ മാർഗം കുട്ടികൾക്കു ദിവ്യദർശനം ലഭിച്ച സ്ഥലത്തു സ്ഥിതിചെയ്യുന്ന ചാപ്പല്‍ മാർപാപ്പ സന്ദര്‍ശിക്കും. വിശ്വാസികൾക്കൊപ്പം സന്ധ്യാപ്രാർഥനയിലും ജപമാലയിലും പാപ്പ പങ്കെടുക്കും.
13നു രാവിലെ പത്തിനു ബസിലിക്കാ അങ്കണത്തിൽ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സമൂഹ ദിവ്യബലി നടക്കും. ദിവ്യബലിമധ്യേ ജസീന്തയെയും ഫ്രാൻസിസ്കോയെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. നാളെയും മറ്റന്നാളുമായി വിവിധ രാജ്യങ്ങളിൽ നിന്നായി നാലുലക്ഷം തീർഥാടകർ എത്തുമെന്നാണു കണക്കാക്കുന്നത്. എട്ടു കർദിനാൾമാരും 71 ബിഷപ്പുമാരും 2000 പുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.