News - 2025
ചര്‍ച്ച് ബില്‍: പ്രതിഷേധം വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍ 15-05-2017 - Monday
തൃശൂര്‍: സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷന്റെ ചര്‍ച്ച് ബില്ലിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. കേരളത്തിലെ ക്രൈസ്‌തവ സഭകളുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്ത് ട്രസ്‌റ്റ് രൂപീകരിക്കുകയും അതിന്റെ നടത്തിപ്പ് ഇടവകാംഗങ്ങളില്‍നിന്ന് എടുത്തുകളഞ്ഞു രാഷ്‌ട്രീയപാര്‍ട്ടികളെ ഏല്‍പ്പിക്കുകയുമാണു ബില്ലിന്റെ ലക്ഷ്യം. നേരത്തെ സഭാ സ്വത്തുക്കളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഭരണാഘടന വിരുദ്ധമാണെന്ന് കാണിച്ചു കെ.സി.ബി.സി അധ്യക്ഷനും ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യം ഏപ്രില്‍ 15-ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിന്നു.
നിര്‍ദിഷ്‌ട ബില്‍ ഭരണഘടനയുടെ 26-ാം വകുപ്പിന്റെ ലംഘനമാണെന്നു അടുത്തിടെ തൃശ്ശൂര്‍ അതിരൂപതയുടെ മാസികയിലും വിമര്‍ശനമുണ്ടായിരിന്നു. മതസ്‌ഥാപനങ്ങളും ചാരിറ്റബിള്‍ സ്‌ഥാപനങ്ങളും നടത്താനുള്ള അവകാശം, മതപരമായ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള അവകാശം, മതസ്‌ഥാപനങ്ങള്‍ക്കു സ്‌ഥാവര, ജംഗമവസ്‌തുക്കള്‍ സമ്പാദിക്കാനും കൈവശം വയ്‌ക്കാനുള്ള അവകാശം, നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് അത്തരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം എന്നിവ ഉറപ്പുനല്‍കുന്നതാണ് 26-ാം വകുപ്പ്.
എന്നാല്‍ ഇതിനു വിരുദ്ധമായി അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായിട്ടാണു പുതിയ ബില്‍ കൊണ്ട് വരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ചര്‍ച്ച് ബില്ലിനെ ചെറുക്കുമെന്നും പള്ളി, മഠം, സെമിനാരി, സഭയുടെ ആശുപത്രികള്‍ തുടങ്ങിയ സ്‌ഥാപനങ്ങളെ രാഷ്‌്രടീയക്കാരുടെ കൈയിലൊതുക്കാന്‍ വേണ്ടിയുള്ള ബില്ലില്‍ സംശയമുണ്ടെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. സംസ്‌ഥാന സര്‍ക്കാരിനെപ്പോലും അറിയിക്കാതെയാണു ഭരണഘടനാവിരുദ്ധമായ ചര്‍ച്ച് ബില്ലുമായി രംഗത്തുവന്നിരിക്കുന്നതെന്ന് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.