News - 2025

ഇറാഖിൽ എഞ്ചിനീയർമാരുടെ ദൗത്യമേറ്റെടുത്തു വൈദികർ

സ്വന്തം ലേഖകന്‍ 30-05-2017 - Tuesday

ബാഗ്ദാദ്: ഇറാഖിലെ നിനവേ താഴ്‌വരയില്‍ ഐഎസ് ആക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ വേറിട്ടസഹായവുമായി വൈദികര്‍ രംഗത്ത്. പ്രദേശത്ത് തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ് സംഘടന രൂപം നല്‍കിയ കമ്മീഷനു കീഴില്‍ വൈദികരാണ് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വമേറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ പൗരോഹിത്യ ശുശ്രുഷകൾക്ക് ഒപ്പം ഭവനങ്ങൾ നിര്‍മ്മിക്കാനാണ് വൈദികരുടെ പദ്ധതി. ആദ്യഘട്ടത്തിൽ അധികം നാശനഷ്ടങ്ങള്‍ ഉണ്ടാവാത്ത വീടുകളുടെ പുനരുദ്ധാരണമാണ് നടത്തുക.

തീവ്രവാദികളുടെ പിടിയില്‍ നിന്ന് ക്വാരഘോഷിനെ മോചിപ്പിച്ചതിനുശേഷം നടന്ന ആക്രമണത്തില്‍ 6000ത്തോളം വീടുകളാണ് തകര്‍ന്നത്. ഈ സമയത്ത് രൂപം കൊടുത്ത സംഘമാണ് വൈദികരുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്.

ആരംഭഘട്ടത്തില്‍ 20 എന്‍ജിനീയര്‍മാരാണ് പ്രവര്‍ത്തിച്ചിരിന്നത്. നിലവില്‍ 40 എഞ്ചിനീയർമാര്‍ സേവനം ചെയ്യുന്നുണ്ടെന്ന് സിറിയന്‍ കത്തോലിക്കാ വൈദികനായ ഫാ. ജോര്‍ജ്ജ്സ് ജഹോള പറയുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായി 2000ത്തോളം ജോലിക്കാരുമുണ്ട്.

രാജ്യത്തു ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിരിന്നു നിനവേ താഴ്‌വര. ശക്തമായ ഐ‌എസ് ആക്രമണം നടന്ന നിനവേയില്‍ നിന്ന്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും പലായനം ചെയ്തിരിന്നു. 2016 നവംബറിൽ നടന്ന സർവേയിൽ മൂന്ന് ശതമാനം ആളുകൾ മാത്രമായിരുന്നു നിനവേയിലേക്ക് മടങ്ങി പോകാൻ തയ്യാറായത്. നിലവിൽ നിനവേയുടെ സ്ഥിതിഗതികൾ അനുകൂലമാണെന്ന്‍ മനസ്സിലാക്കി നൂറുകണക്കിനു ക്രൈസ്തവരാണ് ഇപ്പോള്‍ പ്രദേശത്തേക്ക് മടങ്ങുന്നത്.


Related Articles »