News - 2025

മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ പുറപ്പാട് സംഭവത്തിനു സമാനമായ സാഹചര്യത്തെ നേരിടുന്നു: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ 07-06-2017 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: മദ്ധ്യപൂര്‍വ്വേഷ്യന്‍ മേഖലകളിലെ ക്രിസ്ത്യാനികള്‍ മോശയുടെ കാലത്തെ പുറപ്പാട് സംഭവത്തിനു സമാനമായ സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇന്നലെ (06/062017) മാരിയട്ട് മാര്‍ക്വിസ് ഹോട്ടലില്‍ സംഘടിപ്പിക്കപ്പെട്ട ‘നാഷ്ണല്‍ പ്രെയര്‍ ബ്രേക്ഫാസ്റ്റിനായി’ ഒന്നിച്ചു കൂടിയ ഏതാണ്ട് 1,300-ഓളം വരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍, തങ്ങളുടെ പൗരാണിക ജന്മദേശങ്ങളില്‍ നിന്നും ക്രിസ്ത്യാനികളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന വംശഹത്യകളാണെന്നും, ഇത് അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിന്റെ വക്താക്കള്‍ ക്രിസ്തുവിന്റെ അനുയായികളുടെ നേര്‍ക്ക് ഒരു പ്രത്യേക വെറുപ്പ് തന്നെ വെച്ച്പുലര്‍ത്തുന്നതായി തോന്നുന്നുവെന്നും ഐസിസ് തീവ്രവാദികളേക്കാള്‍ കിരാതന്‍മാരായ ആളുകള്‍ വേറെ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്ധ്യപൂര്‍വ്വേഷ്യന്‍ മേഖലകളില്‍ കഴിഞ്ഞ കുറേ മാസങ്ങളും, ആഴ്ചകളുമായി ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ വലിയ തോതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ഓശാന ഞായറില്‍ ഈജിപ്തിലെ കോപ്റ്റിക് ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളേയും, ഇറാഖിലും സിറിയയിലും ക്രിസ്ത്യന്‍ സമുദായങ്ങള്‍ നേരിട്ട അതിക്രമങ്ങളേയും പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മേഖലകളില്‍ നിന്നും ക്രിസ്ത്യാനികള്‍ വലിയ തോതില്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇറാഖിലെ മൊസൂളില്‍ രണ്ടു സഹസ്രാബ്ദങ്ങളായി നിലനിന്നുവന്നിരുന്ന ക്രിസ്ത്യാന്‍ ആചാരങ്ങള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടക്ക് മധ്യപൂര്‍വ്വേഷ്യന്‍ മേഖലകളില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 80 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. ഇതിനു തീര്‍ച്ചയായും ഒരവസാനം കാണണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഇവാഞ്ചലിക്കല്‍ കുടുംബത്തില്‍ ജനിക്കുകയും ഐറിഷ് കത്തോലിക്കാ കുടുംബത്തില്‍ വളരുകയും ചെയ്ത മൈക്ക് പെന്‍സ് തന്റെ സന്ദേശത്തില്‍ അമേരിക്കക്കാരുടെ ജീവിതത്തില്‍ കത്തോലിക്കാ സഭ നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുവാനും മറന്നില്ല. അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് പ്രസിഡന്റ് ട്രംപിനെ ഒരു മിത്രമായി കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »