News - 2025
പാക്കിസ്ഥാനിന്റെ "ആത്മീയ സൗഖ്യദാതാവ്" ബിഷപ്പ് ആന്‍ഡ്രൂ ഫ്രാന്‍സിസ് ദിവംഗതനായി
സ്വന്തം ലേഖകന്‍ 08-06-2017 - Thursday
മുള്‍ട്ടാന്‍: പാകിസ്ഥാനിലെ "ആത്മീയ സൗഖ്യദാതാവ്" എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ബിഷപ്പ് ആന്‍ഡ്രൂ ഫ്രാന്‍സിസ് (70) ദിവംഗതനായി. രാജ്യത്തെ ക്രൈസ്തവരും മുസ്ലീമുകളും, ഹിന്ദുക്കളും ഒരുപോലെ ആദരിച്ചിരുന്ന ബിഷപ്പ് ജൂണ്‍ 6-നാണ് അന്തരിച്ചത്. മുള്‍ട്ടാന്‍ പ്രവിശ്യയിലെ മുന്‍ മെത്രാനായിരിന്നു.
പാകിസ്ഥാനില്‍ മതസൗഹാര്‍ദ്ദം നിലവില്‍ വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തിയ ബിഷപ്പായിരിന്നു ആന്‍ഡ്രൂ ഫ്രാന്‍സിസ്. ആത്മീയനേതാവും, എഴുത്തുകാരനും, രാഷ്ട്രത്തിനു മുതല്‍ക്കൂട്ടുമായിരുന്ന ബിഷപ്പിന്റെ മരണം മൂലമുള്ള വിടവ്, നികത്തുവാന്‍ കഴിയുകയില്ലെന്ന് നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
1946-ല്‍ പാക്കിസ്ഥാനിലെ അദായില്‍ ജനിച്ച ആന്‍ഡ്രൂ കറാച്ചിയിലെ 'ക്രൈസ്റ്റ് ദി കിംഗ് സെമിനാരി'യിലാണ് തന്റെ വൈദീക പഠനം പൂര്‍ത്തിയാക്കിയത്. തന്റെ 45 വര്‍ഷക്കാലത്തെ പൗരോഹിത്യ ജീവിതം മുഴുവന്‍ പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ട സമുദായങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചത്. 2000 ഫെബ്രുവരിയിലാണ് അദ്ദേഹം മുള്‍ട്ടാനിലെ മെത്രാനായി ഉയര്‍ത്തപ്പെടുന്നത്.
2014-ല്‍ ഉണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന്‍ വീല്‍ ചെയറിലായിരുന്ന ഇദ്ദേഹം അതേവര്‍ഷം തന്നെ 2014-ല്‍ മെത്രാന്‍പദവിയില്‍ നിന്നും രാജിവെച്ചു. 2011 മുതല്‍ 2015 വരെ നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്നു. മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളുടെ പൊന്തിഫിക്കല്‍ കൗണ്‍സിലംഗം, ആരാധനക്രമത്തിലെ ഇംഗ്ലീഷ് ഭാഷക്ക് വേണ്ടിയുള്ള അമേരിക്കന്‍ ഇന്റര്‍നാഷണല്‍ കമ്മീഷനംഗം, പാകിസ്ഥാനിലെ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
സെന്റ് ജോസഫ് മൈനര്‍ സെമിനാരിയും പഞ്ചാബ് പ്രവിശ്യയില്‍ എട്ടോളം സ്കൂളുകളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. മറിയംബാദിലേക്കുള്ള തീര്‍ത്ഥയാത്ര, വിശുദ്ധ അന്തോണീസിന്റെ നൊവേന, രോഗശാന്തി ശുശ്രൂഷകള്‍, ക്രിസ്തുരാജന്റെ പ്രദക്ഷിണം, സ്ത്രീകള്‍ക്ക് മതബോധനം തുടങ്ങിയ ആശയങ്ങള്‍ പാകിസ്ഥാനിലെ കത്തോലിക്കാ സഭയില്‍ നടപ്പിലാക്കിയത് ഇദ്ദേഹമാണ്. 1996-ല്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിന്നും ബിഷപ്പ് ആന്‍ഡ്രൂ ഫ്രാന്‍സിസ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.