News - 2025
കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി സിസ്റ്റര്‍ മേരി ക്രിസോസ്തം അന്തരിച്ചു
സ്വന്തം ലേഖകന്‍ 08-06-2017 - Thursday
കാഞ്ഞിരപ്പള്ളി: കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി സിസ്റ്റര്‍ മേരി ക്രിസോസ്തം എസ്‌എബിഎസ് അന്തരിച്ചു. നൂറ്റിയഞ്ച് വയസ്സായിരിന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പൊന്‍കുന്നം ആരാധനാമഠത്തില്‍ കഴിഞ്ഞിരിന്ന സി. മേരി ക്രിസോസ്തം ഏതാനും ആഴ്ചകളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇന്ന് (ജൂണ്‍ 8) രാവിലെ ആയിരുന്നു അന്ത്യം. നെല്ലയ്ക്കൽ കുടുംബാംഗമാണ്.
1913 ഫെബ്രുവരി ഒന്നാം തിയതിയാണ് മേരി ക്രിസോസ്തം ജനിച്ചത്. ഏഴാംക്ലാസ് വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേരി ക്രിസോസ്തം ഇരുപത് വയസ്സിലാണ് ആരാധനാമഠത്തില്‍ ചേരുന്നത്. അക്കാലത്ത് ചങ്ങനാശ്ശേരി രൂപതയുടെ കീഴിലായിരുന്ന ഇന്നത്തെ ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ രൂപതകളിലെ വിവിധ സന്യാസഭവനങ്ങളില്‍ സി. മേരി ക്രിസോസ്തം സേവനം ചെയ്തിരിന്നു.
കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നാളെ (വെള്ളി) രണ്ടുമണിയോടെ കാഞ്ഞിരപ്പള്ളി ആരാധനാ സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതസംസ്‌കാരശുശ്രൂഷ, ശനിയാഴ്ച (ജൂണ്‍ 10) ഉച്ചയ്ക്ക് 12ന് പൊന്‍കുന്നം ദേവാലയത്തില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കുക.